Sanju Samson: അവസരം കൊടുത്തില്ലെന്ന് ഇനി പറയാനാകുമോ? എല്ലാം കളഞ്ഞുകുളിച്ച് സഞ്ജു സാംസണ്‍
Sanju Samson spoils opportunities: സുവര്‍ണാവസരങ്ങള്‍ സഞ്ജു സാംസണ്‍ നഷ്ടപ്പെടുന്നതില്‍ ആരാധകര്‍ അതൃപ്തിയില്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ഏക ബാറ്റര്‍ സഞ്ജുവാണ്.
കിട്ടിയ സുവര്‍ണാവസരങ്ങള്‍ സഞ്ജു സാംസണ്‍ നഷ്ടപ്പെടുന്നതില്‍ ആരാധകര്‍ അതൃപ്തിയില്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ ഏക ബാറ്റര്‍ സഞ്ജുവാണ്. ആദ്യ മത്സരത്തില്‍ നിറംമങ്ങിയ ഇഷാന്‍ കിഷന്‍ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. രണ്ടാം ടി20യില്‍ സഞ്ജുവിനൊപ്പം മോശം പ്രകടനം കാഴ്ചവച്ച അഭിഷേക് ശര്‍മയാകട്ടെ, ആദ്യ മത്സരത്തില്‍ 35 പന്തില്‍ 84 റണ്‍സെടുത്തിരുന്നു.
രണ്ട് മത്സരങ്ങളിലൂം കൂടി സഞ്ജു നേടിയത് 16 റണ്‍സ് മാത്രം. മികച്ച തുടക്കം ലഭിച്ചതിനു ശേഷമാണ് അനാവശ്യ ഷോട്ടുകളിലൂടെ സഞ്ജു പുറത്താകുന്നത്. 2024 ന് ശേഷം ഓപ്പണര്‍ റോളില്‍ ഒരു അര്‍ധ സെഞ്ചുറി പോലും നേടാന്‍ സഞ്ജുവിനായിട്ടില്ല.
ശുഭ്മാന്‍ ഗില്ലിന്റെ സാന്നിധ്യം മൂലം പല മത്സരങ്ങളിലും സഞ്ജുവിന് മധ്യനിരയില്‍ കളിക്കേണ്ടി വന്നെങ്കിലും, 2025 മുതല്‍ ഇതുവരെ ഓപ്പണറായി താരം കുറഞ്ഞത് എട്ട് മത്സരമെങ്കിലും കളിച്ചിട്ടുണ്ട്. എന്നാല്‍ നിരാശജനകമായിരുന്നു പ്രകടനം. ഇതോടെ ടി20 ലോകകപ്പിലെ ഓപ്പണിങ് സ്ലോട്ടും തുലാസിലായിരിക്കുകയാണ്.
Also Read: Sanju Samson: തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജുവിന് പരാജയം; ലോകകപ്പ് ടീമിലേക്ക് കിഷൻ എത്തുമോ?
കീവിസിനെതിരായ പരമ്പരയില്‍ സഞ്ജു മോശം പ്രകടനം തുടര്‍ന്നാല്‍, ടി20 ലോകകപ്പില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇഷാന്‍ കിഷന്‍ ഓപ്പണറാകാന്‍ സാധ്യത കൂടുതലാണ്. പരിക്ക് മാറി തിലക് വര്‍മയെത്തുമ്പോള്‍ താരത്തെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ടീം മാനേജ്‌മെന്റിനാകില്ല. ഇഷാന്‍ കിഷന്‍ ഫോം തുടര്‍ന്നാല്‍ അദ്ദേഹത്തെ ഒഴിവാക്കാനുമാകില്ല. ഈ സാഹചര്യത്തില്‍ ഇഷാനെ ഓപ്പണറാക്കി സഞ്ജുവിനെ ഒഴിവാക്കുകയാകും മാനേജ്‌മെന്റിന് മുന്നിലുള്ള ഏക പോംവഴി.
ഈ സാധ്യതകള്‍ ഒഴിവാക്കാന്‍ ന്യൂസിലന്‍ഡിനെതിരെ നാളെ നടക്കുന്ന മൂന്നാം ടി20യില്‍ മികച്ച പ്രകടനം സഞ്ജു പുറത്തെടുത്തേ മതിയാകൂ. ആദ്യ രണ്ട് ടി20യിലും നിരാശപ്പെടുത്തിയെങ്കിലും മൂന്നാം മത്സരത്തില്‍ സഞ്ജുവിനെ പ്ലേയിങ് ഇലവനില്‍ നിന്നു ഒഴിവാക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയാല്‍, പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും താരത്തിന് പുറത്തിരിക്കേണ്ടി വന്നേക്കാം.
പരമ്പരയിലെ അവസാന മത്സരം തിരുവനന്തപുരത്താണ്. സ്വന്തം മണ്ണില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കാനുള്ള സുവര്‍ണാവസരവും സഞ്ജുവിന് നഷ്ടപ്പെടുമോയെന്നാണ് ആരാധകരുടെ ആശങ്ക. നിലവില്‍ അഞ്ചാം ടി20യുടെ ടിക്കറ്റ് വില്‍പന മികച്ച നിലയില്‍ പുരോഗമിക്കുകയാണ്. ‘സഞ്ജു ഫാക്ടര്‍’ ആണ് അതിന് കാരണം. ഗുവാഹത്തിയില്‍ നടക്കുന്ന മൂന്നാം ടി20യില്‍ സഞ്ജു ഫോമിലേക്ക് തിരികെയെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.