Robotic Eye Surgeries: ആരും കാണാത്തത് കാണും, കണ്ണിനെ പൊന്നുപോലെ നോക്കി ശസ്ത്രക്രിയ ചെയ്യും ഈ റോബോട്ടുകൾ
Robotic System For Delicate Eye Surgeries: കഴിഞ്ഞ നവംബറിൽ, ചൈനയിലെ ഗുവാങ്‌ഷൂവിലുള്ള ഡോക്ടർമാർ 4,000 കിലോമീറ്റർ അകലെയുള്ള ഉറുമ്‌കിയിലെ ഒരു രോഗിക്ക് 5G സാങ്കേതികവിദ്യ ഉപയോഗിച്ച് റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി നടത്തിയിരുന്നു.
ബെയ്ജിങ്: മനുഷ്യന്റെ കണ്ണിലെ അതീവ സൂക്ഷ്മമായ ഭാഗങ്ങളിൽപ്പോലും കുത്തിവെപ്പുകളും ശസ്ത്രക്രിയകളും നടത്താൻ ശേഷിയുള്ള ഓട്ടോണമസ് റോബോട്ടിക് സംവിധാനം ചൈനീസ് ഗവേഷകർ വികസിപ്പിച്ചു. ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓട്ടോമേഷനിലെ ഒരു സംഘം ഗവേഷകരാണ് ഈ അത്ഭുത നേട്ടത്തിന് പിന്നിൽ. ഇത് സംബന്ധിച്ച് മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങളിൽ സബ്‌റെറ്റിനൽ, ഇൻട്രാവാസ്കുലർ കുത്തിവെപ്പുകൾ നൂറു ശതമാനം വിജയകരമായി പൂർത്തിയാക്കാൻ ഈ റോബോട്ടിന് സാധിച്ചു.
സാധാരണ മനുഷ്യർ ചെയ്യുന്ന ശസ്ത്രക്രിയയെ അപേക്ഷിച്ച് പിഴവുകൾ 80 ശതമാനത്തോളം കുറയ്ക്കാൻ ഈ സംവിധാനത്തിന് കഴിയും. ത്രീഡി (3D) പെർസെപ്ഷൻ, പ്രിസിഷൻ പൊസിഷനിംഗ് തുടങ്ങിയ അത്യാധുനിക അൽഗോരിതങ്ങൾ ഉപയോഗിച്ചാണ് റോബോട്ടിക് കൈകളെ നിയന്ത്രിക്കുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലാത്ത ഉൾനാടൻ പ്രദേശങ്ങളിലും വിദൂര സ്ഥലങ്ങളിലും സങ്കീർണ്ണമായ നേത്ര ശസ്ത്രക്രിയകൾ നടത്താൻ ഈ സാങ്കേതികവിദ്യ സഹായകമാകും.
കഴിഞ്ഞ നവംബറിൽ, ചൈനയിലെ ഗുവാങ്‌ഷൂവിലുള്ള ഡോക്ടർമാർ 4,000 കിലോമീറ്റർ അകലെയുള്ള ഉറുമ്‌കിയിലെ ഒരു രോഗിക്ക് 5G സാങ്കേതികവിദ്യ ഉപയോഗിച്ച് റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി നടത്തിയിരുന്നു. ഏഴ് മിനിറ്റിനുള്ളിൽ പൂർത്തിയായ ഈ ശസ്ത്രക്രിയ മെഡിക്കൽ രംഗത്തെ വലിയൊരു കുതിച്ചുചാട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഭാവിയിൽ ശസ്ത്രക്രിയാ വിദഗ്ധരുടെ പരിശീലന കാലാവധി കുറയ്ക്കാനും രോഗികളുടെ സുരക്ഷ വർദ്ധിപ്പിക്കാനും ഈ റോബോട്ടിക് വിദ്യ ഉപകരിക്കുമെന്ന് ശാസ്ത്രലോകം കരുതുന്നു.