ദിവസവും ഒരേ ഭക്ഷണം തന്നെ കഴിച്ചാൽ എന്ത് സംഭവിക്കും? ഗുണങ്ങളും ദോഷങ്ങളും അറിയാം!
The Pros and Cons of Meal Repetition: What Happens to Your Body?: മനുഷ്യ ശരീരത്തിന് ഏകദേശം 30-ഓളം അത്യാവശ്യ സൂക്ഷ്മ മൈക്രോ ന്യൂട്രിയൻസ് ആവശ്യമാണ്. ഒരേ ഭക്ഷണം തന്നെ എന്നും കഴിക്കുമ്പോൾ ഇവയെല്ലാം ശരീരത്തിന് ലഭിക്കാതെ വരും. ഇത് പ്രതിരോധശേഷി കുറയ്ക്കാനും എപ്പോഴും ക്ഷീണം തോന്നാനും കാരണമാകും.
തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പലർക്കും ദിവസവും പുതിയ വിഭവങ്ങൾ ഉണ്ടാക്കാൻ സമയം ലഭിക്കാറില്ല. അതുകൊണ്ട് തന്നെ പ്രഭാതഭക്ഷണമായാലും ഉച്ചയ്ക്കുള്ള ചോറായാലും മിക്കവാറും ദിവസങ്ങളിൽ ഒരേ വിഭവങ്ങൾ തന്നെ കഴിക്കുന്നവരാണ് നമ്മളിൽ പലരും. ജിം ഡയറ്റ് പിന്തുടരുന്നവരാണെങ്കിൽ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരേ ഭക്ഷണം തന്നെയാവും അവരും ദിവസവും കഴിക്കുന്നത്. ഇത് സമയം ലാഭിക്കാൻ സഹായിക്കുമെങ്കിലും, ആരോഗ്യത്തിൻ്റെ കാര്യത്തിൽ ഇതിന് ഗുണങ്ങൾക്കൊപ്പം ചില ദോഷങ്ങളുമുണ്ട്.
ഒരേ ഭക്ഷണം തന്നെ ആവർത്തിച്ച് കഴിക്കുന്നതിൻ്റെ ഏറ്റവും വലിയ ഗുണം സൗകര്യം തന്നെയാണ്. ദിവസവും എന്ത് പാകം ചെയ്യണം എന്ന ആശയക്കുഴപ്പവും മാനസിക ബുദ്ധിമുട്ടും ഒഴിവാക്കാം. കൃത്യമായ അളവിൽ കലോറി നിലനിർത്താനും ഫിറ്റ്നസ് ശ്രദ്ധിക്കാനും ആഗ്രഹിക്കുന്നവർക്ക് ഡയറ്റ് കൃത്യമായി പാലിക്കാൻ ഇത് ഏറെ നല്ലതാണ്. ഒപ്പം പണം ലാഭിക്കാനും ഈ ശീലം സഹായിക്കും. എന്നാൽ ഇതിന് ചില ദോഷവശങ്ങളും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ കുറവാണ്.
മനുഷ്യ ശരീരത്തിന് ഏകദേശം 30-ഓളം അത്യാവശ്യ സൂക്ഷ്മ മൈക്രോ ന്യൂട്രിയൻസ് ആവശ്യമാണ്. ഒരേ ഭക്ഷണം തന്നെ എന്നും കഴിക്കുമ്പോൾ ഇവയെല്ലാം ശരീരത്തിന് ലഭിക്കാതെ വരും. ഇത് പ്രതിരോധശേഷി കുറയ്ക്കാനും എപ്പോഴും ക്ഷീണം തോന്നാനും കാരണമാകും. മറ്റൊന്ന് നമ്മുടെ ആമാശയത്തിൻ്റെ ആരോഗ്യത്തെ ഇത് സാരമായി ബാധിക്കും എന്നതാണ്. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് വിവിധ തരം, പച്ചക്കറികൾ, ഫൈബർ എന്നിവ അടങ്ങിയ വൈവിധ്യമാർന്ന ഭക്ഷണം ആവശ്യമാണ്.
പരിഹാരം എന്ത്?
നിങ്ങളുടെ മെനു പൂർണ്ണമായും മാറ്റേണ്ടതില്ല അടിസ്ഥാന ഭക്ഷണം മാറ്റാതെ അതിലെ കറികളും മറ്റും ദിവസവും മാറ്റുക എന്നതാണ് ഇതിനൊരു മികച്ച പരിഹാരം. ഉദാഹരണത്തിന്, എന്നും ചോറാണ് കഴിക്കുന്നതെങ്കിൽ ഒപ്പം കഴിക്കുന്ന പച്ചക്കറികൾ, തോരൻ, മെഴുക്കുപുരട്ടി എന്നിവ ദിവസവും മാറ്റാം. അന്നജത്തിനായി ചോറിന് പുറമെ ഓട്സ്, മധുരക്കിഴങ്ങ് എന്നിവ ഉപയോഗിക്കാം. അതുപോലെ പ്രോട്ടീൻ ലഭിക്കാൻ മത്സ്യം, ഇറച്ചി, മുട്ട, പയർ വർഗ്ഗങ്ങൾ എന്നിവ മാറിമാറി ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ആഴ്ചയിൽ അഞ്ചോ ആറോ വ്യത്യസ്ത രീതിയിലുള്ള വിഭവങ്ങൾ ഒരു റൊട്ടീനാക്കി മാറ്റിയാൽ സമയം ലാഭിക്കുന്നതിനൊപ്പം ആരോഗ്യവും സംരക്ഷിക്കാം.
English Summary
Eating the same meals daily saves time but can cause nutrient gaps and harm gut health. Experts recommend rotating vegetables and proteins to maintain a diverse, healthy microbiome.