Milky Mist: 16-കാരന്റെ തന്ത്രം, ഇന്ന് 2000 കോടിയിലേറെ വരുമാനം; മിൽക്കി മിസ്റ്റ് വിജയകഥ
Milky Mist Success Story: പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ദൃഢനിശ്ചയത്തോടെ പരിശ്രമിച്ചാൽ ഏതൊരു സാധാരണക്കാരനും ബിസിനസ് ലോകത്ത് വിപ്ലവം സൃഷ്ടിക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണ് 'മിൽക്കി മിസ്റ്റ്' (Milky Mist). 16-ാം വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന ടി. സതീഷ് കുമാർ എന്ന സംരംഭകൻ കെട്ടിപ്പടുത്ത ഈ ബ്രാൻഡ് ഇന്ന് ഇന്ത്യയിലെ മുൻനിര ഡയറി ഉൽപ്പാദകരിൽ ഒന്നാണ്. മിൽക്കി മിസ്റ്റ് ചവിട്ടിക്കയറിയ ആ ജീവിതപടികളെ അറിഞ്ഞാലോ...
ഇന്ന് വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന ഓരോ വ്യക്തിക്കും പറയാൻ ഒരു കഥയുണ്ടാകും, പരാജയത്തിന്റെ, അവഗണനയുടെ, കഷ്ടപാടിന്റെ ജീവിത കഥ… പരാജയങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ദൃഢനിശ്ചയത്തോടെ പരിശ്രമിച്ചാൽ ഏതൊരു സാധാരണക്കാരനും ബിസിനസ് ലോകത്ത് വിപ്ലവം സൃഷ്ടിക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണ് ‘മിൽക്കി മിസ്റ്റ്’ (Milky Mist). 16-ാം വയസ്സിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന ടി. സതീഷ് കുമാർ എന്ന സംരംഭകൻ കെട്ടിപ്പടുത്ത ഈ ബ്രാൻഡ് ഇന്ന് ഇന്ത്യയിലെ മുൻനിര ഡയറി ഉൽപ്പാദകരിൽ ഒന്നാണ്. മിൽക്കി മിസ്റ്റ് ചവിട്ടിക്കയറിയ ആ ജീവിതപടികളെ അറിഞ്ഞാലോ…
മിൽക്കി മിസ്റ്റിന്റെ പിറവി
പൂട്ടിപ്പോയ ബിസിനസിൽ നിന്നാണ് മിൽക്കി മിസ്റ്റിന്റെ പിറവി. പാൽ വിൽക്കാതെ കഴിഞ്ഞവർഷങ്ങളിൽ 2000 കോടിയിലേറെ രൂപയുടെ വരുമാനമാണ് ഈ ഡയറി ബ്രാൻഡ് നേടിയത്. തമിഴ്നാട് ഈറോഡിൽ നിന്ന് തുടങ്ങി ബിസിനസ് ഇന്ന് സിംഗപ്പൂരും അമേരിക്കയും വരെ എത്തിനിൽക്കുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. അമുൽ, നന്ദിനി തുടങ്ങി നിരവധി ബ്രാൻഡുകൾ കൊമ്പുകോർക്കുന്ന രാജ്യത്തെ ഡയറി ഇൻഡസ്ട്രി ഏകദേശം 15 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ഉണ്ടാക്കുന്നത്. എന്നാൽ ഇവയിൽ പലതും കോഓപ്പറേറ്റീവ് കമ്പനികളാണ്. ഇവിടെയാണ് മിൽക്കി മിസ്റ്റ് വ്യത്യസ്തനാകുന്നത്. ഡയറി രംഗത്ത് വിജയഗാഥ രചിച്ച സ്വകാര്യ കമ്പനിയാണ് മിൽക്കി മിസ്സ് അതും പാൽ വിൽക്കാതെ.
എട്ടാം ക്ലാസോടെ പഠനം നിർത്തിയ പതിനാറുകാരൻ
1992 -ൽ തമിഴ്നാട്ടിലെ ഒരു 16 കാരൻ എട്ടാം ക്ലാസോടെ പഠനം നിർത്തി. അയാളാണ് മിൽക്കിമിസ്റ്റിന്റെ കപ്പിത്താൻ, ടി സതീഷ് കുമാർ. സതീശിന്റെ കുടുംബത്തിന് ഒരു ചെറിയ ബിസിനസ് ഉണ്ടായിരുന്നു. അടുത്ത പ്രദേശങ്ങളിൽ നിന്ന് പാൽ ശേഖരിച്ച് അത് തണുപ്പിച്ച് ബംഗളൂരുവിലേക്ക് കയറ്റിവിടുക, ഇതായിരുന്നു ആ ബിസിനസ്. പക്ഷേ അത് നഷ്ടത്തിലാവുകയും പൂട്ടിപ്പോവുകയും ചെയ്തു. അതിൽ നിന്ന് ചില പാഠങ്ങൾ സതീഷ് പഠിച്ചു. ഡയറി ബിസിനസ് രംഗത്ത് പാലിന് വലിയ വില ഈടാക്കാൻ പറ്റില്ല. ലാഭം കുറവായിരിക്കും. പാലിന്റെ ഷെൽഫ് ലൈഫ് ആണ് ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. കേടാകാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത് ബുദ്ധിമുട്ടാണ്.
ALSO READ: വാഹന വിപണിയിലെ കൊമ്പൻ! ഭ്രാന്തൻ ചിന്തകളല്ല; ഇത് മസ്കിന്റെ ‘ടെസ്‌ല’വിജയം
പാലുമായി ബംഗളൂരുവിലേക്ക് പലപ്പോഴും സതീശും പോയിരുന്നു. അപ്പോൾ ഒരു കാര്യം സതീശിന്റെ മനസ്സിൽ കയറികൂടി, പാൽ സപ്ലൈ ചെയ്യുന്നതിൽ ഒരു ടീം പാൽ പാലായി തന്നെ വിൽക്കുന്നില്ല. പകരം അത് പനീർ ആക്കി ഹോട്ടലുകൾക്ക് വിൽക്കുന്നു. പാലിനേക്കാൾ ഉയർന്ന വിലയിലാണ് പനീർ വിൽക്കുന്നത്. ഈ ആശയം സതീഷിന് ഇഷ്ടമായി.
10 കിലോ പനീറിൽ തുടക്കം
1994ൽ ബംഗളൂരുവിലേക്ക് പാലുമായല്ല, പകരം 10 കിലോ പനീറുമായാണ് സതീഷ് പോയത്. പതിയെ പതിയെ പന്നീർ ബിസിനസ് ഹിറ്റ് ആയി. 1995ൽ 50 മുതൽ 100 കിലോ പന്നീർ പ്രതിദിനം വിൽക്കാൻ തുടങ്ങി. 1999 ഫെബ്രുവരി ഒന്നിന് എംഎംഡി ഡയറി എന്ന പേരിൽ കമ്പനി രൂപീകരിച്ചു. പനീർ ബിസിനസ് പച്ച പിടിക്കാൻ തുടങ്ങിയപ്പോൾ പാൽ ഉൽപന്നങ്ങളിലേക്ക് ശ്രദ്ധയൂന്നി. തൈര്, വെണ്ണ, നെയ്യ് തുടങ്ങിയവയുടെ പ്രൊഡക്ഷൻ തുടങ്ങി.
പാൽ വിൽപന വേണ്ട എന്ന് വെച്ചതും പകരം പാലിന്റെ വാല്യൂ ആഡഡ് പ്രോഡക്റ്ുകളിലേക്ക് ശ്രദ്ധ ഊന്നിയതും മിൽക്കി മിസ്റ്റിന് ഗുണകരമായി. ഈ രംഗത്ത് പാൽ വിൽപനയെക്കാൾ എതിരാളികൾ കുറവാണ്. പാൽ കേടാകാതെ സൂക്ഷിക്കുന്നത് വളരെ വലിയൊരു ടാസ്ക് ആണ്. പക്ഷേ ഈ വാല്യൂ ആഡഡ് പ്രോഡക്റ്ുകളിലേക്ക് മാറിയാൽ ആ പ്രശ്നമില്ല.
കോൾഡ് സ്റ്റോറേജ് സപ്ലൈ ചെയിൻ സംവിധാനമാണ് മറ്റൊരു ഘടകം. ഫാക്ടറികളിൽ നിന്ന് കടകളിൽ എത്തും വരെ ഉൽപന്നങ്ങൾ കോൾഡ് ചെയിൻ മുറിയാതെ ടെമ്പറേച്ചർ ഉറപ്പാക്കി എത്തിക്കാനായി ഇവർ സ്വന്തമായി ടാങ്കറുകളും ട്രക്കുകളും വാങ്ങി. 2025ലെ കണക്കുവെച്ച് 44 മിൽക്ക് ടാങ്കറുകളും 300റഓളം ട്രക്കുകളും മിൽക്കി മിസ്റ്റിനുണ്ട്. മറ്റു കമ്പനികൾ പലയിടത്തായി ഫാക്ടറികൾ തുറന്ന് കോടികൾ ചെലവാക്കുമ്പോൾ മിൽക്കിമിസ്റ്റ് തമിഴ്നാട്ടിലെ ഈറോഡിലുള്ള ഒരൊറ്റ മെഗാ ഫാക്ടറിയിൽ നിന്നാണ് ഈ വിപ്ലവം സൃഷ്ടിക്കുന്നത്.
കോടികളുടെ വരുമാനം
2023ൽ വരുമാനം 1394 കോടി രൂപ ആയിരുന്നു. 2024ൽ 1821 കോടിയും 2025ൽ മിൽക്കി മിസ്റ്റിന്റെ റെവന്യൂ 2349 കോടി രൂപയാണ്. ഇതിൽ പനീർ വിറ്റ് മാത്രം നേടിയത് 693.6 കോടി. മൊത്തം വരുമാനത്തിന്റെ ഏകദേശം 29.52ശതമാനം. ഒരു കൊച്ചു പനീർ നിർമ്മാണ യൂണിറ്റിൽ നിന്ന് തുടങ്ങി ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ഡയറി ബ്രാൻഡായി മാറിയ മിൽക്കി മിസ്റ്റിന്റെ യാത്ര ഏതൊരു തുടക്കക്കാരനായ സംരംഭകനും വലിയ പ്രചോദനമാണ്.
English Summary:
Milky Mist founder T. Sathish Kumar built a successful dairy business from humble beginnings, starting with just 10 kg of paneer. Through hard work, determination, and a focus on quality, he gradually expanded the business into a major dairy brand offering a wide range of products, including paneer, cheese, curd, yoghurt, and other dairy items.