Christmas 2025 Special Food Recipe: ചിക്കന്‍ അല്‍പം മുറ്റാ…ഏയ് അല്ല ഇതൊന്ന് കഴിച്ചുനോക്കൂ
Christmas 2025 Chicken Curry Recipe: ചിക്കനും ബീഫും പോര്‍ക്കുമൊന്നുമില്ലാതെ ക്രിസ്മസ് ആഘോഷിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ എല്ലാ വീടുകളിലും ഒരുപോലെ കറികള്‍ വെച്ചാല്‍ അതിലൊരു ത്രില്ലില്ലാ അല്ലേ?

പ്രതീകാത്മക ചിത്രം
പാചക പരീക്ഷണങ്ങള്‍ ഒരുപാട് നടത്താന്‍ മലയാളികള്‍ക്ക് ലഭിക്കുന്ന അവസരം കൂടിയാണ് ക്രിസ്മസ് ആഘോഷങ്ങള്‍. വിരുന്നുകാരെയും വീട്ടുകാരെയും സല്‍ക്കരിക്കാന്‍ ഒട്ടനവധി വിഭവങ്ങളാണ് ഈ ദിനത്തില്‍ തീന്മേശയിലേക്ക് എത്തുന്നത്. ചിക്കനും ബീഫും പോര്‍ക്കുമൊന്നുമില്ലാതെ ക്രിസ്മസ് ആഘോഷിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ എല്ലാ വീടുകളിലും ഒരുപോലെ കറികള്‍ വെച്ചാല്‍ അതിലൊരു ത്രില്ലില്ലാ അല്ലേ?
ഇത്തവണത്തെ ക്രിസ്മസിന് അതിഥികള്‍ക്കായി സ്‌പെഷ്യലായൊരു ചിക്കന്‍ കറി തയാറാക്കാം. റെസിപ്പ് താഴെ കൊടുത്തിരിക്കുന്നു.
ചേരുവകള്‍
- ചിക്കന്‍- 500 ഗ്രാം
- സവാള- 4 എണ്ണം
- തക്കാളി- 1
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 1 ടേബിള്‍ സ്പൂണ്‍
- പച്ചമുളക്- 4 എണ്ണം
- മുളകുപൊടി- ഒന്നര ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പൊടി- ഒന്നേകാല്‍ ടീസ്പൂണ്‍
- മല്ലിപ്പൊടി- 1 ടീസ്പൂണ്‍
- ഗരം മസാല- 1 ടീസ്പൂണ്‍
- കുരുമുളക് പൊടി- അര ടീസ്പൂണ്‍
- വെളിച്ചെണ്ണ
- ഉപ്പ്
- കറിവേപ്പില
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ ചിക്കനിലേക്ക് മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ഇട്ട് നന്നായി യോജിപ്പിച്ച് 15 മിനിറ്റ് മാറ്റിവെക്കുക. ശേഷം പാത്രമെടുത്ത് വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പിലയും സവാളയും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കാം. സവാള ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും ചേര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം തക്കാളി ഇട്ട് കൊടുക്കാം.
ഇവ നന്നായി വഴറ്റിയതിന് ശേഷം ഇതിലേക്ക് പൊടികള്‍ ചേര്‍ക്കണം, അവയുടെ പച്ചമണം മാറിയതിന് ശേഷം മസാല പുരട്ടിയ ചിക്കന്‍ ഇട്ടുകൊടുത്ത് അടച്ചുവെച്ച് വേവിക്കാം. വെള്ളം ഒഴിക്കണമെന്നില്ല. ചിക്കനില്‍ നിന്നുമിറങ്ങിയ വെള്ളം വറ്റി വരുമ്പോള്‍ ഗരം മസാലയും കുരുമുളക് പൊടിയും ചേര്‍ക്കാം. അതിലേക്ക് കുറച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും വിതറി വാങ്ങിവെക്കാവുന്നതാണ്.