History Of Pani Puri: കുന്തി ദേവി മരുമകൾക്ക് നൽകിയ ‘എട്ടിന്റെ പണി’: അതിഥിത്തൊഴിലാളികളോടൊപ്പം കേരളത്തിലേക്ക് എത്തിയ പാനിപൂരിക്ക് പറയാനുള്ളത് നൂറ്റാണ്ടുകളുടെ കഥ
History of Pani Puri: മഹാഭാരതത്തിൽ പാനിപൂരിയെ കുറിച്ച് പറയുന്നുണ്ട്. കുന്തി ദേവി മരുമകൾ ദ്രൗപദിക്ക് കൊടുത്ത 'പണിയാണ് ’ഇതെന്നാണ് ഒരു കഥ. രാജ്യവും അധികാരവും നഷ്ടപ്പെട്ട് പാണ്ഡവന്മാർ വനവാസത്തിന് പോയ സമയത്താണ് കഥ നടക്കുന്നത്.

History Of Pani Puri
വ്യത്യസ്ത രുചി വൈവിധ്യങ്ങൾ നിറഞ്ഞ നാടാണ് ഇന്ത്യ. ഓരോ നാടിന്റെയും പേരും പ്രശസ്തിയും വിളിച്ചോതുന്നതാണ് മിക്ക വിഭവങ്ങളുടെയും രുചി. അതുകൊണ്ട് തന്നെ ഓരോ സംസ്ഥാനങ്ങളും പിൻതുടർന്നുവരുന്ന ഭക്ഷണ സംസ്കാരങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാൽ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ നാടും നഗരവും കടന്ന് രാജ്യം ഒട്ടാകെ വ്യാപിക്കും. അത്തരത്തിലുള്ള ഒരു ഭക്ഷണ വിഭവമാണ് പാനിപൂരി.
ഒരുകാലത്ത് മലയാളികൾക്ക് അത്ര പരിചയമില്ലാതിരുന്ന ഈ വിഭവം ഇന്ന് കേരളത്തിലും വ്യാപകമായി ലഭ്യമാണ്. അതിഥിത്തൊഴിലാളികളോടൊപ്പം കേരളത്തിലേക്ക് എത്തിയ പാനിപൂരിക്ക് ഇന്ന് ആരാധകർ ഏറെയാണ്. എടുത്ത് പറയേണ്ട കാര്യം, ഇതിൽ കൂടുതലും യുവാക്കളാണ്. ഉത്തരേന്ത്യൻ തെരുവുകളിലെ ഈ പ്രിയഭക്ഷണം പിന്നീട് രാജ്യവും കടന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്ന കാഴ്ചയാണ് കണ്ടത്.
ഒരു ചെറിയ പൂരിയുടെ ഉള്ളിൽ പയർ, ഉരുളക്കിഴങ്ങ് എന്നിവ നിറച്ച് പുളിയുള്ള വെള്ളത്തോടെ കഴിക്കുന്ന ഒന്നാണ് ഇത് . എന്നാൽ, ഈ രുചികരമായ വിഭവത്തിന്റെ ചരിത്രം എവിടെ നിന്ന് ആരംഭിച്ചത് എന്ന് എപ്പോഴേങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്ങനെയാണ് ഇത് ഇന്ത്യയുടെ ഭാഗമായത് എന്ന് ആലോചിച്ചിട്ടുണ്ടോ?.
എന്നാൽ നൂറ്റാണ്ടുകളുടെ കഥയാണ് ഇതിനു പറയാനുള്ളത്. ഉത്ഭവം കൃത്യമായി പറയാൻ പ്രയാസമാണെങ്കിലും ഇത് ഉത്തരേന്ത്യയിൽ നിന്നാണ് ഉത്ഭവിച്ചതെന്നാണ് വിശ്വാസം. മഗധ സാമ്രാജ്യകാലത്ത് തന്നെ പാനിപുരി പോലുള്ള വിഭവങ്ങൾ ഉണ്ടായിരുന്നുവെന്ന് ചില ചരിത്രകാരന്മാർ വാദിക്കുന്നു. എന്നാൽ, പാനിപുരി ഇന്നത്തെ രൂപത്തിൽ പ്രചാരത്തിലായത് 19-ാം നൂറ്റാണ്ടിലാണ്. ബ്രിട്ടീഷ് കാലഘട്ടത്തിലാണ് ഉത്തർപ്രദേശിലെ ആഗ്രയിലും മഥുരയിലും പാനിപുരി വിൽപ്പന തുടങ്ങിയത്. പലയിടത്തും പല പേരുകളിലാണ് ഇത് അറിയപ്പെട്ടത്.
മഹാഭാരതത്തിൽ പാനിപൂരിയെ കുറിച്ച് പറയുന്നുണ്ട്. കുന്തി ദേവി മരുമകൾ ദ്രൗപദിക്ക് കൊടുത്ത ‘പണിയാണ് ’ഇതെന്നാണ് ഒരു കഥ. രാജ്യവും അധികാരവും നഷ്ടപ്പെട്ട് പാണ്ഡവന്മാർ വനവാസത്തിന് പോയ സമയത്താണ് കഥ നടക്കുന്നത്. പുതിയ മരുമകൾ കുടുംബത്തിന് അനുയോജ്യയാണോ എന്ന് പരിശോധിക്കാൻ പരിമിതമായ സാഹചര്യങ്ങളിൽ ജീവിക്കാൻ കഴിയുമോ എന്ന് അറിയാൻ വേണ്ടിയായിരുന്നു പരീക്ഷണം. കുറച്ച് ഗോതമ്പ് മാവും പച്ചക്കറികളും മാത്രം ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കാൻ വേണ്ടിയാണ് കുന്തി ദേവി ദ്രൗപദിയോട് പറഞ്ഞത്. ഇത് കേട്ട ദ്രൗപതി ഈ സാധനങ്ങൾ മാത്രമുപയോഗിച്ച് തയ്യാറാക്കിയ പലഹാരമാണ് പാനിപൂരിയെന്നാണ് ഐതീഹ്യം.