Manjali Biriyani Recipe: വയറും മനസ്സും നിറയ്ക്കുന്ന മാഞ്ഞാലിക്കാരുടെ സ്വന്തം ബിരിയാണി തയ്യാറാക്കാം
Manjali Biriyani Malayalam Recipe:പതിവ് ബിരിയാണി കൂട്ടുകളിൽ നിന്ന് അൽപം വ്യത്യസ്തമാണ് മാഞ്ഞാലി ബിരിയാണി. അരിയും ഇറച്ചി മസാലയും രണ്ടായിട്ടാണ് തയാറാക്കുന്നതും വിളമ്പുന്നതും.
ഭക്ഷണപ്രിയരുടെ വയറും മനസ്സും നിറയ്ക്കുന്ന ഒരിടമാണ് എറണാകുളം ജില്ലയിലെ മാഞ്ഞാലി ഗ്രാമം. വായിൽ മധുരോത്സവം തീർക്കുന്ന ഹൽവയും നാവിൽ കൊതിയൂറുന്ന ബിരിയാണിയും മാഞ്ഞാലിക്കാരുടെ സ്വന്തമാണ്. ഇത് രണ്ടുമാകണം മാഞ്ഞാലി എന്ന കൊച്ചുഗ്രാമത്തെ ഭക്ഷ്യപ്രേമികളുടെ പ്രിയ ഇടമാക്കി മാറ്റിയത്.
പതിവ് ബിരിയാണി കൂട്ടുകളിൽ നിന്ന് അൽപം വ്യത്യസ്തമാണ് മാഞ്ഞാലി ബിരിയാണി. അരിയും ഇറച്ചി മസാലയും രണ്ടായിട്ടാണ് തയാറാക്കുന്നതും വിളമ്പുന്നതും. ബിരിയാണി വിളമ്പുന്ന സമയത്ത് പ്ലേറ്റിൽ ആദ്യം ഇറച്ചി മസാല വച്ചതിനു ശേഷം അതിനു മുകളിൽ അരി വിളമ്പുകയോ അല്ലെങ്കിൽ അരി ആദ്യം വിളമ്പി ഇതിനു സമീപമായി ഇറച്ചി മസാല വിളമ്പുകയോ ആണ് പതിവ്. മാഞ്ഞാലി ബിരിയാണിയിൽ തൈരും പുതിനയും ചേർക്കാറില്ല. മറ്റു ബിരിയാണി മസാലകളിൽ എരിവിന് പച്ചമുളക് ചേർക്കുമ്പോൾ മാഞ്ഞാലി ബിരിയാണിയിൽ മുളകുപൊടിയാണ് പ്രധാനി.
ചേരുവകൾ
ചിക്കൻ മസാല
ചിക്കൻ ,മുളകുപൊടി,മഞ്ഞൾപ്പൊടി,ഗരം മസാല ,മല്ലിപ്പൊടി,സവാള,തക്കാളി,ഇഞ്ചി–വെളുത്തുള്ളി പേയ്സ്റ്റ്, വെള്ളം, എണ്ണ, നെയ്യ് ,ചെറിയ ഉള്ളി,നാരങ്ങ നീര്,പച്ചമുളക്, മല്ലിയില, ഉപ്പ്, കറിവേപ്പില
ബിരിയാണി ചോറിന്
കൈമ അരി,നെയ്യ്,എണ്ണ,സവാള, കാരറ്റ്,പെരുംജീരകം,വെളുത്തുള്ളി, പട്ട, ഏലയ്ക്ക, ഗ്രാമ്പു,തക്കോലം,പൈനാപ്പിൾ കഷ്ണം,വെള്ളം ,ഉപ്പ്.
Also Read:പിറന്നത് രാജധാനിയിൽ എന്നിട്ടും കണ്ണിൽ കണ്ടത് വെട്ടിയിട്ട കാടൻകറിയുടെ മട്ട്… അവിയലിന്റെ പിറവി ഇങ്ങനെ
തതയാറാക്കുന്ന വിധം
നന്നായി കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കനിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ചെറുനാരങ്ങയുടെ നീര്, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നന്നായി തിരുമ്മി മാരിനേറ്റ് ചെയ്ത് അര മുതൽ ഒരു മണിക്കൂർ വരെ മാറ്റി വയ്ക്കുക. ഇതിനു ശേഷം ചിക്കൻ വേവിക്കാനായി ഒരു പാത്രത്തിലേക്ക് അല്പം എണ്ണ ഒഴിച്ച് ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ഇട്ടു കൊടുത്തു ഹൈ ഫ്ലെയ്മിൽ ഇളക്കി യോജിപ്പിക്കുക. ശേഷം മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് ചിക്കൻ പത്ത് മിനിറ്റ് വേവിക്കുക.
ശേഷം അതേ പാത്രത്തിൽ 3–4 ടേബിൾ സ്പൂൺ എണ്ണ ഒഴിച്ചു അതിൽ ചിക്കൻ കഷ്ണങ്ങൾ വറുത്തെടുത്തു മാറ്റുക. ഇനി ചിക്കൻ വറുത്തെടുത്ത എണ്ണയിൽ ഒരു പിടി കറിവേപ്പില ഇടുക. ശേഷം സവാളയും ചെറിയ ഉള്ളിയും അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റിയെടുക്കുക. പിന്നാലെ രണ്ട് തക്കാളി, ഒന്നര ടേബിൾ സ്പൂൺ ഇഞ്ചി–വെളുത്തുള്ളി പേയ്സ്റ്റ്, പച്ചമുളക് അരിഞ്ഞതും, ഉപ്പും ചേർത്ത് വീണ്ടും നന്നായി അഞ്ച് മിനിറ്റോളം വഴറ്റുക.
ഇതിലേക്ക് മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല,നാരങ്ങാ നീര് എന്നിവ ചേർത്തു നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് ചിക്കൻ വേവിച്ച വെള്ളം ചേർത്ത് ഇളക്കുക. ഇത് നന്നായി തിളച്ചുവരുമ്പോൾ വറുത്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്തു യോജിപ്പിക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ നെയ്യും മല്ലിയിലയും ചേർത്ത് ഇളക്കി അടുപ്പിൽ നിന്ന് മാറ്റാം.
ബിരിയാണി ചോറ് തയ്യാറാക്കാനായി അരി നന്നായി കഴുകി അര മണിക്കൂറോളം കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കുക. ശേഷം ബിരിയാണി പാത്രത്തിലേക്ക് നെയ്യും എണ്ണയും സമാസമം ചേർക്കുക. ശേഷം ഒരു സവാള നേരിയതായി അരിഞ്ഞത് വറുത്തെടുക്കുക. സവാള വറുത്തു മാറ്റിയ എണ്ണയിലേക്ക് പട്ട, ഏലയ്ക്ക, ഗ്രാമ്പു, തക്കോലം എന്നിവ ചേർത്തിളക്കുക. ഇതിലേക്ക് ഒരു ടീ സ്പൂൺ പെരും ജീരകവും അര ടീ സ്പൂൺ വെളുത്തുള്ളിയും ചേർത്ത് നന്നായി വഴറ്റുക. ഈ കൂട്ട് വഴറ്റിയതിനു ശേഷം ഇതിലേക്ക് വെള്ളം ചേർത്ത് തിളയ്ക്കാൻ അനുവദിക്കുക. ഇത് തിളച്ചതിനു ശേഷം ആവശ്യത്തിന് ഉപ്പ് ചേർക്കുക. ശേഷം ലോ ഫ്ലെയ്മിൽ അരി വേവിച്ചെടുക്കുക. അരി പാതി വെന്തുവരുമ്പോൾ ഇതിലേക്ക് ചെറുതായി അരിഞ്ഞുവച്ച കാരറ്റും പൈനാപ്പിൾ കഷ്ണങ്ങളും വറുത്ത വച്ച സവാളയും മല്ലിയിലയും ചേർക്കുക. പിന്നീട് മുഴുവനായി വെന്ത ശേഷം വിളമ്പുക.