Avial Origin Story : പിറന്നത് രാജധാനിയിൽ എന്നിട്ടും കണ്ണിൽ കണ്ടത് വെട്ടിയിട്ട കാടൻകറിയുടെ മട്ട്… അവിയലിന്റെ പിറവി ഇങ്ങനെ
Health benefits of avial and how this originated: ബാക്കിവന്ന പച്ചക്കറിക്കഷ്ണങ്ങൾ കളയാൻ ഭീമൻ തയ്യാറായില്ല. അദ്ദേഹം എല്ലാ പച്ചക്കറികളും നീളത്തിൽ അരിഞ്ഞ് ഒന്നിച്ച് വേവിച്ചു. അതിലേക്ക് തേങ്ങ ചിരകിയതും ചേർത്തു. ഇതിനെ കൂടുതൽ രുചികരമാക്കാൻ തൈരും വെളിച്ചെണ്ണയും കറിവേപ്പിലയും കൂടി ചേർത്തതോടെ ഒരു പുതിയ വിഭവം പിറന്നു.
കണ്ണിൽ കണ്ടത് വെട്ടിക്കൂട്ടിയ കാടൻ പുഴുക്കാണോ അവിയൽ… നാട്ടിൻ പുറത്ത് കയ്യിൽകിട്ടിയത് എല്ലാം ചേർത്ത് ഉടായിപ്പ് അവിയൽ വയ്ക്കുന്ന അമ്മമാർ ഏറെയുണ്ട്. പക്ഷെ അത്തരം ഒരു തനിനാടൻ വിഭവമല്ല, രാജകീയ വേരുകളുള്ള ഒരു ആഢ്യൻ തന്നെയാണ് അവിയൽ. അവിയൽ പിറന്ന കഥ ഇങ്ങനെ.
പാണ്ഡവർ വനവാസത്തിന് ശേഷം വിരാട രാജാവിന്റെ കൊട്ടാരത്തിൽ അജ്ഞാതവാസം നയിച്ചിരുന്ന കാലം. ഭീമൻ ‘വല്ലഭൻ’ എന്ന പേരിൽ പാചകക്കാരനായാണ് അവിടെ കഴിഞ്ഞിരുന്നത്. ഒരിക്കൽ വിരാട രാജാവിന്റെ കൊട്ടാരത്തിൽ അപ്രതീക്ഷിതമായി ധാരാളം വിരുന്നുകാർ എത്തി. അവർക്ക് ഭക്ഷണം നൽകാൻ നോക്കിയപ്പോൾ കറികൾ ഉണ്ടാക്കാൻ ആവശ്യമായ പച്ചക്കറികൾ ഒന്നും തികയുമായിരുന്നില്ല. ഓരോ ഇനം പച്ചക്കറിയും വളരെ കുറഞ്ഞ അളവിൽ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
ബാക്കിവന്ന പച്ചക്കറിക്കഷ്ണങ്ങൾ കളയാൻ ഭീമൻ തയ്യാറായില്ല. അദ്ദേഹം എല്ലാ പച്ചക്കറികളും നീളത്തിൽ അരിഞ്ഞ് ഒന്നിച്ച് വേവിച്ചു. അതിലേക്ക് തേങ്ങ ചിരകിയതും ചേർത്തു. ഇതിനെ കൂടുതൽ രുചികരമാക്കാൻ തൈരും വെളിച്ചെണ്ണയും കറിവേപ്പിലയും കൂടി ചേർത്തതോടെ ഒരു പുതിയ വിഭവം പിറന്നു.
‘അവിയൽ’ എന്ന പേര്
പലതരം പച്ചക്കറികൾ ഒന്നിച്ച് ചേർത്ത് ‘അവിയിച്ചെടുക്കുന്നത്’ (വേവിച്ചെടുക്കുന്നത്) കൊണ്ട് ഈ വിഭവത്തിന് അവിയൽ എന്ന് പേര് ലഭിച്ചു എന്നാണ് പറയപ്പെടുന്നത്. വിരുന്നുകാർക്കും രാജാവിനും ഈ പുതിയ വിഭവം ഏറെ ഇഷ്ടപ്പെടുകയും ചെയ്തു. മറ്റൊരു കഥയനുസരിച്ച്, തിരുവിതാംകൂർ മഹാരാജാവ് നടത്തിയ ഒരു മുറജപത്തിന് ഒടുവിൽ കറികൾ തികയാതെ വന്നപ്പോൾ, അടുക്കളയിൽ ബാക്കിവന്ന പച്ചക്കറി അവശിഷ്ടങ്ങൾ കൊണ്ട് ഉണ്ടാക്കിയ വിഭവമാണ് അവിയൽ എന്നും പറയപ്പെടുന്നു.
കേരളത്തിന്റെ വടക്കൻ ജില്ലകളിൽ പുളിക്കായി മാങ്ങയോ വാളൻപുളിയോ ചേർക്കുമ്പോൾ, തെക്കൻ ജില്ലകളിൽ തൈരാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്തായാലും പച്ചക്കറികളുടെ ഈ കൂട്ട് ഇന്ന് മലയാളിയുടെ ഭക്ഷണക്രമത്തിലെ അവിഭാജ്യ ഘടകമാണ്.
ഗുണമേറെ
ധാരാളം പച്ചക്കറികൾ ഒന്നിച്ച് ചേർത്തുണ്ടാക്കുന്ന അവിയൽ സ്വാദിഷ്ടം മാത്രമല്ല, ആരോഗ്യഗുണങ്ങളുടെ ഒരു കലവറ കൂടിയാണ്. അവിയലിൽ ചേരുന്ന ചേന, മത്തങ്ങ, പയർ, മുരിങ്ങക്കായ, കാരറ്റ്, പടവലങ്ങ തുടങ്ങിയ പച്ചക്കറികൾ വൈറ്റമിനുകളുടെയും മിനറലുകളുടെയും കലവറയാണ്. ഇത് ശരീരത്തിന് ആവശ്യമായ ഒട്ടുമിക്ക പോഷകങ്ങളും ഒരൊറ്റ കറിയിലൂടെ നൽകുന്നു.
പച്ചക്കറികളിലെ ഉയർന്ന നാരുകൾ ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നു. വിവിധ പച്ചക്കറികളുടെ മിശ്രിതമായതിനാൽ അവിയലിന്റെ ഗ്ലൈസമിക് ഇൻഡക്സ് കുറവാണ്. പച്ചക്കറികളിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയാൻ സഹായിക്കുന്നു.