Classic mince pies Recipe: ക്രിസ്മസ് കളറാക്കണോ? വീട്ടിൽത്തന്നെ തയ്യാറാക്കാം മിൻസ് പൈ
classic mince pies at home : സുഗന്ധവ്യഞ്ജനങ്ങളും ഉണങ്ങിയ പഴങ്ങളും ഒത്തുചേർന്ന ഈ മനോഹര വിഭവം വീട്ടിൽ ക്രിസ്മസ് വൈബ് കൊണ്ടുവരും. ഈ ക്രിസ്മസിന് അതിഥികൾക്കായി ഈസി മിൻസ് പൈ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവമാണ് മിൻസ് പൈ. സുഗന്ധവ്യഞ്ജനങ്ങളും ഉണങ്ങിയ പഴങ്ങളും ഒത്തുചേർന്ന ഈ മനോഹര വിഭവം വീട്ടിൽ ക്രിസ്മസ് വൈബ് കൊണ്ടുവരും. ഈ ക്രിസ്മസിന് അതിഥികൾക്കായി ഈസി മിൻസ് പൈ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
- മൈദ – 2 കപ്പ്
- തണുത്ത ബട്ടർ (ക്യൂബ്സ് ആക്കിയത്) – ½ കപ്പ്
- പഞ്ചസാര – 2 ടേബിൾസ്പൂൺ
- മുട്ട – 1 എണ്ണം
- തണുത്ത വെള്ളം – ആവശ്യത്തിന്
- ഉപ്പ് – ഒരു നുള്ള്
ഫില്ലിംഗ് തയ്യാറാക്കാൻ
- ഉണങ്ങിയ പഴങ്ങൾ (ഉണക്കമുന്തിരി, അപ്രിക്കോട്ട് തുടങ്ങിയവ) – 1 കപ്പ്
- നട്സ് (ബദാം അല്ലെങ്കിൽ വാൾനട്ട്സ് അരിഞ്ഞത്) – ½ കപ്പ്
- ബ്രൗൺ ഷുഗർ – ¼ കപ്പ്
- ആപ്പിൾ ചിരകിയത് – 1 എണ്ണം
- കറുവപ്പട്ട പൊടി – ½ ടീസ്പൂൺ
- ജാതിക്ക പൊടി – ½ ടീസ്പൂൺ
- ഓറഞ്ച് ജ്യൂസ് അല്ലെങ്കിൽ ബ്രാൻഡി – 2 ടേബിൾസ്പൂൺ
- മാർമലേഡ് അല്ലെങ്കിൽ ജാം – 1 ടേബിൾസ്പൂൺ
- ഓറഞ്ച് തൊലി ചിരകിയത് – ഒരു ഓറഞ്ചിന്റേത്
Also read – വൈനും കേക്കുമെല്ലാം ഔട്ടായോ ? ഈ ക്രിസ്മസിനു ജെൻസികൾക്ക് പ്രിയം ക്രാക്കർ സ്നാക്കുകൾ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഉണങ്ങിയ പഴങ്ങൾ, നട്സ്, ചിരകിയ ആപ്പിൾ, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ, ഓറഞ്ച് തൊലി, ഓറഞ്ച് ജ്യൂസ് (അല്ലെങ്കിൽ ബ്രാൻഡി) എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് ജാം കൂടി ചേർത്ത് മിക്സ് ചെയ്ത് 30 മിനിറ്റ് വയ്ക്കുക. മറ്റൊരു പാത്രത്തിൽ മൈദ, പഞ്ചസാര, ഉപ്പ് എന്നിവ എടുക്കുക. ഇതിലേക്ക് തണുത്ത ബട്ടർ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മുക (അല്പം തരിതരിപ്പായ പരുവത്തിൽ കിട്ടണം). ശേഷം മുട്ടയും ആവശ്യത്തിന് തണുത്ത വെള്ളവും ചേർത്ത് മൃദുവായ മാവ് കുഴച്ചെടുക്കുക. ഇത് കുറച്ചുനേരം മാറ്റി വയ്ക്കുക.
കൗണ്ടർ ടോപ്പിൽ അല്പം മൈദ വിതറി മാവ് ഇടത്തരം കനത്തിൽ പരത്തിയെടുക്കുക. ഒരു റൗണ്ട് കട്ടർ ഉപയോഗിച്ച് വട്ടത്തിൽ മുറിച്ചെടുക്കുക. ഒരു മഫിൻ ട്രേയിൽ അല്പം ബട്ടർ തടവി ഓരോ കുഴിയിലും മുറിച്ചു വെച്ചിരിക്കുന്ന ഓരോ മാവ് കഷണങ്ങൾ വെക്കുക. ഇതിനുള്ളിലേക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന ഫില്ലിംഗ് ഒരു സ്പൂൺ വീതം നിറയ്ക്കുക. മുകളിൽ മറ്റൊരു ചെറിയ മാവ് കഷണമോ നക്ഷത്രത്തിന്റെ ആകൃതിയിലുള്ള കഷണമോ വെച്ച് മൂടുക. മുകളിൽ മുട്ടയുടെ വെള്ള തടവിയാൽ ബേക്ക് ചെയ്യുമ്പോൾ നല്ല തിളക്കം കിട്ടും.
180°C ചൂടാക്കിയ ഓവനില് 20–25 മിനിറ്റ് സ്വർണ്ണനിറം ആകുന്നത് വരെ ബേക്ക് ചെയ്തെടുക്കുക. ചൂടാറിയ ശേഷം മുകളിൽ അല്പം ഐസിംഗ് ഷുഗർ വിതറി വിളമ്പാം. ക്രീം, കസ്റ്റാർഡ് അല്ലെങ്കിൽ വൈനിനൊപ്പം കഴിക്കാൻ ഇത് അതീവ രുചികരമാണ്.