Cracker Snack: വൈനും കേക്കുമെല്ലാം ഔട്ടായോ ? ഈ ക്രിസ്മസിനു ജെൻസികൾക്ക് പ്രിയം ക്രാക്കർ സ്നാക്കുകൾ
Christmas Favourite for the Gen Z Crowd: വൈവിധ്യമാർന്ന ടോപ്പിംഗുകൾ ചേർത്ത് അതിമനോഹരമായ 'സ്നാക്ക് ബോർഡുകളായാണ്' ക്രാക്കറുകൾ ഇപ്പോൾ വിരുന്നുകളിൽ താരമാകുന്നത്. ഈ ക്രിസ്മസിന് നിങ്ങളുടെ വീട്ടിലും എളുപ്പത്തിൽ തയ്യാറാക്കാവുന്ന അഞ്ച് ക്രാക്കർ റെസിപ്പികൾ ഇതാ
ക്രിസ്മസ് ആഘോഷങ്ങളിൽ പുതുപുത്തൻ ട്രെൻഡുകൾ കൊണ്ടുവരുന്നതിൽ എന്നും മുന്നിലാണ് ‘ജെൻ സി’ തലമുറ. കേക്കും വൈനും മാത്രം നിറഞ്ഞ പരമ്പരാഗത തീൻമേശകളിലേക്ക് ഇത്തവണ അവർ ക്രാക്കറുകളെ തിരികെ എത്തിക്കുകയാണ്. വെറുമൊരു ബിസ്കറ്റ് എന്നതിലുപരി, വൈവിധ്യമാർന്ന ടോപ്പിംഗുകൾ ചേർത്ത് അതിമനോഹരമായ ‘സ്നാക്ക് ബോർഡുകളായാണ്’ ക്രാക്കറുകൾ ഇപ്പോൾ വിരുന്നുകളിൽ താരമാകുന്നത്. ഈ ക്രിസ്മസിന് നിങ്ങളുടെ വീട്ടിലും എളുപ്പത്തിൽ തയ്യാറാക്കാവുന്ന അഞ്ച് ക്രാക്കർ റെസിപ്പികൾ ഇതാ
ക്രിസ്മസ് ക്രാക്ക്
മധുരവും ഉപ്പും ചേർന്ന രുചി ഇഷ്ടപ്പെടുന്നവർക്കായിട്ടുള്ളതാണിത്. ഒരു ട്രേയിൽ സാൾട്ടിൻ ക്രാക്കറുകൾ നിരത്തുക. ബട്ടറും ബ്രൗൺ ഷുഗറും ചേർത്ത് തിളപ്പിച്ച് തയ്യാറാക്കിയ കാരമൽ മിശ്രിതം ഇതിനു മുകളിൽ ഒഴിക്കുക. അല്പനേരം ഓവനിലോ അടുപ്പത്തോ വെച്ച് ചൂടാക്കിയ ശേഷം പുറത്തെടുത്ത് ചോക്ലേറ്റ് ചിപ്‌സ് വിതറുക. ചോക്ലേറ്റ് ഉരുകി കഴിയുമ്പോൾ നിരത്തി തേച്ച് തണുപ്പിച്ച ശേഷം കഷ്ണങ്ങളായി വിളമ്പാം.
ക്രാക്കർ നാച്ചോസ്
സാധാരണ നാച്ചോസിന് പകരമായി ക്രാക്കറുകൾ ഉപയോഗിക്കാം. കനം കുറഞ്ഞ ക്രാക്കറുകൾക്ക് മുകളിൽ ചീസ്, ഉള്ളി, തക്കാളി, പച്ചമുളക് എന്നിവ വിതറി ചീസ് ഉരുകുന്നത് വരെ ഒന്ന് ചൂടാക്കുക. മുകളിൽ അല്പം ചില്ലി ഫ്ലേക്സ് കൂടി വിതറിയാൽ രുചികരമായ സേവറി സ്നാക്ക് തയ്യാർ.
Also read – ഇന്നത്തെ നാലുമണി പലഹാരം ഇതാ? ചായക്കടകളില്‍ കിട്ടുന്ന അതേ രുചിയില്‍ ഉഴുന്നുവട തയ്യാറാക്കാം
സ്വീറ്റ് സ്പ്രെഡ് ക്രാക്കറുകൾ
കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണിത്. ക്രാക്കറുകൾക്ക് മുകളിൽ നുട്ടെല്ലയോ പീനട്ട് ബട്ടറോ തേക്കുക. അതിന് മുകളിൽ നേന്ത്രപ്പഴം, സ്ട്രോബെറി എന്നിവയുടെ കഷ്ണങ്ങൾ വെച്ച് അലങ്കരിക്കാം. കാഴ്ചയിലും രുചിയിലും ഇത് മികച്ചതാണ്.
അവോക്കാഡോ ആൻഡ് ചില്ലി ക്രാക്കർ
ആരോഗ്യകരമായ ലഘുഭക്ഷണം ആഗ്രഹിക്കുന്നവർക്ക് മൾട്ടിഗ്രെയ്ൻ ക്രാക്കറുകൾ ഉപയോഗിക്കാം. പഴുത്ത അവോക്കാഡോ ഉടച്ച് അതിൽ നാരങ്ങാനീരും ഉപ്പും ചേർത്ത് ക്രാക്കറുകൾക്ക് മുകളിൽ പുരട്ടുക. അല്പം ചില്ലി ഫ്ലേക്സ് കൂടി വിതറിയാൽ നല്ലൊരു ഹെൽത്തി സ്നാക്കായി.
ക്രീം ചീസ് ആൻഡ് സ്ട്രോബെറി
പാർട്ടികളിൽ സ്റ്റൈലിഷായി വിളമ്പാൻ പറ്റിയ കോംബോയാണിത്. സ്വീറ്റ് ക്രാക്കറുകൾക്ക് മുകളിൽ ക്രീം ചീസ് തേക്കുക. അതിനു മുകളിൽ സ്ട്രോബെറി കഷ്ണങ്ങൾ വെച്ച് അല്പം തേൻ കൂടി ഒഴിക്കുക. ഒരു പുതിനയില കൂടി വെച്ച് അലങ്കരിച്ചാൽ നിങ്ങളുടെ ക്രിസ്മസ് സ്നാക്ക് റെഡി