Narendra Modi: എലിസബത്ത് രാജ്ഞി, നെല്‍സണ്‍ മണ്ടേല പിന്നെ മോദി; പ്രധാനമന്ത്രിക്ക് ഒമാന്റെ പരമോന്നത ബഹുമതി
PM Modi Receives The First Class of the Order of Oman: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തിലാണ് പ്രധാനമന്ത്രി ഒമാനിലെത്തിയത്. കൂടിക്കാഴ്ചയ്ക്ക് മുമ്പ് മസ്‌കറ്റിലെ അല്‍ ബറാക്ക കൊട്ടാരത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോദിയെ സ്വീകരിച്ചു.
മസ്‌കറ്റ്: ഒമാന്റെ പരമോന്നത ബഹുമതിയായ ദി ഫസ്റ്റ് ക്ലാസ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ഒമാന്‍ നേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന് ലഭിക്കുന്ന 29ാമത് ആഗോള ബഹുമതിയാണിത്. എലിസബത്ത് രാജ്ഞി, നെല്‍സണ്‍ മണ്ടേല, മാക്‌സിം രാജ്ഞി, അകിഹിതോ ചക്രവര്‍ത്തി, അബ്ദുള്ള രാജാവ് എന്നിവരുള്‍പ്പെടെ നിരവധിയാളുകള്‍ക്ക് ഈ ബഹുമതി നേരത്തെ ലഭിച്ചിട്ടുണ്ട്.
ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തിലാണ് പ്രധാനമന്ത്രി ഒമാനിലെത്തിയത്. കൂടിക്കാഴ്ചയ്ക്ക് മുമ്പ് മസ്‌കറ്റിലെ അല്‍ ബറാക്ക കൊട്ടാരത്തില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോദിയെ സ്വീകരിച്ചു. ഇന്ത്യയും ഒമാനും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കുന്നത് സംബന്ധിച്ച് ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെ ഇരുനേതാക്കളും സ്വാഗതം ചെയ്തു. ഇന്ത്യയും ഒമാനും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും ഇരുവരും പ്രതിജ്ഞയെടുത്തു.
ഇന്ത്യയും ഒമാനും തമ്മിലുള്ള വ്യാപാരം, നിക്ഷേപം എന്നിവ വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക വൈവിധ്യവത്കരണം ഉത്തേജിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളിലും അവസരങ്ങള്‍ തുറക്കും. സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനൊപ്പം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഈ കരാര്‍ സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
പ്രതിരോധം, സുരക്ഷ, വ്യാപാരം, നിക്ഷേപം, ഊര്‍ജം, കൃഷി, സാങ്കേതികവിദ്യ, പുത്തന്‍ മേഖലകള്‍, സംസ്‌കാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ നിരവധി വിഷയങ്ങളില്‍ പ്രധാനമന്ത്രിയും സുല്‍ത്താനും തമ്മില്‍ സംസാരിച്ചതായും വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.