Lemon Pickle: കേടാകില്ല പൂപ്പൽ പിടിക്കില്ല; നാടൻ നാരങ്ങ അച്ചാർ വീട്ടിൽ തയ്യാറാക്കിയെടുക്കാം; സിംപിൾ റെസിപ്പി ഇതാ…
Lemon Pickle Recipe: വെയിലത്ത് വെച്ച് പാകപ്പെടുത്തിയെടുക്കുന്ന നാടൻ നാരങ്ങ അച്ചാറിന് പ്രത്യേക രുചിയും ഗുണവുമാണ്.അത്തരത്തിലുള്ള ഒരു രുചികരമായ നാടൻ നാരങ്ങ അച്ചാർ വീട്ടിൽ തയ്യാറാക്കിയെടുക്കാം.
മലയാളികൾക്ക് അച്ചാറിനോട് പ്രിയം അല്പം കൂടുതലാണ്. ചോറിനും കഞ്ഞിക്കുമൊപ്പം അല്പം അച്ചാറ് കൂടി ഉണ്ടെങ്കിൽ കുശാലാകും. മാങ്ങ അച്ചാറും നാരങ്ങ അച്ചാറും ആയിരിക്കും കൂടുതൽ പേരും വീടുകളിൽ തയ്യാറാക്കാറുള്ളത്. സാധാരണയായി പുഴുങ്ങിയും വാട്ടിയുമാണ് നാരങ്ങ അച്ചാർ തയ്യാറാക്കാറുള്ളത്. എന്നാൽ വെയിലത്ത് വെച്ച് പാകപ്പെടുത്തിയെടുക്കുന്ന നാടൻ നാരങ്ങ അച്ചാറിന് പ്രത്യേക രുചിയും ഗുണവുമാണ്.അത്തരത്തിലുള്ള ഒരു രുചികരമായ നാടൻ നാരങ്ങ അച്ചാർ വീട്ടിൽ തയ്യാറാക്കിയെടുക്കാം.
ചേരുവകൾ
നാരങ്ങ ,മഞ്ഞ കടുക് ,കറുത്ത കടുക്,ഉലുവ, പെരുംജീരകം,മഞ്ഞൾപ്പൊടി ,മുളകുപൊടി, കായം,ഉപ്പ് ,നല്ലെണ്ണ.
തയ്യാറാക്കുന്ന വിധം
തയ്യാറാക്കാനായി ഫ്രഷ് നാരങ്ങകൾ എടുത്ത് വെള്ളത്തിൽ നന്നായി കഴുകുക. ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ച് വെള്ളം പൂർണ്ണമായും മാറ്റുക. അല്പനേരം വെയിലത്ത് വെച്ച് ഉണക്കുന്നത് നന്നായിരിക്കും. ഈ നാരങ്ങകൾ നാലായി കീറി വെക്കാം (പൂർണ്ണമായും മുറിച്ചു മാറ്റരുത്). ഒരു പാനിൽ മഞ്ഞ കടുക്, കറുത്ത കടുക്, ഉലുവ, പെരുംജീരകം എന്നിവ ചേർത്ത് നന്നായി വറുത്തെടുക്കുക. തണുത്ത ശേഷം ഇവ മിക്സിയിൽ ഇട്ട് തരിതരിപ്പായി പൊടിച്ചെടുക്കാം. ഒരു വലിയ പാത്രത്തിൽ മഞ്ഞൾപ്പൊടി, മുളകുപൊടി, വറുത്തുപൊടിച്ച മസാല, കായം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കാം. തയ്യാറാക്കിയ ഈ മസാലപ്പൊടി ഓരോ നാരങ്ങയുടെ ഉള്ളിലും നന്നായി നിറച്ച് വൃത്തിയുള്ള ഒരു കുപ്പിയിലോ ഭരണിയിലേക്കോ മാറ്റിവെക്കുക. ശേഷം മറ്റൊരു പാനിൽ എണ്ണ നന്നായി ചൂടാക്കി നാരങ്ങയ്ക്ക് മുകളിലേക്ക് ഒഴിക്കാം. ശേഷം അടച്ച് വച്ച് 8-10 ദിവസം വെയിലത്ത് വെക്കാം. ഇടയ്ക്ക് കുപ്പി ഒന്ന് കുലുക്കി കൊടുക്കുന്നത് മസാല പിടിക്കാൻ സഹായിക്കും. രുചികരമായ നാടൻ നാരങ്ങ അച്ചാർ തയ്യാർ.
View this post on Instagram