Malabar SweeT Recipe: തവളയുമായി ബന്ധമില്ല, പക്ഷെ പേര് മാക്രി പായസം, മലബാറിന്റെ സ്വന്തം പിറന്നാൾ മധുരത്തിന്റെ രുചിക്കൂട്ട് ഇതാ
Kannur traditional makri payasam history: സാധാരണ പായസങ്ങൾ പോലെ ദ്രാവക രൂപത്തിലല്ല ഇത്. പച്ചരിയും ക്രഷ് ചെയ്ത തേങ്ങയും ചേർക്കുന്നതിനാൽ നല്ല കട്ടിയുള്ളതും ചവച്ചു കഴിക്കാവുന്നതുമായ രൂപത്തിലായിരിക്കും.
കണ്ണൂരിലെ മുസ്ലീം തറവാടുകളിലെ ആഘോഷങ്ങളിൽ, പ്രത്യേകിച്ച് പിറന്നാൾ (മൗലിദ്) ദിനങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് മാക്രി പായസം. ഇതിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. കണ്ണൂർ, തളിപ്പറമ്പ്, പഴയങ്ങാടി ഭാഗങ്ങളിലെ പഴയകാല മുസ്ലീം വീടുകളിലാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്.
അറബി മാസപ്രകാരം കുട്ടികളുടെ പിറന്നാൾ ആഘോഷിക്കുമ്പോൾ (മൗലിദ് ഓതുന്ന ദിവസം) അതിഥികൾക്ക് നൽകുന്ന പ്രധാന വിഭവമായിരുന്നു ഇത്. പണ്ട് കാലത്ത് മധുരപലഹാരങ്ങൾ കുറവായതിനാൽ വീട്ടിൽ ലഭ്യമായ പച്ചരിയും തേങ്ങയും വെള്ളരിക്കാ വിത്തും ചേർത്ത് അമ്മൂമ്മമാർ ഉണ്ടാക്കിത്തുടങ്ങിയ ഒരു ‘തറവാടി’ വിഭവമാണിത്.
സാധാരണ പായസങ്ങൾ പോലെ ദ്രാവക രൂപത്തിലല്ല ഇത്. പച്ചരിയും ക്രഷ് ചെയ്ത തേങ്ങയും ചേർക്കുന്നതിനാൽ നല്ല കട്ടിയുള്ളതും ചവച്ചു കഴിക്കാവുന്നതുമായ രൂപത്തിലായിരിക്കും. മറ്റ് പായസങ്ങളെ അപേക്ഷിച്ച് ഇതിൽ മധുരം മിതമായ അളവിലേ ചേർക്കാറുള്ളൂ. നെയ്യിന്റെയും തേങ്ങയുടെയും സ്വാഭാവിക രുചിക്കാണ് മുൻഗണന.
തയ്യാറാക്കുന്ന വിധം
ചിരകിയ തേങ്ങ അല്പം വെള്ളം ചേർത്ത് മിക്സിയിൽ ഒന്ന് ‘ക്രഷ്’ ചെയ്തെടുക്കുക. നന്നായി അരഞ്ഞു പോകരുത്, തേങ്ങയുടെ തരികൾ കടിക്കണം. പച്ചരി കുതിർത്തതും ഇത്തരത്തിൽ തരിയോടെ മിക്സിയിൽ അടിച്ചെടുക്കുക. പച്ചരി അരച്ചത് നന്നായി വെള്ളം ചേർത്ത് ചെറുചൂടിൽ വേവിക്കുക. കട്ടയാവാതെ ശ്രദ്ധിക്കണം. ഏകദേശം വെന്തുവരുമ്പോൾ തേങ്ങ അരച്ചതും ചേർത്ത് ആവശ്യത്തിനു വെള്ളമൊഴിച്ച് ഇളക്കുക. ഇതിൽ ശർക്കരപാനിയും ചേർത്ത് വെന്തു പാകമാകുമ്പോൾ ആവശ്യത്തിനു ഏലക്കാ പൊടിയും നെയ്യും ചേർത്തു വാങ്ങുക.