Chips Making: വെളിച്ചെണ്ണ ഇല്ലാതെ ചിപ്സ് ഉണ്ടാക്കാം, ഓണത്തിന് ഇതൊന്ന് പരീക്ഷിക്കൂ…
Banana chips without coconut oil: ചിപ്സില്ലാത്ത ഓണസദ്യ ചിന്തിക്കാൻ അല്പം പ്രയാസമാണ്. പക്ഷേ, ഇത്തവണ ചിപ്സ് ഓണസദ്യയിൽ കാണുമോ? വെളിച്ചെണ്ണ വില തന്നെയാണ് ഇവിടെ വില്ലൻ.

Banana Chips
വെളിച്ചെണ്ണ വില തലവേദനയായി തുടരുകയാണ്. പ്രത്യേകിച്ച് ഓണക്കാലത്തോട് അടുക്കുമ്പോൾ വെളിച്ചെണ്ണ വില ആശങ്ക ഉയർത്തുന്നുണ്ട്. മലയാളികളുടെ ഭക്ഷണങ്ങളിൽ പൊതുവായി വെളിച്ചെണ്ണ ഉപയോഗിക്കാറുണ്ട്.
പ്രത്യേകിച്ച്, ഓണസദ്യയിലെ പ്രധാനപ്പെട്ട വിഭാഗങ്ങളില്‍ ഒന്നാണ് ചിപ്‌സ്. ഇലയിൽ ഒരറ്റത്ത് ആണ് സ്ഥാനമെങ്കിലും നേത്രക്കായ ചിപ്സില്ലാത്ത ഓണസദ്യ ചിന്തിക്കാൻ അല്പം പ്രയാസമാണ്. പക്ഷേ, ഇത്തവണ ചിപ്സ് ഓണസദ്യയിൽ കാണുമോ? വെളിച്ചെണ്ണ വില തന്നെയാണ് ഇവിടെ വില്ലൻ.
എന്നാൽ വെളിച്ചെണ്ണ ഇല്ലാതെ ഇത്തവണ ചിപ്സ് ഉണ്ടാക്കാം. എണ്ണയില്ലാതെ എയര്‍ ഫ്രൈയറില്‍ ഈസിയായി ചിപ്‌സ് ഉണ്ടാക്കാന്‍ കഴിയും. ആ വഴിയൊന്ന് പരീക്ഷിച്ചാലോ…
വേണ്ട ചേരുവകള്‍
പച്ചക്കായ
ഉപ്പ്
മുളക് പൊടി
മഞ്ഞള്‍പ്പൊടി
പച്ചക്കായ ചെറുതായി വട്ടത്തില്‍ അരിയുക. അരിഞ്ഞ കഷ്ണങ്ങള്‍ ഉപ്പ് കലക്കിയ വെള്ളത്തില്‍ കുറച്ചുസമയം ഇട്ടു വയ്ക്കുക. തുടര്‍ന്ന് ഈ കഷ്ണങ്ങള്‍ മഞ്ഞള്‍പൊടിയും മുളകുപൊടിയും ഉപ്പും മിക്‌സ് ചെയ്ത വെള്ളത്തില്‍ നാല് മുതല്‍ അഞ്ചു മിനിറ്റ് വരെ ഇട്ടു വയ്ക്കാം. വെള്ളം വാര്‍ന്ന് പോകാനായി അരിപ്പയിലേക്ക് നേന്ത്രക്കായ കഷ്ണങ്ങള്‍ മാറ്റാം.
എയര്‍ ഫ്രൈയറിലെ തട്ടില്‍ ബ്രഷ് ഉപയോഗിച്ച് വെളിച്ചെണ്ണ പുരട്ടാം. ശേഷം നേന്ത്രക്കായ കഷ്ണങ്ങള്‍ തട്ടില്‍ നിരത്തി വയ്ക്കാവുന്നതാണ്. എന്നാൽ ഒന്നിന് മുകളില്‍ ഒന്നായി കഷണങ്ങള്‍ വയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുക. 180 ഡിഗ്രിയില്‍ 18 മിനിറ്റ് എയര്‍ ഫ്രൈയര്‍ സെറ്റ് ചെയ്യുക. 18 മിനിറ്റ് ആകുമ്പോള്‍ എയര്‍ ഫ്രൈയര്‍ ഓഫ് ചെയ്യുക.