Kashi Food Story: ബനാറസ് കി അമൃത്…. മലായിയോം ആദ്യമായി ഉണ്ടായ കഥ ഇതാ…
Amrit of Banaras: മലായിയോ, പാൽപ്പാടയുടെയും മഞ്ഞിന്റെയും സമ്മിശ്രമാകയാൽ വളരെ നേർത്തതും വായിലിട്ടാൽ അലിഞ്ഞുപോകുന്നതുമാണ്. ഇതിന് മധുരം നൽകാനായി പഞ്ചസാരയും, രുചി കൂട്ടാൻ ഏലക്കായയും കുങ്കുമപ്പൂവും പിസ്തയും ചേർക്കും.

Malayiyom From Banaras
കാശി… വിശാലാക്ഷീ സമേതനായ വിശ്വനാഥന്റെ മണ്ണ്. ഗംഗയുടെ തീരങ്ങളിൽ പുണ്യം ലയിക്കുന്ന മരണത്തിന്റെ നിസ്സാരത മനസ്സിലാക്കി തരുന്ന മോക്ഷ ഭൂമിക. അവിടെ മാത്രം കിട്ടുന്ന ഒരു അപൂർവ്വ മധുരമുണ്ട്. ബനാറസ് കി അമൃത് എന്നറിയപ്പെടുന്ന മലായിയോ. തണുപ്പുകാലത്ത് കാശിയിലെത്തുന്നവർ ഇതു കുടിക്കാതെ മടങ്ങിയാൽ അത് ഒരു തീരാ നഷ്ടമാണ്. പാൽ, കുങ്കുമപ്പൂവ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയുടെ സമന്വയമാണെങ്കിലും, ഇതിന്റെ യഥാർത്ഥ മാന്ത്രികത സംഭവിക്കുന്നത് രാത്രിയിലെ മഞ്ഞുപെയ്യുമ്പോഴാണ്.
മലായിയോ ആദ്യമായി ഉണ്ടായ കഥ
ഗംഗാ തീരത്തെ സമൃദ്ധമായ പച്ചപ്പുല്ല് കഴിച്ച പശുക്കളുടെ പാലിന് പണ്ടുമുതലേ പ്രത്യേകത ഏറെയാണ്. തണുപ്പ് കാലമാകുമ്പോൾ ആ കൊഴുപ്പ് ഒന്നുകൂടി കൂടും. അങ്ങനെ ഒരിക്കൽ കൊഴുത്ത പാലിൽ നിന്ന് ഉണ്ടാക്കിയെടുത്ത വിഭവമാണ് കാലങ്ങൾക്കിപ്പുറവും മാറ്റമില്ലാതെ നമുക്കൊപ്പംമുള്ളത്. ഇത് ഉണ്ടാക്കുന്നതിനു ഇന്നും പഴയ രീതികൾ തന്നെയാണ് പിന്തുടരുന്നത്.
തണുപ്പുകാലത്തെ രാത്രികളിൽ, പാൽ വലിയ പാത്രങ്ങളിലാക്കി വീടിന്റെ ടെറസിലോ തുറന്ന സ്ഥലങ്ങളിലോ വെക്കും. രാത്രി മുഴുവൻ ആകാശത്ത് നിന്ന് വീഴുന്ന തണുത്ത മഞ്ഞുതുള്ളികൾ ഈ പാലിൽ ലയിക്കുന്നു. രാവിലെ ഈ പാൽ എടുത്ത് മരം കൊണ്ടുള്ള മത്ത് ഉപയോഗിച്ച് ദീർഘനേരം കടയും. അങ്ങനെ പാൽ കട്ടിയുള്ള എന്നാൽ വളരെ മൃദുവായ പതയായി മാറുന്നു. ഇതാണ് മലായിയോ. ഈ പത, അതായത് മലായിയോ, പാൽപ്പാടയുടെയും മഞ്ഞിന്റെയും സമ്മിശ്രമാകയാൽ വളരെ നേർത്തതും വായിലിട്ടാൽ അലിഞ്ഞുപോകുന്നതുമാണ്. ഇതിന് മധുരം നൽകാനായി പഞ്ചസാരയും, രുചി കൂട്ടാൻ ഏലക്കായയും കുങ്കുമപ്പൂവും പിസ്തയും ചേർക്കും.
മലായിയോ ഉണ്ടാക്കുന്നതിൻ്റെ യഥാർത്ഥ രഹസ്യം ഇപ്പോഴും തലമുറകളായി കൈമാറി വരുന്ന ഒരു രഹസ്യമായി തുടരുന്നു. തണുപ്പുള്ള കാലാവസ്ഥയും മഞ്ഞുതുള്ളികളും ഒരുമിക്കുമ്പോൾ മാത്രം ഉണ്ടാകുന്ന ഈ അത്ഭുതമാണ് യഥാർത്ഥ മലായിയോയുടെ കഥ.