Onam 2025 : ഓണത്തിന് വിളമ്പാൻ ഞൊടിയിടയിൽ തയ്യാറാക്കാം പൈനാപ്പിള്‍ പച്ചടി; റെസിപ്പി
Pineapple Pachadi Recipes: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു വിഭവമാണ് പൈനാപ്പിള്‍ പച്ചടി. സദ്യയിൽ പ്രധാനിയായ പച്ചടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Pineapple Pachadi
ചിങ്ങം ഇതാ എത്തികഴിഞ്ഞു. ഇനിയുള്ള നാളുകൾ ആഘോഷത്തിന്റെ ദിവസങ്ങളാണ്. വിഭവസമൃദ്ധമായ സദ്യയില്ലാത്ത ഓണം മലയാളികൾക്ക് ചിന്തിക്കാനാവില്ല. വ്യത്യസ്ത രുചിയിൽ തൂശനിലയിൽ രണ്ട് കൂട്ടം പായസവും കുത്തരിച്ചോറുമടങ്ങിയ സദ്യയില്ലാതെ മലയാളികൾക്ക് ഓണം പൂർണമാകില്ല. അതുകൊണ്ട് ഇനിയുള്ള നാളുകൾ എന്തൊക്കെ വിഭവങ്ങൾ ഒരുക്കും എന്ന ആലോചനയിലാകും എല്ലാവരും.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു വിഭവമാണ് പൈനാപ്പിള്‍ പച്ചടി. സദ്യയിൽ പ്രധാനിയായ പച്ചടി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
പൈനാപ്പിള്‍
പച്ചമുളക് – ആറ് എണ്ണം
തൈര് – അരകപ്പ്
ഉപ്പ് – ആവശ്യത്തിന്
പഞ്ചസാര – ഒരു ടീസ്പൂണ്‍
തേങ്ങ -അരമുറി
ജീരകം – കാല്‍ ടീസ്പൂണ്‍
മഞ്ഞപ്പൊടി -കാല്‍ ടീസ്പൂണ്‍
മുളകുപൊടി – കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ -കടുക് വറുക്കാന്‍ ആവശ്യത്തിന്
കടുക് – കാല്‍ ടീ സ്പൂണ്‍
ചുവന്ന മുളക് – രണ്ട് എണ്ണം
കറിവേപ്പില – രണ്ട് തണ്ട്
Also Read:ഓണസദ്യ കഴിക്കുന്നതൊക്കെ നല്ലതാ; പക്ഷേ ശരീരത്തിലെത്തുന്നത് ഇത്രത്തോളം കലോറി
തയ്യാറാക്കുന്ന വിധം
ആദ്യം നല്ല മധുരമുള്ള പൈനാപ്പിള്‍ തിരഞ്ഞെടുത്ത് നന്നായി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. ഇതിനു ശേഷം ഇതിലക്ക് അല്പം ഉപ്പ് ചേർത്ത് നന്നായി കുഴച്ച് മാറ്റിവെയ്ക്കുക. ഇതിലേക്ക് കുറച്ച് പഞ്ചസാര, മഞ്ഞപ്പൊടി, മുളകുപൊടി, നീളത്തില്‍ കീറിയ നാല് പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വേവിക്കുക.
ഈ സമയത്ത് തേങ്ങ, ജീരകം,കടുക്, പച്ചമുളക് എന്നിവ ചേര്‍ത്ത് മിക്സിയിൽ അരച്ചെടുക്കുക. ഇത് ഇത് നല്ലരീതിയിൽ വെന്ത പൈനാപ്പിളിലേക്ക് ചേര്‍ത്ത് വേവിക്കുക. കറി കുറുകിവരുമ്പോള്‍ തൈര് കൂടി ചേര്‍ത്ത് തീ ഓഫാക്കാം. ശേഷം വെളിച്ചെണ്ണയില്‍ കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്ത് വറുത്ത് കറിറ്റിലേക്ക് ഒഴിക്കുക. സ്വാദിഷ്ടമായ പൈനാപ്പിൾ പച്ചടി റെഡി.