Idli Podi Recipe: ചോറിനും ഇഡലിയ്ക്കും ദോശയ്ക്കും ബെസ്റ്റാ… ഇതാ ഇവിടുണ്ട് പാലക്കാടൻ സ്പെഷ്യൽ പൊടി
Palakkadan Idli Podi Recipe: ചൂടോടെ അരച്ചാൽ പൊടി നനഞ്ഞുപോവാൻ സാധ്യതയുണ്ട്. തണുത്ത ചേരുവകളും ആവശ്യത്തിന് ഉപ്പും ഒരു മിക്സിയുടെ ജാറിലിട്ട് തരിതരിപ്പായി പൊടിച്ചെടുക്കുക.
എരിവും കറിവേപ്പിലയുടെ രുചിയും മുന്നിട്ട് നിൽക്കുന്ന ഒന്നാണ് പാലക്കാടൻ ശൈലിയിൽ ഉണ്ടാക്കുന്ന ഇഡ്ഡലിപ്പൊടി. ചോറിനൊപ്പവും ഇഡലിക്കൊപ്പവും ഇത് ബെസ്റ്റാണ്. എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ പൊടി ഉണ്ടെങ്കിൽ കറിയുടെ കാര്യം പിന്നെ നോക്കേണ്ട.
തയ്യാറാക്കുന്ന വിധം
ഒരു കട്ടിയുള്ള ചീനച്ചട്ടി അടുപ്പിൽ വെച്ച് ചെറുതായി ചൂടാക്കുക. എണ്ണ ചേർക്കാതെ ഓരോ ചേരുവകളും വെവ്വേറെ വറുത്തെടുക്കണം. ഉഴുന്നും കടലപ്പരിപ്പും ഒരുമിച്ച് ചേർത്ത് ചെറിയ തീയിൽ ഇളം ചുവപ്പ് നിറമാകുന്നതുവരെ വറുക്കുക. നല്ല മണം വരുമ്പോൾ തീ അണച്ച് മാറ്റി വെക്കുക. അതേ ചട്ടിയിൽ വറ്റൽ മുളക് ചേർത്ത് ചെറുതായി ചൂടാക്കുക. മുളകിന്റെ നിറം മാറാതെ ശ്രദ്ധിക്കണം.
Also read – മുട്ട വേണമെന്നില്ല, പ്രോട്ടീൻ റിച്ച് വെയ്റ്റ് ലോസ് വെജിറ്റേറിയൻ ബ്രേക്ഫാസ്റ്റ് റെസിപികൾ
കറിവേപ്പില നന്നായി കഴുകി വെള്ളം തോർത്തി എടുത്ത ശേഷം, എണ്ണ ചേർക്കാതെ മൊരിഞ്ഞുവരുന്നതുവരെ വറുക്കുക. എള്ള് ചേർത്ത് ചെറുതായി പൊട്ടിത്തുടങ്ങുമ്പോൾ ഉടൻ തീ അണച്ച് മാറ്റുക. കായപ്പൊടിയാണ് ഉപയോഗിക്കുന്നതെങ്കിൽ, അവസാനമായി ഒന്ന് ചൂടാക്കിയാൽ മതി. കട്ടക്കായമാണെങ്കിൽ അൽപ്പം എണ്ണയിൽ പൊരിച്ചെടുക്കാം. വറുത്തെടുത്ത എല്ലാ ചേരുവകളും (ഉപ്പ് ഒഴികെ) ഒരു പ്ലേറ്റിൽ നിരത്തി പൂർണ്ണമായും തണുക്കാൻ അനുവദിക്കുക.
ചൂടോടെ അരച്ചാൽ പൊടി നനഞ്ഞുപോവാൻ സാധ്യതയുണ്ട്. തണുത്ത ചേരുവകളും ആവശ്യത്തിന് ഉപ്പും ഒരു മിക്സിയുടെ ജാറിലിട്ട് തരിതരിപ്പായി പൊടിച്ചെടുക്കുക. (ഇഡ്ഡലിപ്പൊടി നന്നായി പൊടിയരുത്, അൽപ്പം തരിയുണ്ടായിരിക്കണം). പൊടി വീണ്ടും ഒരു പാത്രത്തിൽ നിരത്തി ചൂട് പൂർണ്ണമായി മാറിയ ശേഷം ഒരു വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. ഇത് ആവശ്യം പോലെ നല്ലെണ്ണയോ നെയ്യോ ചേർത്ത് ഉപയോഗിക്കാം.