Thiruvathira Special recipe: പാർവ്വതി ചുട്ടെടുത്ത എട്ടങ്ങാടിയും ആരോഗ്യം മെച്ചപ്പെടാൻ കൂവപ്പായസവും, തിരുവാതിര വിഭവങ്ങൾ എളുപ്പത്തിൽ തയ്യാറാക്കാം
Thiruvathira Special Koova Payasam, Ettangadi: കിഴങ്ങുവർഗ്ഗങ്ങളും ധാന്യങ്ങളും മാത്രം കഴിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സാധിക്കുന്നു. തിരുവാതിരക്കളി പോലുള്ള നൃത്തരൂപങ്ങൾ ശാരീരിക വ്യായാമവും നൽകുന്നു. ധനുമാസത്തിലെ തിരുവാതിര നാളിൽ കഴിക്കുന്ന പ്രധാന വിഭവങ്ങളാണ് എട്ടങ്ങാടിയും കൂവ പായസവും.
ധനുമാസത്തിലെ തിരുവാതിര ഒരേസമയം പ്രകൃതിയുടേയും സംസ്കാരത്തിന്റെയും ആഘോഷമാണ്. ഭർത്താവിന്റെ ഐശ്വര്യത്തിനും ആയുസ്സിനും വേണ്ടി ആഘോഷിക്കുന്ന വ്രതമാണ് തിരുവാതിര എന്നാണ് വിശ്വാസം. പക്ഷെ ഇതിൽ ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ടെന്നത് ശാസ്ത്ര സത്യം. തിരുവാതിര വ്രതം കേവലം ഒരു ആചാരം മാത്രമല്ല, അത് ശരീരത്തെ ശുദ്ധീകരിക്കാനുള്ള ഒരു വഴി കൂടിയാണ്. കിഴങ്ങുവർഗ്ഗങ്ങളും ധാന്യങ്ങളും മാത്രം കഴിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സാധിക്കുന്നു. തിരുവാതിരക്കളി പോലുള്ള നൃത്തരൂപങ്ങൾ ശാരീരിക വ്യായാമവും നൽകുന്നു. ധനുമാസത്തിലെ തിരുവാതിര നാളിൽ കഴിക്കുന്ന പ്രധാന വിഭവങ്ങളാണ് എട്ടങ്ങാടിയും കൂവ പായസവും.
എട്ടങ്ങാടി
എട്ടുതരം കിഴങ്ങുവർഗ്ഗങ്ങൾ ചുട്ടുണ്ടാക്കുന്ന വിഭവമാണിത്. പ്രകൃതിയോടും തനിമയോടും ചേർന്നുനിൽക്കുന്ന ഒരു നിവേദ്യമാണിത്. മഹാദേവനെ ഭർത്താവായി ലഭിക്കാൻ പാർവ്വതി ദേവി കഠിനതപം അനുഷ്ഠിച്ചപ്പോൾ കഴിച്ചിരുന്ന ഭക്ഷണമാണ് എട്ടങ്ങാടി എന്നാണ് വിശ്വാസം. ഇതിന്റെ സ്മരണാർത്ഥമാണ് തിരുവാതിര വ്രതമെടുക്കുന്നവർ എട്ടങ്ങാടി കഴിക്കുന്നത്. കാച്ചിൽ, ചേന, നനകിഴങ്ങ്, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, കൂർക്ക, ഏത്തക്കായ, വൻപയർ എന്നിവയാണ് പ്രധാനമായും ഇതിൽ ചേർക്കുന്നത്. കാട്ടിൽ ലഭ്യമായ വിഭവങ്ങൾവെച്ച് ശിവന് പാർവ്വതി ചുട്ട് നൽകിയ വിഭവമാണ് എന്നും ഇതിനെപ്പറ്റി പറയപ്പെടുന്നു.
ആരോഗ്യഗുണങ്ങൾ
വ്രതമെടുക്കുന്നവർക്ക് ആവശ്യമായ ഊർജ്ജം ഈ കിഴങ്ങുകൾ നൽകുന്നുണ്ട്. ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്ന നാരുകൾ ഇതിൽ ധാരാളമുണ്ട്. കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയതിനാൽ പേശികളുടെ ആരോഗ്യത്തിന് മികച്ചതാണ്.
Also read – ഇന്ന് ധനുമാസത്തിലെ തിരുവാതിര; ശിവപാർവ്വതി ക്ഷേത്രങ്ങളിൽ ഇന്ന് പ്രത്യേക പൂജകളും വഴിപാടുകളും നടക്കും
കൂവ പായസം
തിരുവാതിര വ്രതത്തിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് കൂവ പായസം. കൂവപ്പൊടി, ശർക്കര, തേങ്ങാപാല് എന്നിവ ചേർത്താണ് ഇത് തയ്യാറാക്കുന്നത്. തിരുവാതിര നാളിൽ പരമശിവന് പ്രിയപ്പെട്ട നിവേദ്യമാണ് കൂവപ്പൊടി കൊണ്ട് തയ്യാറാക്കുന്ന വിഭവങ്ങൾ. കഠിനമായ വ്രതം അനുഷ്ഠിക്കുന്ന സ്ത്രീകൾക്ക് ശരീരത്തിന് തണുപ്പും ആശ്വാസവും നൽകാൻ ഇത് സഹായിക്കുന്നു.
ആരോഗ്യഗുണങ്ങൾ
കൂവപ്പൊടിക്ക് സ്വാഭാവികമായ തണുപ്പിക്കാനുള്ള കഴിവുണ്ട്. ഇത് വ്രതകാലത്തെ ഉദരസംബന്ധമായ അസ്വസ്ഥതകൾ നീക്കുന്നു. ആമാശയത്തിലെ പുണ്ണുകൾ മാറാനും വയറിളക്കം പോലുള്ള അസുഖങ്ങൾ തടയാനും കൂവ പായസം നല്ലതാണ്. വളരെ എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണമായതിനാൽ ഇത് എല്ലാവർക്കും സുരക്ഷിതമാണ്.
തയ്യാറാക്കുന്ന വിധം
ആദ്യം ശർക്കര അല്പം വെള്ളം ഒഴിച്ച് അടുപ്പത്തുവെച്ച് ഉരുക്കിയെടുക്കുക. ഇത് അരിച്ചെടുത്ത് മാറ്റിവയ്ക്കുക. കൂവപ്പൊടി കട്ടകളില്ലാതെ രണ്ടാം പാലിൽ ( അല്ലെങ്കിൽ സാധാരണ വെള്ളത്തിൽ ) നന്നായി കലക്കിയെടുക്കുക. ഒരു ഉരുളിയിലോ കട്ടിയുള്ള പാത്രത്തിലോ കലക്കി വെച്ചിരിക്കുന്ന കൂവപ്പൊടി മിശ്രിതം ഒഴിച്ച് അടുപ്പത്ത് വെക്കുക. ഇടവിടാതെ ഇളക്കിക്കൊണ്ടിരിക്കണം, അല്ലെങ്കിൽ കട്ടപിടിക്കാൻ സാധ്യതയുണ്ട്.
കൂവ വെന്ത് കുറുകി സുതാര്യമായി തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന ശർക്കര ലായനി ഇതിലേക്ക് ചേർക്കുക. നന്നായി യോജിപ്പിക്കുക. കൂവയും ശർക്കരയും നന്നായി യോജിച്ച് തിളച്ചു കുറുകി വരുമ്പോൾ ഏലയ്ക്കാപ്പൊടിയും ചുക്കുപൊടിയും ചേർക്കുക. പായസം പാകത്തിന് കുറുകിക്കഴിഞ്ഞാൽ തീ കുറച്ചുവെച്ച് ഒന്നാം പാൽ (തലപ്പാൽ) ചേർക്കുക. ഒന്നാം പാൽ ചേർത്തുകഴിഞ്ഞാൽ തിളപ്പിക്കാൻ പാടില്ല, ഒന്ന് ചൂടായാൽ ഉടൻ തന്നെ അടുപ്പത്തുനിന്ന് ഇറക്കിവയ്ക്കാം. മറ്റൊരു പാനിൽ നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത് ചുവന്ന നിറമാകുന്നതുവരെ വറുത്തെടുക്കുക. ഇത് പായസത്തിന് മുകളിൽ ചേർക്കുക