Kerala highway development: മലയാളികളുടെ ചീട്ട് കീറുന്നു? ഹൈവേ വികസനം വെള്ളം കുടിപ്പിച്ചേക്കും
Kerala Highway Development's positive and negative sides: കേരളത്തിലെ ഭൂപ്രകൃതി അനുസരിച്ച് ജലം കിഴക്കുനിന്ന് പടിഞ്ഞാറോട്ടാണ് ഒഴുകുന്നത്. എന്നാൽ ദേശീയപാത വടക്കുനിന്ന് തെക്കോട്ടായതിനാൽ ഇത് സ്വാഭാവിക ജലയൊഴുക്കിനെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്.
Nh development issueImage Credit source: TV9 Network
തിരുവനന്തപുരം: കേരളത്തിലെ ദേശീയപാതാ വികസനം സംസ്ഥാനത്തിന്റെ ഗതാഗത മേഖലയിലും സാമ്പത്തിക രംഗത്തും വലിയ കുതിച്ചുചാട്ടം ഉണ്ടാക്കുമെന്നതിൽ തർക്കമില്ല. യാത്രാസമയം കുറയുന്നതും ചരക്കുനീക്കം സുഗമമാകുന്നതും വ്യാപാര-വിനോദസഞ്ചാര മേഖലകൾക്ക് വലിയ ഉണർവ് നൽകും. എന്നാൽ, കേരളത്തിന്റെ സവിശേഷമായ ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിക്കാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വൻ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന സൂചനയാണ് മൈലക്കാട്, കൊട്ടിയം, വളാഞ്ചേരി എന്നിവിടങ്ങളിലെ സംരക്ഷണ ഭിത്തികൾ ഇടിഞ്ഞുവീണ സംഭവങ്ങൾ നമുക്ക് നൽകുന്നത്. ഇതിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട ചില വഴികളെപ്പറ്റി മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഗൗരവമായി പരിഗണിക്കേണ്ട വിഷയങ്ങൾ
- അതിതീവ്ര മഴയും പ്രളയവും ഉരുൾപൊട്ടലുമെല്ലാം കേരളത്തിൽ പതിവായിക്കൊണ്ടിരിക്കുകയാണ്. അതിനാൽ, വടക്കേ ഇന്ത്യയിലെ സമതലങ്ങളിൽ നടപ്പിലാക്കുന്ന അതേ മാതൃകയിലുള്ള നിർമ്മാണം ഇവിടെ പ്രായോഗികമാകില്ല. കേരളത്തിലെ അതിവേഗ നഗരവൽക്കരണവും ആവാസവ്യവസ്ഥയും കണക്കിലെടുത്ത്, പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള രീതിയിലാവണം പാതകളുടെ രൂപകല്പന.
- കേരളത്തിലെ ഭൂപ്രകൃതി അനുസരിച്ച് ജലം കിഴക്കുനിന്ന് പടിഞ്ഞാറോട്ടാണ് ഒഴുകുന്നത്. എന്നാൽ ദേശീയപാത വടക്കുനിന്ന് തെക്കോട്ടായതിനാൽ ഇത് സ്വാഭാവിക ജലയൊഴുക്കിനെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. കുന്നുകൾ നിരത്തിയും പാടങ്ങൾ നികത്തിയും ഉയർത്തുന്ന പാതകൾ വലിയ മതിലുകൾ പോലെ പ്രവർത്തിക്കുന്നത് കിഴക്കൻ മേഖലകളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാകും. അരുവികളുടെയും നീർച്ചാലുകളുടെയും സ്വാഭാവിക ഒഴുക്ക് നിലനിർത്താൻ കൂടുതൽ കൾവർട്ടുകളും വലിയ ഡ്രെയിനേജുകളും ശാസ്ത്രീയമായി നിർമ്മിക്കണം.
- കേരളത്തിലെ ഉപരിതല മണ്ണിന് വെള്ളം വലിച്ചെടുക്കാനുള്ള ശേഷി കൂടുതലാണ്. ഇത് ഹൈവേയുടെ വശങ്ങളിൽ നിറയ്ക്കുമ്പോൾ മഴക്കാലത്ത് സംരക്ഷണ ഭിത്തികളിൽ അമിതമർദ്ദം സൃഷ്ടിക്കുന്നു. ഇത് ഭിത്തികൾ തകരാൻ കാരണമാകുന്നു. റോഡ് നിർമ്മാണത്തിന് മണ്ണ് എടുക്കുന്നതും പരിസ്ഥിതിക്കും ഭൂഗർഭജല ലഭ്യതയ്ക്കും ദോഷകരമാകാത്ത വിധത്തിലാകണം.
- താപനില കുറയ്ക്കാനും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താനും ഹൈവേയുടെ ഇരുവശങ്ങളിലും മരങ്ങൾ വെച്ചുപിടിപ്പിക്കണം. നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കണിക്കൊന്ന, തണൽമരങ്ങൾ, മുളങ്കാടുകൾ എന്നിവ റോഡ് സുരക്ഷയെ ബാധിക്കാത്ത രീതിയിൽ വളർത്തുന്നത് വായു-ശബ്ദ മലിനീകരണം കുറയ്ക്കാൻ സഹായിക്കും.
- ദേശീയപാതകളിൽ നിശ്ചിത ദൂരപരിധിയിൽ ഭിന്നശേഷി സൗഹൃദമായ ശൗചാലയങ്ങൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. ദീർഘദൂര യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും ഇത് അത്യാവശ്യമാണ്.
- ജിയോളജി, സിവിൽ എൻജിനീയറിങ് വിദ്യാർത്ഥികളെ ഹൈവേ നിർമ്മാണത്തിന്റെ മാപ്പിംഗിലും നിരീക്ഷണത്തിലും പങ്കാളികളാക്കുന്നത് ഗുണകരമാകും. ഇതിലൂടെ ശാസ്ത്രീയമായ പഠന റിപ്പോർട്ടുകൾ തയ്യാറാക്കാനും അപകടസാധ്യതയുള്ള മേഖലകൾ കണ്ടെത്താനും സാധിക്കും. കൂടാതെ, ഓരോ പ്രദേശത്തെയും മണ്ണിനെയും ജലയൊഴുക്കിനെയും കുറിച്ച് വ്യക്തമായ ധാരണയുള്ള പ്രാദേശിക ജനതയുടെ നിർദ്ദേശങ്ങളും നിർമ്മാണ ഘട്ടത്തിൽ തേടേണ്ടതാണ്.