Christmas pudding recipe: കേക്ക് മാത്രമല്ല പുഡിങ്ങും സൂപ്പറാണ്…. ക്രിസ്മസ് കളറാക്കാൻ ഒരു വെറൈറ്റി പരീക്ഷിച്ചാലോ?
Traditional Christmas pudding recipe : ക്രിസ്മസിന് ആഴ്ചകൾക്ക് മുമ്പ് തന്നെ ഇത് തയ്യാറാക്കി വെക്കുന്നത് രുചി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇടയ്ക്ക് അല്പം ബ്രാൻഡി പുഡ്ഡിംഗിന് മുകളിൽ തൂകി കൊടുക്കുന്നത് നല്ലതാണ്.

Christmas Pudding (1)
ക്രിസ്മസിനു ഇനി വെറും രണ്ടു ദിവസം കൂടി ബാക്കി. പല വിഭവങ്ങൾ നമ്മുടേതായി ഉണ്ടെങ്കിലും ഇടയ്ക്കൊരു വെറൈറ്റി വേണമെന്ന് ആഗ്രഹിക്കാത്ത ആരുണ്ട്? വിദേശ മാതൃകയിലുള്ള പലതരം കേക്കുകൾ നമുക്കു ചുറ്റുമുണ്ട്. ഇതിൽ നിന്ന് അൽപം വ്യത്യസ്തമായി തനി പരമ്പരാഗത ശൈലിയിലുള്ള ഒരു പുഡിങ് തയ്യാറാക്കിയാലോ? ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ പരമ്പരാഗതമായ ഒരു ബ്രിട്ടീഷ് ക്രിസ്മസ് പുഡ്ഡിംഗ് വീട്ടിൽ തന്നെ തയ്യാറാക്കാം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ വിഭവം ഉണങ്ങിയ പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ബ്രാൻഡി എന്നിവയുടെ മിശ്രിതം കൊണ്ട് നിർമ്മിക്കുന്ന ഒന്നാണ്.
ഈ ക്രിസ്മസ് പുഡ്ഡിംഗ് എളുപ്പത്തിൽ തയ്യാറാക്കാനുള്ള വഴി ഇതാ…
ആവശ്യമായ ചേരുവകൾ
- 225 ഗ്രാം ഉണക്കമുന്തിരി (കറുപ്പും വെളുപ്പും), 225 ഗ്രാം സുൽത്താന മുന്തിരി, 100 ഗ്രാം കറന്റ്സ്
- 100 ഗ്രാം മിക്സഡ് കാൻഡിഡ് പീൽ (ചെറുതായി അരിഞ്ഞത്), 100 ഗ്രാം ബദാം
- 140 ഗ്രാം മൈദ, 100 ഗ്രാം ബ്രെഡ് ക്രംബ്സ്, 150 ഗ്രാം ബ്രൗൺ ഷുഗർ.
- 1 ടീസ്പൂൺ മിക്സഡ് സ്പൈസ്, 1 ടീസ്പൂൺ കറുവപ്പട്ട പൊടി, ഒരു നുള്ള് ഉപ്പ്.
- 2 ആപ്പിൾ (തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തത്), 1 നാരങ്ങയുടെയും ഓറഞ്ചിന്റെയും തൊലി (Zest), 3 മുട്ട (അടിച്ചത്).
- 150 ഗ്രാം ബട്ടർ (ചെറുതായി അരിഞ്ഞത്).
- 150-200 മില്ലി ബ്രാൻഡി അല്ലെങ്കിൽ ഡാർക്ക് എയിൽ (Ale).
തയ്യാറാക്കുന്ന വിധം
മുന്തിരികൾ, കാൻഡിഡ് പീൽ, ഗ്രേറ്റ് ചെയ്ത ആപ്പിൾ എന്നിവ ഒരു പാത്രത്തിലെടുത്ത് അതിൽ ബ്രാൻഡി ഒഴിച്ച് നന്നായി ഇളക്കുക. ഇത് ഒരു രാത്രി മുഴുവനോ അല്ലെങ്കിൽ ഒരാഴ്ച വരെയോ ഫ്രിഡ്ജിൽ വെച്ച് കുതിർക്കുന്നത് മികച്ച രുചി നൽകും. ഒരു വലിയ പാത്രത്തിൽ മൈദ, സുഗന്ധവ്യഞ്ജനങ്ങൾ, ബ്രെഡ് ക്രംബ്സ്, പഞ്ചസാര, ബദാം, നാരങ്ങ/ഓറഞ്ച് തൊലി എന്നിവ ചേർത്ത് ഇളക്കുക. കുതിർത്ത പഴങ്ങളിലേക്ക് അടിച്ച മുട്ടയും ബട്ടറും ചേർക്കുക. ശേഷം ഇത് മൈദ മിശ്രിതത്തിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിക്കുക.
ALSO READ: ഫ്രീസർ നിറയെ ഐസ്, ഫ്രിഡ്ജ് ഓഫ് ചെയ്താൽ അലിയുന്നതിനൊപ്പം ഇരട്ടിപ്പണിയോ… പോംവഴി ഉണ്ട്
ഒരു പുഡ്ഡിംഗ് ബേസിനിൽ നെയ്യ് പുരട്ടി മിശ്രിതം അതിലേക്ക് അമർത്തി നിറയ്ക്കുക. ഗ്രീസ് പ്രൂഫ് പേപ്പറും ഫോയിൽ പേപ്പറും ഉപയോഗിച്ച് പാത്രം നന്നായി മൂടി ചരട് കൊണ്ട് മുറുക്കി കെട്ടുക. ഒരു വലിയ പാത്രത്തിൽ പകുതി വരെ വെള്ളം തിളപ്പിക്കുക. അതിനുള്ളിൽ ഒരു സ്റ്റാൻഡ് വെച്ച് പുഡ്ഡിംഗ് പാത്രം ഇറക്കിവെക്കുക. ഏകദേശം 6 മണിക്കൂർ കുറഞ്ഞ തീയിൽ വച്ച് പുഴുങ്ങുക. ഇടയ്ക്ക് വെള്ളം കുറയുന്നുണ്ടോ എന്ന് പരിശോധിച്ചു ചൂടുവെള്ളം ഒഴിച്ചു കൊടുക്കണം.
പുഡ്ഡിംഗ് തണുത്ത ശേഷം പുതിയ പേപ്പർ ഉപയോഗിച്ച് മൂടി തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കുക. വിളമ്പുന്ന ദിവസം ഏകദേശം 2 മണിക്കൂർ കൂടി ആവിയിൽ പുഴുങ്ങുക.
വിളമ്പുന്ന രീതി
വിളമ്പുന്നതിന് തൊട്ടുമുമ്പ് അല്പം ബ്രാൻഡി ചൂടാക്കി പുഡ്ഡിംഗിന് മുകളിൽ ഒഴിച്ച് തീ കൊളുത്തുന്നത് രസകരമായ കാഴ്ചയാണ്. ഇതിനോടൊപ്പം ക്രീമോ, കസ്റ്റാർഡോ ചേർത്ത് കഴിക്കാവുന്നതാണ്. ക്രിസ്മസിന് ആഴ്ചകൾക്ക് മുമ്പ് തന്നെ ഇത് തയ്യാറാക്കി വെക്കുന്നത് രുചി വർദ്ധിപ്പിക്കാൻ സഹായിക്കും. ഇടയ്ക്ക് അല്പം ബ്രാൻഡി പുഡ്ഡിംഗിന് മുകളിൽ തൂകി കൊടുക്കുന്നത് നല്ലതാണ്.