Kanni Manga Pickle: വായില്‍ കപ്പലോടും! പരമ്പരാഗത രീതിയിൽ ഒരു കിടിലൻ കണ്ണിമാങ്ങ അച്ചാർ തയ്യാറാക്കം
Kanni Manga Pickle Recipe:നല്ല പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന കണ്ണിമാങ്ങ അച്ചാർ ഏതൊരാളുടെയും വായില്‍ കപ്പലോടും. ഇത്തവണ വീട്ടിൽ പെട്ടെന്ന് തയാറാക്കി സൂക്ഷിക്കാം കണ്ണിമാങ്ങാ അച്ചാർ ഉണ്ടാക്കിയാലോ? ഈ രീതിയിൽ അച്ചാർ ഇട്ടാൽ കേടാകില്ല.

Kanni Manga Pickle Recipe
മാമ്പഴ സീസണ്‍ തുടങ്ങി കഴിഞ്ഞു. മിക്കയിടത്തും പലതരത്തിലുള്ള മാങ്ങകൾ സുലഭമായി കിട്ടി തുടങ്ങി. പലരും ഇത് വച്ച് പല പരീക്ഷണങ്ങളാണ് നടത്തുന്നത്. എന്നാൽ മാങ്ങ ലഭിച്ചാൽ ഏതൊരു മലയാളിയും ആദ്യം അച്ചാർ തയ്യാറാക്കാനാകും ശ്രമിക്കുക. മഴക്കാലത്തേക്കുള്ള ഒരു തയ്യാറെടുപ്പ് കൂടിയാണ് പലർക്കും മാങ്ങ അച്ചാർ തയ്യാറാക്കുന്നത്.
മാങ്ങ അച്ചാറിൽ എന്നും കണ്ണിമാങ്ങാ അച്ചാർ തന്നെയാണ് മുൻനിരയിൽ. നല്ല പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന കണ്ണിമാങ്ങ അച്ചാർ ഏതൊരാളുടെയും വായില്‍ കപ്പലോടും. ഇത്തവണ വീട്ടിൽ പെട്ടെന്ന് തയാറാക്കി സൂക്ഷിക്കാൻ പറ്റുന്ന ഒരു കണ്ണിമാങ്ങാ അച്ചാർ ഉണ്ടാക്കിയാലോ? ഈ രീതിയിൽ അച്ചാർ ഇട്ടാൽ മാസങ്ങളോളം കേടാകില്ല.
വേണ്ട ചേരുവകൾ
കണ്ണിമാങ്ങ – ½ കിലോ
കല്ലുപ്പ് – 250 ഗ്രാം
മഞ്ഞൾ പൊടി – 3 ടേബിൾസ്പൂൺ
കടുക് – 100 ഗ്രാം
കായം പൊടി – 3 ടേബിൾസ്പൂൺ
ഉണക്കമുളക് – 50 ഗ്രാം
ഉലുവാപ്പൊടി – 3 ടേബിൾസ്പൂൺ
Also Read:വര്‍ഷം മുഴുവൻ മാമ്പഴ രുചി ആസ്വദിക്കാം; നടി അഞ്ജു കുര്യന്റെ ഈ റെസിപ്പി പരീക്ഷിച്ചോളൂ
തയ്യാറുക്കുന്ന വിധം
ആദ്യം കണ്ണിമാങ്ങകൾ താഴെ വീഴാതെ പറിച്ചെടുക്കണം. മാങ്ങയ്ക്ക് തണ്ട് ( ഞെടുപ്പ് ) ഉണ്ടായിരിക്കണം. ഇതിനു ശേഷം നന്നായി കഴുകിയെടുത്ത് കോട്ടൺ തുണിവച്ച് തുടച്ചെടുക്കുക. ശേഷം ഒരു ഭരണിയിലേക്ക് മാങ്ങയുടെ തണ്ട് പൊട്ടിച്ച് ഇട്ടു കൊടുക്കുക. ഞെടുപ്പ് പൊട്ടിക്കുമ്പോൾ വരുന്ന ചുന ഭരണിയിലേക്ക് പോകുന്ന രീതിയിൽ വേണം ഇത് ചെയ്യാൻ. ശേഷം ഓരോ ലെയറായി കല്ല് ഉപ്പ് ചേർക്കുക. കല്ല് ഉപ്പ് തന്നെ ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം നല്ല കോട്ടൺ തുണി വച്ചിട്ട് കെട്ടി കൊടുക്കുക. പിന്നെ ഭരണിയുടെ അടപ്പ് വച്ച് അടയ്ക്കുക. എല്ലാ ദിവസവും മാങ്ങ നന്നായിട്ട് കുലുക്കി വെയ്ക്കണം. ഭരണയുടെ അടിയിലുള്ള മാങ്ങ മുകളിൽ വരത്തക്ക രീതിയിൽ വേണം കുലുക്കി വെക്കാൻ. ഇങ്ങനെ ഒരു മൂന്നാഴ്ച മാങ്ങ വയ്ക്കണം.
ഇതിനു ശേഷം അച്ചാർ ഉണ്ടാക്കാം. അച്ചാർ ഉണ്ടാക്കുന്ന സമയത്ത് ഉപ്പുമാങ്ങ ഉപ്പിൽ നിന്നും കോരി എടുത്തതിനുശേഷം ഒരു തുണിയിലേക്ക് അതിന്റെ വെള്ളം വാർന്നു പോകുന്ന രീതിയിൽ വയ്ക്കുക. ഇതിനു ശേഷം ആവശ്യത്തിനു പച്ചവെള്ളം എടുത്ത് ഇതിലേക്ക് മഞ്ഞൾപ്പൊടിയിട്ട് നന്നായിട്ട് തിളപ്പിച്ച് എടുക്കുക. ഇതിനു ശേഷം ഈ വെള്ളം തണുപ്പിച്ച് എടുക്കണം. ഇനി ഉണക്കമുളകും കടുകും എടുക്കുക, ശേഷം മുളകിനകത്തേക്ക് മഞ്ഞൾ വെള്ളം ഒഴിച്ച് അരച്ചെടുക്കുക. മുളകു നല്ലതുപോലെ അരഞ്ഞു പോകരുത്. ഇനി കടുക് പൊടിച്ചെടുക്കുക. ഇത് രണ്ടും കൂടെ ഒരു പാത്രത്തിലേക്ക് ഇട്ട് അതിനകത്തേക്ക് ആവശ്യത്തിന് ഉലുവ പൊടിയും കായപ്പൊടിയും ഇട്ട് മിക്സ് ചെയ്യുക. ഇതിലേയ്ക്ക് മാങ്ങകൾ ഇട്ടു കൊടുക്കുക. ശേഷം മഞ്ഞൾ വെള്ളം കൂടുതലായി ചേർത്തു കൊടുത്ത് നന്നായിട്ട് മിക്സ് ചെയ്തെടുക്കുക. ഇതോടെ കണ്ണിമാങ്ങ അച്ചാർ റെഡി.