Viral Irani chay: ഈ വൈറൽ ഇറാനി ചായയ്ക്ക് ഇറാനുമായി ഒരു ബന്ധവുമില്ലത്രേ… അതൊരു പേർഷ്യൻ – ഇന്ത്യൻ കുട്ടി
Viral Irani chai's history: പേർഷ്യൻ രീതിയിൽ ചായയ്ക്ക് കടുപ്പം കൂട്ടാൻ കൂടുതൽ നേരം തിളപ്പിക്കുന്ന രീതിയും, പാലിനൊപ്പം പഞ്ചസാര ചേർക്കുന്ന ശൈലിയും ഇന്ത്യൻ രുചിയായ ഖോവ (കട്ടിയുള്ള പാൽ ക്രീം) ഉപയോഗിച്ച് അവർ നവീകരിച്ചു.
കേരളത്തിലെ ഓരോ കവലകളിലുമുണ്ട് ഇപ്പോൾ ഇറാനി ചായ. വിദേശിയായ ചായ … ഇറാനിൽ നിന്നു വന്ന ചായ എന്നെല്ലാം വിശ്വസിക്കാൻ വരട്ടെ, ഇതൊരു ഇന്ത്യൻ – വിദേശ സങ്കരരുചിയാണ്. ഒരു സാധാരണ ചായ എന്നതിലുപരി, മൊറോക്കോയിലെ മൺപാത്രക്കടയിലെ മണം പോലെ രുചിയുള്ള ഇതെങ്ങനെ ഇന്ത്യനാകും എന്ന് ചിന്തിച്ചു പോകേണ്ട ആ കഥ അൽപം പഴയതാണ്. ഇറാനി ചായയുടെ പിന്നിലെ ചരിത്രമെന്ത്, എവിടെ നിന്നാണ് ഇത് ഇന്ത്യയിലെത്തിയത്, എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്നെല്ലാം ഒന്നു നോക്കാം.
ഹൈദരാബാദിലെ പേർഷ്യൻ കഥ
ഇറാനി ചായയുടെ യഥാർത്ഥ ജന്മദേശം ഹൈദരാബാദാണ്. ഏകദേശം 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ ഇറാനിലെ യാസ്ദ്, ഇസ്ഫഹാൻ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ധാരാളം കുടിയേറ്റക്കാർ അന്നത്തെ നിസാം ഭരണത്തിൻ കീഴിലുള്ള ഹൈദരാബാദിൽ എത്തിച്ചേർന്നു.
Also read – പുളിയില്ലാത്ത കട്ട തൈര് വീട്ടില്‍ തയ്യാറാക്കാം; പക്ഷേ ഈ പാല് ഉപയോഗിക്കണം
ഇവർ ഹൈദരാബാദിൽ തങ്ങളുടെ പരമ്പരാഗത പേർഷ്യൻ ശൈലിയിലുള്ള കഫേകൾ സ്ഥാപിച്ചു. ഈ കഫേകളാണ് പിന്നീട് പ്രശസ്തമായ ‘ഇറാനി കഫേകൾ’ എന്ന് അറിയപ്പെട്ടത്. പേർഷ്യൻ രീതിയിൽ ചായയ്ക്ക് കടുപ്പം കൂട്ടാൻ കൂടുതൽ നേരം തിളപ്പിക്കുന്ന രീതിയും, പാലിനൊപ്പം പഞ്ചസാര ചേർക്കുന്ന ശൈലിയും ഇന്ത്യൻ രുചിയായ ഖോവ (കട്ടിയുള്ള പാൽ ക്രീം) ഉപയോഗിച്ച് അവർ നവീകരിച്ചു. അങ്ങനെ, പേർഷ്യൻ രീതിയുടെ സാന്ദ്രതയും ഇന്ത്യൻ പാലിന്റെ സമൃദ്ധിയും കൂടിച്ചേർന്നാണ് ഇന്നത്തെ തനതായ ഇറാനി ചായ പിറവിയെടുത്തത്.