AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thick Curd Recipe: പുളിയില്ലാത്ത കട്ട തൈര് വീട്ടില്‍ തയ്യാറാക്കാം; പക്ഷേ ഈ പാല് ഉപയോ​ഗിക്കണം

Homemade Thick Curd Recipe: കട്ടത്തൈര് തയ്യാറാക്കാനായി കൊഴുപ്പ് കൂടുതൽ ഉള്ള പാൽ തന്നെ തിരഞ്ഞെടുക്കണം. 'ഫുൾ ക്രീം' അല്ലെങ്കിൽ 'റിച്ച്' പാൽ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം.

Thick Curd Recipe: പുളിയില്ലാത്ത കട്ട തൈര് വീട്ടില്‍ തയ്യാറാക്കാം; പക്ഷേ ഈ പാല് ഉപയോ​ഗിക്കണം
Homemade Thick CurdImage Credit source: Getty Images
sarika-kp
Sarika KP | Published: 27 Nov 2025 13:43 PM

ചോറിനൊപ്പം എത്ര കറിയുണ്ടെങ്കിലും അല്പം കട്ടത്തൈര് കൂട്ടി ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പലപ്പോഴും നല്ല രുചിയുള്ള കട്ടത്തൈര് ലഭിക്കണമെന്നില്ല. കടയില്‍ നിന്നും വാങ്ങിയാല്‍ തന്നെ നല്ല വിലയാണ്. വീട്ടിൽ തയ്യാറാക്കമെന്ന് വച്ചാൽ നാടന്‍ പാല് കിട്ടിക്കോളണം എന്നുമില്ല. അങ്ങനെയുള്ളവർ ഇനി വിഷമിക്കേണ്ട. പാക്കറ്റില്‍ കിട്ടുന്ന പാല്‍ ഉപയോഗിച്ച് നല്ല കട്ടിയുള്ള തൈര് വീട്ടിൽ തന്നെ ഉണ്ടാക്കാം. എങ്ങനെ എന്നല്ലേ ? പറയാം…

കട്ടത്തൈര് തയ്യാറാക്കാനായി കൊഴുപ്പ് കൂടുതൽ ഉള്ള പാൽ തന്നെ തിരഞ്ഞെടുക്കണം. ‘ഫുൾ ക്രീം’ അല്ലെങ്കിൽ ‘റിച്ച്’ പാൽ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. കൊഴുപ്പ് കുറഞ്ഞ പാലിൽ ഉണ്ടാക്കിയാൽ തൈരിന് സ്വാഭാവികമായും കട്ടി കുറയും. ഇതിനു ശേഷം പാൽ തിളച്ച ശേഷം ഒരു അഞ്ച് മിനിറ്റ് ചെറുതീയിൽ വെച്ച് ചെറുതായി വറ്റിക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുമ്പോൾ അതിലെ ജലാംശം കുറയുകയും കൊഴുപ്പിന്റെ അളവ് കൂടുകയും ചെയ്യും, ഇത് തൈരിന് കൂടുതൽ കട്ടി നൽകും.

Also Read:തുർക്കിയിലെ ഓരോ നാടിനും ഓരോ കബാബോ? രുചിപ്പെരുമയുടെ പിന്നിലെ രഹസ്യം

തൈരാക്കാനായി ‘ഉറയൊഴിക്കുമ്പോൾ’ പാലിന്‍റെ ചൂട് ഏറ്റവും പ്രധാനമാണ്. ചൂട് കൂടിയാലും കുറഞ്ഞാലും തൈര് ശരിയായ രീതിയിൽ കിട്ടണമെന്നില്ല. ചൂട് കൂടിപ്പോയാൽ തൈര് പിരിഞ്ഞു പോകും. തണുത്തുപോയാൽ കട്ടിയായി ഉറക്കുകയും ഇല്ല.പാൽ നന്നായി തിളപ്പിച്ച ശേഷം അടുപ്പിൽ നിന്ന് മാറ്റി തണുക്കാൻ വെക്കുക. പാൽ ചെറുചൂടോടെ മാത്രമേ ഉറയൊഴിക്കാൻ പാടുള്ളൂ. ശരിയായ ചൂടാണോ എന്നറിയാൻ ഒരു വിരൽ പാലിൽ മുക്കുക. ആ ചൂട് 5 മുതൽ 10 സെക്കൻഡ് വരെ കുഴപ്പമില്ലെങ്കിൽ അത് ശരിയായ താപനിലയാണ്.

ഉറയൊഴിക്കേണ്ടത് എങ്ങനെ

ഉറയൊഴിക്കാനായി എടുക്കേണ്ട തൈരും പുളിയില്ലാത്ത കട്ട തൈര് തന്നെ വേണം. ഒരു ലിറ്റർ പാലിന് 1 മുതൽ 2 ടീസ്പൂൺ ഉറ മതിയാകും. ഇതിനായി ഒരു പാത്രത്തിൽ ആദ്യം ഈ ഉറ എടുക്കുക. ഇതിലേക്ക് അല്‍പ്പം പാൽ ഒഴിച്ച് ഇളക്കുക. ഒറ്റ തവണ ഇളക്കിയാൽ മതി. കൂടുതൽ തവണ ഇളക്കുകയാണെങ്കിൽ തൈര് സെറ്റ് ആകുമ്പോൾ കട്ടി കുറയാനും വെള്ളം പോലെയാകാനും സാധ്യതയുണ്ട്. ശേഷം ബാക്കി പാൽ ഒഴിച്ച് ഒരിടത്ത് 6 മുതൽ 8 മണിക്കൂർ വരെ വെക്കുക. തൈര് നന്നായി കട്ടിയായി ഉറച്ച് കഴിഞ്ഞാൽ, പാത്രം ഇളക്കാതെ നേരെ ഫ്രിജിലേക്ക് മാറ്റുക.