Gray hair: മുടി നരയ്ക്കുന്നത് വയസ്സായതിന്റെ മാത്രം ലക്ഷണമല്ല… ഇതൊരു തന്ത്രം
Gray Hair May Be a Defense Strategy: നിങ്ങളുടെ നരച്ച മുടി നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധത്തിന്റെ സൂചനയാകാം. എങ്കിലും, നരച്ച മുടിയുള്ളവർക്ക് ത്വക്ക് കാൻസർ വരില്ല എന്ന് അർത്ഥമില്ല.

Grey Hair
പുറത്ത് പോകാനായി ഒരുങ്ങുമ്പോൾ മുടിയിൽ ഒരു നരച്ച ഇഴ കണ്ടാൽ മിക്കവരും വിഷമിക്കാറുണ്ട്. മുടി സംരക്ഷണത്തിനായി പണം മുടക്കിയിട്ടും എന്താണ് നര വരുന്നത് എന്ന ആശങ്കപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ, നരച്ച മുടി വെറും വാർദ്ധക്യത്തിന്റെയോ സൗന്ദര്യപ്രശ്നത്തിന്റെയോ മാത്രം സൂചനയല്ല, മറിച്ച് ശരീരത്തിന്റെ ഒരു സംരക്ഷണ തന്ത്രമായേക്കാം എന്നാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
ടോക്കിയോ യൂണിവേഴ്‌സിറ്റി പഠനം
ടോക്കിയോ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് ഈ കണ്ടെത്തലിനു പിന്നിൽ. മെലനോസൈറ്റ് സ്റ്റെം സെല്ലുകളിൽ ഇവർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. മുടിക്ക് നിറം നൽകുന്ന പിഗ്മെന്റ് കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നത് ഈ കോശങ്ങളാണ്. ഡി.എൻ.എ.യ്ക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുമ്പോൾ, McSCs പ്രവർത്തനരഹിതമാകുകയും പുനരുജ്ജീവിപ്പിക്കുന്നത് നിർത്തുകയും ചെയ്യുന്നതായി അവർ എലികളിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി.
Also read – ഹൃദ്രോഗങ്ങളെ അകറ്റാൻ വേറെ മരുന്ന് വേണ്ട, ദിവസവും ഇതൊന്ന് കഴിച്ചാൽ മതി!
അതായത് ലളിതമായി പറഞ്ഞാൽ, കേടായ കോശങ്ങൾ വിഭജിച്ച് ത്വക്ക് കാൻസറുൾപ്പെടെയുള്ള ട്യൂമറുകളായി മാറാനുള്ള സാധ്യത ഒഴിവാക്കാൻ, ശരീരം ആ നിറം നൽകുന്ന കോശങ്ങളെ മനഃപൂർവം ‘ഷട്ട് ഡൗൺ’ ചെയ്യുന്നു. ഇത് മുടി നരയ്ക്കുന്നതിലേക്ക് നയിക്കുന്നു. അതായത്, നര ഒരു രോഗപ്രതിരോധ സംവിധാനത്തിന്റെ ഭാഗമായിരിക്കാം എന്ന് ചുരുക്കം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിങ്ങളുടെ നരച്ച മുടി നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധത്തിന്റെ സൂചനയാകാം. എങ്കിലും, നരച്ച മുടിയുള്ളവർക്ക് ത്വക്ക് കാൻസർ വരില്ല എന്ന് അർത്ഥമില്ല. മറ്റൊരു കാര്യം ഈ പഠനം എലികളിലാണ് നടത്തിയത്. മനുഷ്യരിൽ ഇതിന്റെ പൂർണ്ണമായ ഗുണമുണ്ടോ എന്ന് കണ്ടെത്താൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.
നരയുടെ മറ്റ് കാരണങ്ങൾ
നരയുടെ പ്രധാന കാരണം ജനിതക ഘടകങ്ങളും വാർദ്ധക്യവുമാണ്. എന്നാൽ സമ്മർദ്ദം, വിറ്റാമിൻ B12, D പോലുള്ള പോഷകങ്ങളുടെ കുറവ്, തൈറോയിഡ് പ്രശ്നങ്ങൾ, പുകവലി എന്നിവയും അകാല നരയ്ക്ക് കാരണമാകാം. അതിനാൽ, സമ്മർദ്ദം നിയന്ത്രിക്കുക, പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുക എന്നിവ അകാല നര ഒഴിവാക്കാൻ അത്യാവശ്യമാണ്.