Ahmedabad Air India Crash: അഹമ്മദാബാദ് വിമാനദുരന്തം; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ സഹായിക്കുന്നത് എങ്ങനെ?
DNA Profiling Helps Identify Victims in Disasters: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന എങ്ങനെയാണ് സഹായിക്കുന്നതെന്ന് നോക്കാം.
അഹമ്മദാബാദ് വിമാനാപകടത്തിന്റെ ഞെട്ടലിൽ നിന്നും ഇനിയും രാജ്യം കരകയറിയിട്ടില്ല. ബന്ധുക്കളുടെ മരണവാർത്ത അറിഞ്ഞ് നിരവധിയാളുകളാണ് അപകടസ്ഥലത്ത് എത്തിയിരിക്കുന്നത്. കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ ഉള്ളത്. നിലവിൽ ഡിഎൻഎ പരിശോധന നടത്തിയാണ് അപകടത്തിൽപ്പെട്ടവരെ തിരിച്ചറിയുന്നത്. മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന എങ്ങനെയാണ് സഹായിക്കുന്നതെന്ന് നോക്കാം.
എന്താണ് ഡിഎൻഎ ഫിംഗർപ്രിന്റിങ്/ പ്രൊഫൈലിങ്?
ഓരോ മനുഷ്യരുടെയും വിരലടയാളവും ജനിതക ഘടനയും വ്യത്യസ്തമാണ്. ഒരാളുടെ ജനിതക ഘടന മറ്റൊരാൾക്കും ഉണ്ടായിരിക്കില്ല. ഇത്തരത്തിൽ ഓരോ മനുഷ്യനിലും കാണപ്പെടുന്ന തനതായ ജനിതക കോഡിനെയാണ് ഡിഎൻഎ എന്ന് പറയുന്നത്. ശരീരത്തിലെ ഏതെങ്കിലും കോശം അല്ലെങ്കിൽ അസ്തി, പല്ല് എന്നിവയിൽ നിന്ന് ഡിഎൻഎ വേർതിരിച്ചെടുക്കാനായി സാധിക്കും. വലിയ സ്ഫോടനങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്നും, ഉയർന്ന താപമുള്ള പ്രദേശങ്ങളിൽ നിന്നും പോലും ഇതുപോലെ ഡിഎൻഎ വേർതിരിച്ചെടുക്കാൻ കഴിയും.
അപകട സ്ഥലത്ത് നിന്നും ഫോറൻസിക് സംഘത്തിൻറെ നേതൃത്വത്തിൽ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. ശേഷം, മരിച്ചവരുടെ വ്യക്തിഗത വസ്തുക്കളായ ടൂത്ത് ബ്രഷുകൾ, ചീപ്പുകൾ, പഴയ മെഡിക്കൽ രേഖകൾ എന്നിവയുമായോ, അടുത്ത ബന്ധുക്കൾ നൽകുന്ന റഫറൻസ് ഡിഎൻഎയുമായോ അത് താരതമ്യം ചെയ്യുന്നു. ഈ പ്രക്രിയയാണ് ഡിഎൻഎ പ്രൊഫൈലിംഗ് അഥവാ ഡിഎൻഎ ഫിംഗർ പ്രിന്റിങ്. ഇത്തരത്തിൽ താരതമ്യം ചെയ്താണ് മൃതദേഹം ആരുടേതാണെന്ന് കണ്ടെത്തുന്നത്.
ALSO READ: ഉറക്കത്തിലുണ്ടാകുന്ന ഹൃദയാഘാതം എങ്ങനെ തടയാം? ഈ രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കൂ
അഹമ്മദാബാദ് വിമാനാപകടത്തിന് ശേഷം ഏറ്റവുമധികം ഉയർന്ന് വരുന്ന ചോദ്യമാണ് കത്തിക്കരിഞ്ഞ ശരീരത്തിൽ നിന്നും ഡിഎൻഎ വേർതിരിച്ചെടുക്കാൻ കഴിയുമോ എന്നത്. സാധ്യമാണ് എന്നതാണ് അതിനുള്ള ഉത്തരം. ശരീരത്തിലെ മിക്ക കോശങ്ങളിലും ഡിഎൻഎ ഉള്ളതിനാൽ ഇത് സാധ്യമാണെന്ന് വിദഗ്ധർ പറയുന്നു. പുരാതന മനുഷ്യന്റെ അവശിഷ്ടങ്ങളിൽ നിന്ന് പോലും ശാസ്ത്രജ്ഞർ വിജയകരമായി ഡിഎൻഎ വേർതിരിച്ചെടുക്കാറുണ്ട്. അതിനാൽ, വിമാനാപകടത്തിൽ ഗുരുതരായമായി പൊള്ളലേറ്റവരുടെയും ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കാൻ സാധിക്കും.