Medicine-Water Intake: ഗുളിക കഴിക്കുമ്പോൾ എത്ര ഗ്ലാസ് വെള്ളം കുടിക്കണം; അറിഞ്ഞിരിക്കേണ്ടതെല്ലാം
Water Intake for Medicine: ചിലർ ഗുളിക ഇറക്കാൻ ആവശ്യമായ വെള്ളം മാത്രം കുടിക്കുമ്പോൾ, മറ്റു ചിലർ വെള്ളം കുടിക്കാതെ തന്നെ വിഴുങ്ങുന്നു. എന്നാൽ ഇത് ശരീരത്തിന് ഒരുപാട് ദോഷം ചെയ്യും എന്ന കാര്യം പലർക്കും അറിയില്ല.
പനി, ജലദോഷം മുതൽ ഹൃദ്രോഗം, ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് വരെ നമ്മൾ മരുന്നുകൾ കഴിക്കാറുണ്ട്. ഇതിൽ ഏറ്റവും കൂടുതലും ഗുളികകൾ ആയിരിക്കും. ഗുളിക കഴിക്കുമ്പോൾ നമ്മൾ കുടിക്കുന്ന വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് എത്ര പേർക്ക് അറിയാം? ചിലർ ഗുളിക ഇറക്കാൻ ആവശ്യമായ വെള്ളം മാത്രം കുടിക്കുമ്പോൾ, മറ്റു ചിലർ വെള്ളം കുടിക്കാതെ തന്നെ വിഴുങ്ങുന്നു. എന്നാൽ ഇത് ശരീരത്തിന് ഒരുപാട് ദോഷം ചെയ്യും എന്ന കാര്യം പലർക്കും അറിയില്ല. ഗുളിക കഴിക്കുമ്പോൾ നമ്മൾ എത്രത്തോളം വെള്ളം കുടിക്കേണ്ടതുണ്ട് എന്ന് നോക്കാം.
ഗുളിക കഴിക്കുമ്പോൾ വെള്ളം കുടിക്കണോ?
നമ്മളിൽ ചിലരെങ്കിലും വെള്ളം കുടിക്കാതെ ഗുളിക വെറുതെ വിഴുങ്ങാറുണ്ട്. എന്നാൽ ഇതൊരു നല്ല പ്രവണതയല്ല. ഗുളിക കഴിക്കുമ്പോൾ വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഗുളികയോടൊപ്പം വെള്ളം കൂടി കലരുമ്പോഴാണ് ഗുളിക വേഗത്തിൽ അലിഞ്ഞ് നമ്മുടെ ശരീരത്തിലേക്ക് പെട്ടെന്ന് എത്തിച്ചേരുന്നത്. അതിന്റെ ഗുണങ്ങളും നമുക്ക് കൃത്യമായി ലഭിക്കും.
ഗുളിക കഴിക്കാൻ എത്ര വെള്ളം കുടിക്കണം?
ഓരോ ഗുളികൾക്ക് അനുസരിച്ച് നമ്മൾ കുടിക്കേണ്ട വെള്ളത്തിന്റെ അളവിലും വ്യത്യാസം വരുന്നു. ഒരുപാട് ഡോസ് കൂടിയ മരുന്നുകൾ ആണെങ്കിൽ വെള്ളവും അതിനനുസരിച്ച് നല്ലപോലെ കുടിക്കണം. ഒരു ഗ്ലാസിൽ കൂടുതൽ വെള്ളമെങ്കിലും കുറഞ്ഞത് കുടിക്കണമെന്നാണ് പറയുന്നത്. വെള്ളം കുടിക്കാതെ ഗുളികകൾ കഴിക്കുന്ന സമയത്ത് അവ ദഹന പ്രശ്നങ്ങൾക്ക് കാരണമായേക്കാം. കൂടാതെ, അൾസർ പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യതയും വർധിപ്പിക്കുന്നു. നമ്മുടെ രോഗാവസ്ഥയും, ഗുളികയും അനുസരിച്ച് വേണം വെള്ളത്തിന്റെ അളവ് നിശ്ചയിക്കാൻ. ഇതിനായി മരുന്നിന്റെ ലേബൽ വായിച്ചു നോക്കുകയോ, ഡോക്ടർമാരുടെ നിർദേശം തേടുകയോ ചെയ്യാം.
ALSO READ: കോവിഡ് വന്നവർക്ക് ക്യാൻസറിനെ ചെറുക്കാനാകുമോ? ലോകം മുഴുവൻ പ്രചരിച്ച വാർത്തയിലെ സത്യാവസ്ഥ ഇങ്ങനെ
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മരുന്നുകൾ കഴിക്കുമ്പോൾ കൂടുതൽ സാധാ വെള്ളം കുടിക്കുന്നതാണ് എപ്പോഴും നല്ലത്. അല്ലെങ്കിൽ ചെറു ചൂടുവെള്ളം കുടിക്കാം. ചെറു ചൂടുവെള്ളത്തോടൊപ്പം മരുന്ന് കഴിക്കുന്നത് ഗുളിക വേഗത്തിൽ അലിയാനും, പെട്ടെന്ന് ഫലം ലഭിക്കാനും സഹായിക്കും. എന്നാൽ, അമിത ചൂടുള്ള വെള്ളം കുടിക്കരുത്. അതുപോലെ തന്നെ ഒരുപാട് തണുത്ത വെള്ളം കുടിക്കുന്നതും നല്ലതല്ല.
അതേസമയം, ഗുളിക കഴിച്ച ഉടനെ കിടക്കുന്നതും നല്ലൊരു ശീലമല്ല. ഗുളിക കഴിച്ച ഉടനെ കിടക്കുമ്പോൾ അതിന്റെ ഫലം സാവധാനത്തിലാകും. അതിനാൽ ഗുളിക കഴിച്ചുകഴിഞ്ഞ് കുറഞ്ഞത് അര മണികൂറെങ്കിലും കഴിഞ്ഞ് മാത്രം കിടക്കുക. ഇങ്ങനെ ചെയ്യുന്നത് ഗുളികയുടെ ഫലം വേഗത്തിൽ ശരീരത്തിൽ എത്താൻ സഹായിക്കും. കൂടാതെ, ആഹാരം കഴിച്ച് ഒരു അര മണിക്കൂറെങ്കിലും കഴിഞ്ഞ് വേണം ഗുളിക കഴിക്കാൻ. ഇനി ആഹാരത്തിന് മുൻപ് കഴിക്കേണ്ട ഗുളിക ആണെങ്കിൽ, ആഹാരം കഴിക്കുന്നതിന് അര മണിക്കൂർ മുൻപെങ്കിലും മരുന്ന് കഴിക്കാൻ ശ്രദ്ധിക്കണം. അതുപോലെ, പാൽ അല്ലെങ്കിൽ ജ്യൂസ് എന്നിവയുടെ കൂടെ ഗുളിക കഴിക്കാതിരിക്കുക. ഇങ്ങനെ ചെയ്യുന്നത് ഗുളിക ലയിച്ച് ചേരാനുള്ള സമയം കൂടാൻ കാരണമാകും.
ഗുളിക വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്
അസുഖം വന്നാൽ സ്വയം ചികിത്സിക്കുന്ന പ്രവണത ഒട്ടും നല്ലതല്ല. മരുന്നുകൾ വാങ്ങി കഴിക്കുന്നതിന് മുൻപ് ഡോക്ടറുടെ നിർദേശം തേടേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. അതുപോലെ, മരുന്നുകൾ കഴിക്കുമ്പോൾ ധാരാളം വെള്ളം കുടിക്കണം എന്ന് പറയുന്നതിന്റെ പ്രധാന കാരണം, മരുന്നുകളുടെ പാർശ്വഫലങ്ങൾ കുറയ്ക്കാൻ തന്നെയാണ്. മരുന്നുകൾ കഴിക്കുമ്പോൾ മാത്രമല്ല, അല്ലാത്ത പക്ഷവും ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക.