International Yoga Day 2025: ‘ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ’; ഇന്ന് അന്താരാഷ്ട്ര യോഗ ദിനം
International Yoga Day 2025: 11-ാമത് അന്താരാഷ്ട്ര യോഗ ദിനമാണ് ഈ വർഷം ആചരിക്കുന്നത്. 'ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ' എന്ന ആശയമാണ് ഈ വര്‍ഷം യോഗ ദിനം മുന്നോട്ട് വെക്കുന്നത്.
എല്ലാ വർഷവും ജൂൺ 21-ന് അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. 11-ാമത് അന്താരാഷ്ട്ര യോഗ ദിനമാണ് ഈ വർഷം ആചരിക്കുന്നത്. ‘ഏക ലോകത്തിനും ആരോഗ്യത്തിനും യോഗ’ എന്ന ആശയമാണ് ഈ വര്‍ഷം യോഗ ദിനം മുന്നോട്ട് വെക്കുന്നത്. ഇന്നത്തെ ഈ ദിവസം വിവിധ പരിപാടികളാണ് രാജ്യവ്യാപകമായി സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്. വിശാഖപട്ടണത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ 3 ലക്ഷത്തിലധികം ആളുകൾ പങ്കെടുക്കുന്ന യോഗാ സംഗമ പരിപാടി നടക്കും.
മനസ്സ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാൻ ശ്രമിക്കുന്ന യോഗാഭ്യാസത്തിന്റെ ഗുണഗണങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യം വെക്കുന്നത്. 2014 സെപ്റ്റംബർ 27 ന് ഐക്യരാഷ്ട്രസഭയുടെ 69-ാമത് പൊതുസഭയുടെ ഉദ്ഘാടന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം മുന്നോട്ടുവച്ചത്.
യോഗയുടെ പ്രാധാന്യത്തെ കുറിച്ചും അതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചും ലോകമെമ്പാടുമുള്ള ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോരുത്തരുടെയും ദിനചര്യയിൽ യോഗ ഉൾപ്പെടുത്താൻ ഇന്നത്തെ ദിവസം പ്രോത്സാഹിപ്പിക്കും. നടുവേദന, ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവിധ ശാരീരിക രോഗങ്ങൾ തടയാനും നിയന്ത്രിക്കാനും യോഗയ്ക്ക് സാധിക്കും. യോഗ ആസനങ്ങൾ ചെയ്യുന്നത് മൊത്തത്തിലുള്ള ക്ഷേമത്തിന് ഗുണം ചെയ്യും.
Also Read: അന്താരാഷ്ട്ര യോഗ ദിനം; വിശാഖപട്ടണത്ത് 3 ലക്ഷം പേരുടെ മഹാസംഗമം, പ്രധാനമന്ത്രി നേതൃത്വം നൽകും
ശാരീരിക ക്ഷേമത്തിനു പുറമെ മാനസിക ആരോഗ്യത്തിനും യോഗ ഉത്തമമാണ്. വിഷാദവും ഉത്കണ്ഠയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഇതിലൂടെ പരിഹരിക്കാം. രോഗപ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കാൻ യോഗ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. വിഷാദരോഗം, ശ്വസനസംബന്ധമായ രോഗം. ഹൃദ്രോഗം എന്നീവയെ നിയന്ത്രിക്കാൻ യോഗ സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.