Gut Health: മദ്യം തലയ്ക്ക് പിടിക്കുമ്പോൾ വയറിനുള്ളിൽ സംഭവിക്കുന്നത് എന്ത്? കുടലിനെ ബാധിക്കുന്നത് ഇങ്ങനെ
Gut Health And Wellness: മദ്യം നിങ്ങളുടെ തലച്ചോറിനെയും വൈജ്ഞാനിക ശേഷിയെയും മാത്രമല്ല, ശരീരത്തിൻ്റെ പവർ ഹൗസായ ദഹനവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. വെറുമൊരു ഹാങ്ങ് ഓവർ മാത്രമല്ല മദ്യം നൽകുന്നത്, അത് നിങ്ങളുടെ ആമാശയത്തിലും കുടലിലും കഠിനമായ വീക്കവും സമ്മർദ്ദവും ഉണ്ടാക്കുന്നു.

Alcohol
സുഹൃത്തുക്കളുമൊത്തുള്ള പാർട്ടികളും ആഘോഷങ്ങളും മദ്യമില്ലാതെ പൂർണ്ണമാകില്ലെന്ന് കരുതുന്നവരാണ് പലരും. എല്ലാ ടെൻഷനുകളും മറന്ന് അല്പനേരത്തെ സന്തോഷത്തിനോ ആഹ്ലാദത്തിനോ വേണ്ടിയാണ് മിക്കവരും മദ്യത്തെ കൂട്ടുപിടിക്കുന്നത്. എന്നാൽ, ആ നിമിഷത്തെ “ഹാപ്പിനസ്സിന്” പിന്നിൽ നിങ്ങളുടെ ശരീരം വലിയൊരു വില നൽകേണ്ടി വരുന്നുണ്ടെന്ന് എത്രപേർക്കറിയാം?
മദ്യം നിങ്ങളുടെ തലച്ചോറിനെയും വൈജ്ഞാനിക ശേഷിയെയും മാത്രമല്ല, ശരീരത്തിൻ്റെ പവർ ഹൗസായ ദഹനവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്നുണ്ട്. വെറുമൊരു ഹാങ്ങ് ഓവർ മാത്രമല്ല മദ്യം നൽകുന്നത്, അത് നിങ്ങളുടെ ആമാശയത്തിലും കുടലിലും കഠിനമായ വീക്കവും സമ്മർദ്ദവും ഉണ്ടാക്കുന്നു.
മദ്യപാനം കുടലിൻ്റെ ആരോഗ്യത്തെ ദീർഘകാലാടിസ്ഥാനത്തിൽ എങ്ങനെയാണ് തകർക്കുന്നത്? ഇതിന് പിന്നിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് പൂനെയിലെ ഹഡപ്‌സറിലെ സഹ്യാദ്രി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റ് ഡോ. കിരൺ ഷിൻഡെ നൽകുന്ന മുന്നറിയിപ്പുകൾ താഴെ വായിക്കാം.
ALSO READ: നിങ്ങളുടെ വൃക്ക പെർഫെക്ടാണോ? മൂത്രം നോക്കി മനസ്സിലാക്കേണ്ടത് ഇങ്ങനെ
മദ്യം കുടലിനെ എങ്ങനെ ബാധിക്കുന്നു?
നമ്മുടെ ശരീരത്തിൻ്റെ രണ്ടാം തലച്ചോറ് എന്നാണ് ശാസ്ത്രലോകം കുടലിനെ വിശേഷിപ്പിക്കുന്നത്. ഇതിന് പ്രധാന കാരണം കുടലിൽ വസിക്കുന്ന ശതകോടിക്കണക്കിന് വരുന്ന ‘നല്ല ബാക്ടീരിയകൾ’ (Gut Microbiome) ആണ്. നമ്മൾ കഴിക്കുന്ന മദ്യം ഈ സൂക്ഷ്മജീവികളുടെ ലോകത്തെ എങ്ങനെയൊക്കെയാണ് തകിടം മറിക്കുന്നത് എന്ന് പരിശോധിക്കാം.
ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കുന്നു: മദ്യം പ്രകൃത്യാ തന്നെ ഒരു ഡിസ്ഇൻഫെക്റ്റൻ്റെ ആണ്. അതായത് ബാക്ടീരിയകളെ കൊല്ലാനുള്ള ശേഷി ഇതിനുണ്ട് എന്നാണ് അർത്ഥം. മദ്യം കുടലിലെത്തുമ്പോൾ അത് ദഹനത്തിന് സഹായിക്കുന്ന ലാക്ടോബാസിലസ് (Lactobacillus) പോലുള്ള നല്ല ബാക്ടീരിയകളെ നേരിട്ട് നശിപ്പിക്കുന്നു.
ചീത്ത ബാക്ടീരിയകളുടെ വളർച്ച: നല്ല ബാക്ടീരിയകൾ നശിക്കുമ്പോൾ, ആ ഭാഗം കൈക്കലാക്കാൻ ദോഷകാരികളായ ബാക്ടീരിയകൾ ശ്രമിക്കും. മദ്യത്തിലെ പഞ്ചസാരയും കാർബോഹൈഡ്രേറ്റും ഇത്തരം ബാക്ടീരിയകൾക്ക് വളരാൻ നല്ലൊരു ആഹാരമായി മാറുന്നു. ഇത് കുടലിൽ ഗ്യാസ്, വയറിളക്കം, ദഹനക്കേട് എന്നിവയുണ്ടാക്കുന്നു.
ലീക്കി ഗട്ട്: മദ്യം കുടലിൻ്റെ ഉൾഭിത്തിയിലെ ആവരണങ്ങൾക്ക് (Lining) ക്ഷതം വരുത്തുന്നു. ഇത് കുടലിൻ്റെ ഭിത്തിയിൽ സുഷിരങ്ങൾ ഉണ്ടാകാൻ കാരണമാകും. ഈ സുഷിരങ്ങളിലൂടെ കുടലിലെ വിഷാംശങ്ങളും ബാക്ടീരിയകളും രക്തത്തിലേക്ക് കലരുന്നു. ഇത് ശരീരത്തിലുടനീളം വീക്കവും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു.
പോഷകങ്ങളുടെ ആഗിരണം തടയുന്നു: നല്ല ബാക്ടീരിയകളുടെ സഹായത്തോടെയാണ് പല വിറ്റാമിനുകളും (പ്രത്യേകിച്ച് വിറ്റാമിൻ ബി) ശരീരം ആഗിരണം ചെയ്യുന്നത്. മദ്യപാനം മൂലം ഈ ബാക്ടീരിയകൾ നശിക്കുന്നതോടെ ഭക്ഷണത്തിലെ പോഷകങ്ങൾ ശരീരത്തിന് ലഭിക്കാതെ പോകുന്നു.
മദ്യപാനം മൂലമുണ്ടായ ആഘാതം കുറയ്ക്കാം:
പ്രോബയോട്ടിക്സ്: തൈര്, മോര് തുടങ്ങിയ ഭക്ഷണങ്ങൾ കുടലിലെ നല്ല ബാക്ടീരിയകളെ തിരിച്ചുകൊണ്ടുവരാൻ സഹായിക്കും.
നാരുകൾ അടങ്ങിയ ഭക്ഷണം: പച്ചക്കറികളും പഴവർഗ്ഗങ്ങളും ധാരാളം കഴിക്കുന്നത് ബാക്ടീരിയകളുടെ വളർച്ചയ്ക്ക് നല്ലതാണ്.
ധാരാളം വെള്ളം കുടിക്കുക: ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ ഇത് അത്യാവശ്യമാണ്.