Kerala Travel Restrictions: യാത്ര പോകാൻ വരട്ടെ! മണ്ണിടിച്ചിൽ സാധ്യത: പൊൻമുടി അടച്ചു; ഇടുക്കിയിൽ നിയന്ത്രണം, വയനാട്ടിൽ ഇളവ്
Kerala Monsoon: മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു. ജൂൺ 8 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല എന്നാണ് അറിയിപ്പ്. പൊന്മുടി ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിലും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് നിലനിൽക്കുന്നു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നതിനിടെ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചു. പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സന്ദർശകരുടെ സുരക്ഷ മുൻനിർത്തി തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദേശത്തെ തുടർന്നാണ് നടപടി. ജൂൺ 8 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല എന്നാണ് അറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, പൊന്മുടി ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിലും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടുക്കിയിൽ രാത്രി യാത്രാ നിരോധനം
മഴക്കാലമായതിനാൽ മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള വിവിധ അപകട സാധ്യതകൾ കണക്കിലെടുത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണം, പ്രത്യേകിച്ച് മലയോര മേഖലകളിലേക്കുള്ള വിനോദസഞ്ചാരങ്ങൾ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ഇടുക്കി ജില്ലയിലെ മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനമേർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്.
രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെയാണ് ഇടുക്കിയുടെ മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചിരിക്കുന്നത്. ശക്തമായ മഴ പെയ്യുന്നതിനാലും മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാലും ദുരന്ത സാഹചര്യം ഒഴിവാക്കുന്നതിനാണ് ഈ നിയന്ത്രണമെന്ന് അധികൃതർ വിശദീകരിച്ചു. ഉത്തരവ് കർശനമായി നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവി, ആർടിഒ, സബ് ഡിവിഷണൽ മജിസ്‌ട്രേറ്റുമാർ, തഹസിൽദാർമാർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ALSO READ: മഴ നനഞ്ഞ് കാടുകയറാം; മൺസൂൺ കാലത്ത് ഈ വെള്ളച്ചാട്ടങ്ങൾ മിസ്സ് ചെയ്യരുതേ
വയനാട്ടിൽ നിയന്ത്രണത്തിൽ ഇളവ്
വയനാട്ടിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ക്വാറികളുടെ പ്രവർത്തനത്തിനും വിനോദസഞ്ചാരത്തിനും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കഴിഞ്ഞ ദിവസം കലക്ടർ ഡി.ആർ. മേഘശ്രീ പിൻവലിച്ചിട്ടുണ്ട്. എന്നാൽ യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കത്തിന് നിയന്ത്രണം തുടരും. ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ഹോം സ്റ്റേ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്കും അഡ്വഞ്ചർ ടൂറിസം സെന്ററുകൾക്കും ട്രക്കിങുകൾക്കും ക്വാറികൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് പിൻവലിച്ചത്.
സുരക്ഷാ നിർദേശങ്ങൾ
കാലവർഷം കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി പൊതുവിൽ ചില സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ് എന്ന് അതോറിറ്റി നിർദേശിക്കുന്നു.
മറ്റ് പ്രധാന നിർദേശങ്ങൾ
ശക്തമായ മഴയുള്ള മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് പകൽ തന്നെ മാറി താമസിക്കേണ്ടതാണ്. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം. സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കുകയും അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്യുക.
ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. വൈദ്യതി ലൈനുകൾ പൊട്ടി വീണ് അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ വഴികളിലെ വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുൻപ് വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന വിദ്യാർഥികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ KSEB യെ അറിയിക്കുക.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ ഉണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
English Summary
Entry to the Ponmudi Eco-Tourism Centre has been temporarily suspended due to the possibility of landslides. Tourists will not be allowed to enter from June 8 until further notice, the notice said. A yellow alert has been issued today for the Thiruvananthapuram district, which includes Ponmudi, and the districts of Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram and Wayanad.