Lightning benefits: ഇടിയും മിന്നലും നല്ലതാണ്, വിളവെടുപ്പ് ലാഭത്തിലാകാൻ ഇവർ വരണം… കാരണം ഇതാ…
Lightning in the rainy season benefits: മെച്ചപ്പെട്ട വളക്കൂറ് വഴി ആരോഗ്യമുള്ള ചെടികൾക്ക് സാധ്യമാകുന്നു. ഇത് കൂടുതൽ വിളവെടുപ്പിനും അതുവഴി കർഷകന് ഉയർന്ന ലാഭത്തിനും വഴിയൊരുക്കുന്നു.

ഇടിമിന്നൽ പലർക്കും ഭയമാണ്. ഏറെ അപകടവും. എന്നാൽ ഇത് കർഷകർക്ക് ഏറെ ഗുണകരമാണെന്ന് അറിയാമോ? വിളകളുടെ വളർച്ചയും ഇടിമിന്നലും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഇതിനു കാരണം നൈട്രജൻ ഫിക്സേഷനാണ്. അന്തരീക്ഷത്തിലെ നിഷ്‌ക്രിയമായ നൈട്രജൻ വാതകം ഇടിമിന്നലിന്റെ തീവ്രമായ താപനിലയിൽ വിഭജിച്ച്, സസ്യങ്ങൾക്ക് വേഗത്തിൽ ആഗിരണം ചെയ്യാൻ കഴിയുന്ന നൈട്രേറ്റുകളാകുന്നു.

മിന്നലിലൂടെ രൂപപ്പെടുന്ന ഈ നൈട്രജൻ സംയുക്തങ്ങൾ മഴവെള്ളത്തിലൂടെ നേരിട്ട് മണ്ണിലേക്ക് നിക്ഷേപിക്കപ്പെടുന്നു. ഇത് ചെടികൾക്ക് ലഭ്യമാകുന്ന ശക്തിയേറിയ ഒരു പ്രകൃതിദത്ത വളമായി പ്രവർത്തിക്കുന്നു.

രാസവളങ്ങളുടെ ഏറ്റവും ചെലവേറിയ ഘടകങ്ങളിലൊന്നാണ് നൈട്രജൻ. മിന്നലിലൂടെ സൗജന്യമായി നൈട്രജൻ ലഭിക്കുമ്പോൾ കർഷകർക്ക് വാണിജ്യ വളങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും പ്രവർത്തനച്ചെലവ് ലഘൂകരിക്കാനും സാധിക്കുന്നു.

മണ്ണിലെ നൈട്രജന്റെ അളവ് കൂടുന്നത് ചെടിയുടെ ഫോട്ടോസിന്തസിസ് (പ്രകാശസംശ്ലേഷണം) ശേഷി വർദ്ധിപ്പിക്കുന്നു. ഇത് ഇലകൾക്ക് കൂടുതൽ പച്ചനിറം നൽകാനും തണ്ടുകൾ ബലപ്പെടുത്താനും സഹായിക്കുന്നു.

മെച്ചപ്പെട്ട വളക്കൂറ് വഴി ആരോഗ്യമുള്ള ചെടികൾക്ക് സാധ്യമാകുന്നു. ഇത് കൂടുതൽ വിളവെടുപ്പിനും അതുവഴി കർഷകന് ഉയർന്ന ലാഭത്തിനും വഴിയൊരുക്കുന്നു.