AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Living Will: അന്തസ്സോടെയുള്ള മരണം സ്വയം തീരുമാനിക്കാം, എന്താണ് ലിവിങ് വിൽ?

What is Living Will: പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് സംസ്ഥാനത്തെ ആദ്യത്തെ ലിവിങ് വിൽ കൗണ്ടർ ആരംഭിക്കുന്നത്. ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിലും ആരംഭിച്ചിട്ടുണ്ട്. എന്താണ് ലിവിങ് വിൽ?

Living Will: അന്തസ്സോടെയുള്ള മരണം സ്വയം തീരുമാനിക്കാം, എന്താണ് ലിവിങ് വിൽ?
പ്രതീകാത്മക ചിത്രംImage Credit source: Freepik
nithya
Nithya Vinu | Published: 08 Jun 2025 15:16 PM

അന്തസ്സോടെ മരിക്കാനുള്ള അവകാശം ഉറപ്പ് നൽകുന്നവയാണ് ലിവിങ് വിൽ കൗണ്ടർ. കഴിഞ്ഞ നവംബറിന് പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് സംസ്ഥാനത്തെ ആദ്യത്തെ ലിവിങ് വിൽ കൗണ്ടർ ആരംഭിക്കുന്നത്. ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിലും ആരംഭിച്ചിട്ടുണ്ട്. എന്താണ് ലിവിങ് വിൽ? ഇവയുടെ പ്രസക്തിയെന്ത്, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയവ വിശദമായി അറിയാം.

എന്താണ് ലിവിങ് വിൽ?

അന്തസ്സോടെ ജീവിക്കാനുള്ള അവകാശം എന്നത് പോലെ ഒരു വ്യക്തിക്ക് അന്തസ്സോടെയുള്ള മരണവും ഉറപ്പ് നൽകുന്നവയാണ് ലിവിങ് വിൽ അഥവാ മരണതാത്പര്യപത്രം. ഗുരുതരരോഗങ്ങളാൽ ബുദ്ധിമുട്ടുന്ന സുഖപ്പെടില്ലെന്ന് ഉറപ്പായിട്ടും യന്ത്രസഹായത്താൽ ജീവൻ നിലനിർത്താൻ താത്പര്യമില്ലാത്തവർക്ക് ഇത് ഉപയോ​ഗപ്പെടുത്താം.

അപേക്ഷിക്കേണ്ടത് എങ്ങനെ?

പതിനെട്ട് വയസ്സ് പൂർത്തിയായവർക്ക് രോ​ഗമില്ലാത്ത അവസ്ഥയിൽ തന്നെ ഇതിന് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ നൽകുന്ന വ്യക്തി, ഒരു കുടുംബാം​ഗം ഉൾപ്പെടെ രണ്ട് സാക്ഷികൾ ഒരു ​ഗസറ്റഡ് ഓഫീസറുടെയോ നോട്ടറിയുടേയോ സാന്നിധ്യത്തിൽ ഒപ്പിടണം. നിർബന്ധപൂർവ്വം ചെയ്യിക്കുന്നതല്ലെന്ന് ഉറപ്പാക്കാൻ ഗസറ്റഡ് ഓഫീസറുടെയോ നോട്ടറിയുടെയോ സാക്ഷ്യപത്രവും ആവശ്യമാണ്. മരണ താത്പര്യപത്രത്തിന്റെ ഒരു പകർപ്പ് വീട്ടിൽ സൂക്ഷിക്കുകയും മറ്റൊന്ന് തദ്ദേശസ്ഥാപനത്തിലേക്ക് രജിസ്റ്റേഡായി അയക്കുകയും ചെയ്യണം.

രോ​ഗി ഇനി രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ച്, വെന്റിലേറ്റർ തുടങ്ങിയവ ഉപയോ​ഗിക്കാൻ നിർദ്ദേശം ലഭിച്ചാൽ രോ​​ഗിയുടെ മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ ആശുപത്രി അധികൃതർക്ക് മരണപത്രം കൈമാറാം. തുടർന്ന് അടുത്ത 48 മണിക്കൂറിലെ ആരോഗ്യസ്ഥിതി പ്രാഥമിക മെഡിക്കൽ ബോർഡ് വിലയിരുത്തും. ആശുപത്രിയുടെ അംഗീകാരം ലഭിച്ചാൽ ജില്ലാ കളക്ടറുടെ അനുമതി തേടേണ്ടതുണ്ട്.

തുട‍ർന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറും മൂന്ന് വിദഗ്ധ ഡോക്ടര്‍മാരുമടങ്ങുന്ന ഒരു മെഡിക്കല്‍ ബോര്‍ഡിനെ ജില്ലാ കളക്ടര്‍ നിയോഗിക്കും.‌ ആശുപത്രിയുടെ തീരുമാനം മെഡിക്കല്‍ ബോര്‍ഡ് അംഗീകരിച്ചാൽ അന്തിമ തീരുമാനമെടുക്കാന്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ വിവരമറിയിക്കും. ഒരിക്കൽ പത്രമെഴുതിയാലും പിന്നീട് അവ മാറ്റാനോ പിൻവലിക്കാനോ സാധിക്കുന്നതാണ്.