Vitamin D Deficiency: ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; വിറ്റാമിൻ ഡിയുടെ കുറവാകാം
Vitamin D Deficiency Symptoms: ജീവിതരീതിയിൽ വരുത്തുന്ന മാറ്റങ്ങളാണ് പ്രധാനമായും വിറ്റാമിൻ ഡിയുടെ കുറവിന് കാരണമാകുന്നത്. ശാരീരിക ആരോഗ്യത്തെ മാത്രമല്ല വിറ്റാമിൻ ഡിയുടെ കുറവ് മനസികാരോഗ്യത്തെയും ബാധിക്കും.

മനുഷ്യ ശരീരത്തിന് വേണ്ട അവശ്യ പോഷകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ഡി. ഇത് ശരീരത്തിലെ പല നിർണായക പ്രവർത്തനങ്ങളും നിർവഹിക്കാൻ അനിവാര്യമാണ്. അതുകൊണ്ട് തന്നെ ആറ് മാസത്തിൽ ഒരിക്കൽ എങ്കിലും വിറ്റാമിൻ ഡി പരിശോധന നടത്തണമെന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി സൂര്യപ്രകാശത്തിൽ നിന്നോ ഭക്ഷണത്തിൽ നിന്നോ ലഭിക്കാതെ വരുമ്പോഴാണ് വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടാകുന്നത്. ഇത് അസ്ഥികളുടെ സാന്ദ്രത, ഓസ്റ്റിയോപൊറോസിസ്, ഒടിഞ്ഞ എല്ലുകൾ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
എല്ലുകളുടെ ആരോഗ്യം മുതൽ രോഗ പ്രതിരോധശേഷി വരെയുള്ള ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിൽ നിർണായക പങ്കുവഹിക്കുന്ന വിറ്റാമിനാണ് വിറ്റാമിൻ ഡി. രക്തത്തിലെ കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയവയുടെ അളവ് കൃത്യമായ നിലയിൽ നിലനിർത്തുക എന്നതാണ് വിറ്റാമിൻ ഡിയുടെ ജോലി. ജീവിതരീതിയിൽ വരുത്തുന്ന മാറ്റങ്ങളാണ് പ്രധാനമായും വിറ്റാമിൻ ഡിയുടെ കുറവിന് കാരണമാകുന്നത്. ശാരീരിക ആരോഗ്യത്തെ മാത്രമല്ല വിറ്റാമിൻ ഡിയുടെ കുറവ് മനസികാരോഗ്യത്തെയും ബാധിക്കും. ഇത് വിഷാദം, നിരാശ തുടങ്ങിയവയ്ക്കും കാരണമാകും.
വിറ്റാമിൻ ഡിയുടെ കുറവിന്റെ ലക്ഷണങ്ങൾ:
വിഷാദം, നിരാശ
സൂര്യപ്രകാശത്തിൽ നിന്നോ ഭക്ഷണത്തിൽ നിനോ ലഭിക്കുന്ന വിറ്റാമിൻ ഡിയ്ക്ക് മാനസികാരോഗ്യത്തെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. അതായത് ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് കുറയുമ്പോൾ ഒരാൾക്ക് വിഷാദവും നിരാശയുമെല്ലാം ഉണ്ടാകുന്നു. വിറ്റാമിൻ ഡിയുടെ കുറവിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷിയെ നേരിട്ട് ബാധിക്കാൻ സാധ്യതയുള്ള ഒന്നാണ് വിറ്റാമിൻ ഡി. ഇവ അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ പോരാടാനുള്ള ശക്തി ശരീരത്തിന് പകരുന്നു. വിറ്റാമിൻ ഡി കുറയുമ്പോൾ പെട്ടെന്ന് രോഗങ്ങൾ പിടിപെടാം.
ക്ഷീണം
ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് കുറയുമ്പോൾ അമിതമായ ക്ഷീണവും ഉറക്കക്കുറവുമെല്ലാം അനുഭവപ്പെടാം.
നടുവേദന
അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, നടുവേദന തുടങ്ങിവ അപര്യാപ്തമായ വിറ്റാമിൻ ഡിയുടെ ലക്ഷണങ്ങളായിരിക്കാം. വിറ്റാമിൻ ഡി ആണ് ശരീരത്തിലെ കാൽസ്യത്തെ ആഗിരണം ചെയ്ത് എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നത്.
മുറിവ് ഉണങ്ങുന്നത് വൈകാം
ഓപ്പറേഷൻ അല്ലെങ്കിൽ പരിക്കിന് ശേഷമുള്ള മുറിവ് വളരെ സാവധാനത്തിലാണ് ഉണങ്ങുന്നതെങ്കിൽ അത് ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവ് കുറവായതിന്റെ സൂചനയായിരിക്കാം.
മുടികൊഴിച്ചിൽ
ശരീരത്തിൽ വിറ്റാമിൻ ഡിയുടെ അളവ് കുറയുമ്പോൾ അത് മുടി കൊഴിച്ചിലിന് കാരണമാകും.