Weight Loss: ഓംലെറ്റോ പുഴുങ്ങിയ മുട്ടയോ? വണ്ണം കുറയ്ക്കാൻ ബെസ്റ്റ് ഇത്
Omelette vs Boiled Egg For Weight Loss: ഓംലെറ്റായും പുഴുങ്ങിയും ബുൾസൈയായും തുടങ്ങി വിവിധ രീതിയിൽ മുട്ട പാകം ചെയ്യാറുണ്ട്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ഇവയിൽ ഏത് രീതിയിൽ കഴിക്കുന്നതാണ് ഗുണം ചെയ്യുന്നത്?
ഒട്ടനവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഭക്ഷണമാണ് മുട്ട. പ്രോട്ടീൻ സമ്പുഷ്ടമായതിനാൽ മിക്കവരും പ്രാതലിന്റെ ഭാഗമായും മുട്ട കഴിക്കാറുണ്ട്. ഓംലെറ്റായും പുഴുങ്ങിയും ബുൾസൈയായും തുടങ്ങി വിവിധ രീതിയിൽ മുട്ട പാകം ചെയ്യാറുണ്ട്. എന്നാൽ ശരീരഭാരം കുറയ്ക്കാൻ ഇവയിൽ ഏത് രീതിയിൽ കഴിക്കുന്നതാണ് ഗുണം ചെയ്യുന്നത്? ഓംലെറ്റോ പുഴുങ്ങിയ മുട്ടയോ? പരിശോധിക്കാം….
പുഴുങ്ങിയ മുട്ട
ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറ്റവും മികച്ച ചോയ്സ് പുഴുങ്ങിയ മുട്ടയാണ്. എണ്ണയോ വെണ്ണയോ ചേർക്കാതെ പാകം ചെയ്യുന്നതിനാൽ ഇതിൽ കലോറി വളരെ കുറവാണ്. ഒരു പുഴുങ്ങിയ മുട്ടയിൽ ഏകദേശം 70 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ.
കൂടാതെ, പ്രോട്ടീൻ, വിറ്റാമിനുകൾ, മിനറലുകൾ എന്നിവയാൽ സമ്പന്നവുമാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും കലോറി കുറഞ്ഞ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്നവർക്കും പുഴുങ്ങിയ മുട്ടയാണ് ഏറ്റവും ഉചിതം. യാത്രയ്ക്കിടയിൽ കൊണ്ടുപോകാനും കഴിക്കാനും ഇവ എളുപ്പമാണ്.
ALSO READ: ഉരുളക്കിഴങ്ങ് വേവിച്ചതോ വറുത്തതോ നല്ലത്…; പ്രമേഹം നിയന്ത്രിക്കാൻ ഇങ്ങനെ കഴിക്കണം
ഓംലെറ്റ്
ഓംലെറ്റ് രുചികരമായ ഭക്ഷണമാണെങ്കിലും പാചകരീതി അതിനെ വ്യത്യസ്തമാക്കുന്നുണ്ട്.
ഓംലെറ്റ് ഉണ്ടാക്കാൻ എണ്ണ, ബട്ടർ അല്ലെങ്കിൽ നെയ്യ് ഉപയോഗിക്കുന്നതിനാൽ ഇവയിൽ കലോറി കൂടുതലാണ്. ചേർക്കുന്ന ചേരുവകൾക്ക് അനുസരിച്ച് ഇത് 90 മുതൽ 200 കലോറി വരെയാകാം. ചീര, തക്കാളി, ഉള്ളി, ക്യാപ്സിക്കം തുടങ്ങിയ പച്ചക്കറികൾ ചേർക്കുന്നത് വഴി ഫൈബറും വിറ്റാമിനുകളും വർദ്ധിപ്പിക്കാം. ഇത് ഓംലെറ്റിനെ കൂടുതൽ പോഷകസമൃദ്ധമാക്കും.
ശരീരഭാരം നിയന്ത്രിക്കുന്നവർക്ക്, വേവിച്ച മുട്ട കഴിക്കുന്നതാണ് നല്ലത്, കാരണം അവയിൽ കലോറിയും കൊഴുപ്പും കുറവാണ്. കൂടുതൽ നേരം വയറുനിറയ്ക്കുന്ന ഭക്ഷണമായി കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് എണ്ണ കുറച്ച് ഉണ്ടാക്കുന്ന ഓംലെറ്റ് കഴിക്കാം.