AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Onam 2024: ഓണം ഒന്നാണെങ്കിലും സദ്യ, അത് പലതുണ്ട്; തമ്മില്‍ ചേരാതെ തെക്കും വടക്കും

Different Types of Sadhya: ഓണം എന്നത് എല്ലാവര്‍ക്കും ഒരുപോലെയല്ല, ചിലര്‍ക്ക് അത് വിശപ്പടക്കാനുള്ള അവസരമാണ്. എന്നാല്‍ മറ്റുചിലര്‍ക്ക് അത് ഒത്തുചേരലിന്റെ ആഘോഷമാണ്. ഓണത്തിന് പുത്തന്‍ ഉടുപ്പുകള്‍ വാങ്ങാന്‍ സാധിക്കാത്തവരും പൂക്കളം ഇടാന്‍ സാധിക്കാത്തവരും നമുക്ക് ചുറ്റുമുണ്ട്.

Onam 2024: ഓണം ഒന്നാണെങ്കിലും സദ്യ, അത് പലതുണ്ട്; തമ്മില്‍ ചേരാതെ തെക്കും വടക്കും
Onam Sadhya (Social Media Image)
shiji-mk
Shiji M K | Updated On: 18 Aug 2024 12:37 PM

ചിങ്ങമാസം പിറന്നു, ഇനി കുറച്ചുദിവസങ്ങള്‍ കഴിഞ്ഞാല്‍ ഓണവും എത്തും. ഓണം എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ മനസിന് എന്ത് സന്തോഷമാണല്ലെ. പൂക്കളമിടുന്നതും സദ്യ ഒരുക്കുന്നതും ഓണക്കോടി വാങ്ങിക്കുന്നതും തുടങ്ങി എന്തെല്ലാം ഒരുക്കങ്ങളാണ്. ഓണത്തിന് മാസങ്ങള്‍ ബാക്കി നില്‍ക്കെ തന്നെ മലയാളികള്‍ ഓണത്തിനായുള്ള തയാറെടുപ്പുകള്‍ ആരംഭിക്കാറുണ്ട്. പണ്ടുകാലത്തെ ഓണത്തിന് പൂക്കളം തീര്‍ക്കുന്നതിനായി പാടത്തും തൊടിയിലും പോയാണ് പൂക്കള്‍ ശേഖരിക്കാറ്. എന്നാല്‍ ഇന്നത്തെ സാഹചര്യം അങ്ങനെയല്ല. പൂക്കളൊക്കെ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തും. നമ്മള്‍ അത് വാങ്ങി മുറ്റത്തിട്ടാല്‍ മാത്രം മതി. ഇനിയിപ്പോള്‍ പൂക്കളം ഇടാന്‍ സമയമില്ല എങ്കില്‍ അത് റെഡിമെയ്ഡായും വാങ്ങാവുന്നതാണ്. ഓണം കഴിഞ്ഞാല്‍ പൂക്കളം മടക്കി എടുത്തുവെക്കുകയുമാകാം.

ഓണം എന്നത് എല്ലാവര്‍ക്കും ഒരുപോലെയല്ല, ചിലര്‍ക്ക് അത് വിശപ്പടക്കാനുള്ള അവസരമാണ്. എന്നാല്‍ മറ്റുചിലര്‍ക്ക് അത് ഒത്തുചേരലിന്റെ ആഘോഷമാണ്. ഓണത്തിന് പുത്തന്‍ ഉടുപ്പുകള്‍ വാങ്ങാന്‍ സാധിക്കാത്തവരും പൂക്കളം ഇടാന്‍ സാധിക്കാത്തവരും നമുക്ക് ചുറ്റുമുണ്ട്. അതുകൊണ്ട് തന്നെ ഓണം എല്ലാവര്‍ക്കും സന്തോഷത്തിന്റേതല്ല.

Also Read: Onam 2024: പുളകം കൊള്ളുക തുമ്പപ്പൂവേ പൂക്കളിൽ നീയേ ഭാഗ്യവതി…!; എന്തുകൊണ്ടാണ് ഓണത്തിന് തുമ്പപ്പൂവിന് ഇത്ര പ്രാധാന്യമേറുന്നത്

ഇനിയിപ്പോള്‍ നാടുകളുടെ കാര്യം പരിശോധിക്കുകയാണെങ്കിലും ഓരോ നാട്ടിലും ഓരോ ആഘോഷ രീതികളാണ്. തെക്കുള്ളവര്‍ ആഘോഷിക്കുന്നത് പോലെ ആയിരിക്കില്ല വടക്കുള്ളവര്‍ ആഘോഷിക്കുന്നത്. കേരളത്തില്‍ ഓണം ഒന്നേ ഉള്ളുവെങ്കിലും ഓണാഘോഷങ്ങള്‍ പലതുണ്ട്, ഓണസദ്യകള്‍ പലതുണ്ട്. അതിപ്പോള്‍ ഓണത്തില്‍ മാത്രമല്ല എല്ലാത്തിലും പലതരത്തിലുള്ള ആഘോഷ രീതികളും ഭക്ഷണ രീതികളുമുള്ള നാടാണ് നമ്മുടെ കേരളം. നമ്മുടെ കൊച്ചു കേരളത്തില്‍ പല ദിക്കുകളിലായുള്ള ഓണസദ്യ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നോക്കാം.

തിരുവിതാംകൂറുകാരുടെ ഓണസദ്യ

തിരുവിതാംകൂറുകാര്‍ക്ക് ഓണസദ്യ അത്ര നിസാരമല്ല. പലതരത്തിലുള്ള വിഭവങ്ങളാണ് ഇവരുടെ ഓണസദ്യയില്‍ ഇടംപിടിച്ചിരിക്കുന്നത്. വെള്ളരിക്ക കൊണ്ടുള്ള പച്ചടി ഇല്ലാതെ ഇവര്‍ക്ക് ഓണസദ്യ കഴിക്കാന്‍ സാധിക്കില്ല. കൂടാതെ ഇവരുടെ സദ്യയില്‍ ഉപ്പ് വിളമ്പില്ല. ഇലയുടെ ഇടത്ത് വശത്ത് ചോറിടാനുള്ള ഭാഗത്തിന് ഇടത്തേഭാഗത്തായി കായ വറുത്തതും ശര്‍ക്കരവരട്ടിയും കദളിപ്പഴവും അതിന് മുകളിലായി പപ്പടവും വിളമ്പും.

എന്നിട്ട് ഇലയുടെ മുകള്‍ വശത്ത് ഇടത്തേ അറ്റത്തായി ആദ്യം ഇഞ്ചിയും മാങ്ങാ അച്ചാറും നാരങ്ങാ അച്ചാറും വിളമ്പും. എന്നിട്ട് അതിനോട് ചേര്‍ന്ന് ചുവപ്പ് നിറത്തിലുള്ള നാരങ്ങാക്കറിയും വെളുത്ത നിറത്തിലുള്ള നാരങ്ങാക്കറിയും വിളമ്പിയ ശേഷം അവിയല്‍, തോരന്‍, വെള്ളരിക്ക കിച്ചടി ഇതെല്ലാം വിളമ്പും. ഇപ്പോഴേക്കും ഇല നിറയും. ചോറ് കഴിക്കുമ്പോള്‍ ആദ്യം പരിപ്പാണ് ഒഴിക്കുക. പരിപ്പിന് മുകളിലായി നെയ്യ് ഒഴിക്കും. പപ്പടവും പരിപ്പ് കറിയും കൂട്ടികുഴച്ച് കഴിച്ച ശേഷം സാമ്പാറും ചേര്‍ത്ത് ചോറ് കഴിക്കും. പിന്നീട് പായസം വരും, പാലട പായസം, ശര്‍ക്കര പായസം, കടല പായസം, പയര്‍ പായസം, സേമിയ പായസം എന്നിവയാണ് ഇവിടുത്തുകാര്‍ പ്രധാനമായും ഉണ്ടാക്കുക.

പായസം കഴിച്ചാല്‍ പിന്നെയും ചോറ് വിളമ്പും, ഇപ്പോള്‍ ചോറ് വിളമ്പിയത് പുളിശേരി കൂട്ടി കഴിക്കാനാണ്. വെള്ളരിക്ക കൊണ്ടും കൈതച്ചക്ക കൊണ്ടും പുളിശേരി വെക്കും. പുളിശേരി കഴിച്ച് കഴിഞ്ഞാല്‍ രസം, മോര് എന്നിവ കൂട്ടിയും ചോറ് കഴിക്കും. സദ്യയിലെ ചിട്ടവട്ടങ്ങള്‍ കൃത്യമായി പാലിക്കുന്നവരാണ് തിരുവിതാംകൂറുകാര്‍.

തിരുകൊച്ചികാരുടെ സദ്യ

തെക്കിന്റെയും വടക്കിന്റെയും സമ്മിശ്രസ്വഭാവമാണ് ഇവിടുത്തെ സദ്യക്കുള്ളത്. ഇവിടെ ആദ്യം ഇലയില്‍ വിളമ്പുന്നത് ഇഞ്ചിതൈരാണ്. ആയിരംകറിയെന്നാണ് ഇഞ്ചിതൈരിനെ ഇവര്‍ പറയുന്നത്. പിന്നീട് ഉപ്പ് വിളമ്പും, ഉപ്പിനോടൊപ്പം പപ്പടവും ശര്‍ക്കരവരട്ടിയും വറുത്ത ഉപ്പേരിയും വിളമ്പും. കായ നാലായി കീറി ഉണ്ടാക്കിയ ഉപ്പേരിയാണ് സദ്യയില്‍ വിളമ്പുന്നത്. ഇതുമാത്രമല്ല, ചേന, ചേമ്പ്, പാവയ്ക്ക് എന്നിവയെല്ലാം സദ്യയുണ്ടാകും. ഇത് കഴിഞ്ഞാല്‍ കാളന്‍, ഓലന്‍, എരിശേരി, തോരന്‍, അവിയല്‍ എന്നിവ വിളമ്പും.

ചേന, കായ, അച്ചിങ്ങപയര്‍ എന്നിവ വെച്ച് മെഴുക്കുവരട്ടി ഉണ്ടാക്കും. എരിശേരിക്ക് പകരം കൂട്ടുകറിയും വിളമ്പും. ചോറ് വിളമ്പുന്നതിന് വലതുഭാഗത്ത് പരിപ്പും, പരിപ്പിന് മുകളിലായി നെയ്യും വിളമ്പും. ഇതുകൂട്ടി ചോറ് കഴിച്ച് കഴിഞ്ഞാല്‍ രസമെത്തും. അത് കഴിഞ്ഞ് പായസം. ഓണത്തിന് പാല്‍പായസം എന്തായാലും ഇവര്‍ ഉണ്ടാക്കും. പാലടയും പഴപ്രഥമനുമാണ് ഇവിടുത്തുകാരുടെ പായസം. പായസം കഴിഞ്ഞാല്‍ മോര് കൂട്ടി കഴിക്കാന്‍ ചോറ് വിളമ്പും. ഇതോടെ സദ്യ കഴിഞ്ഞു.

Also Read: Onam 2024: ഓണക്കാലമെത്താറായി, ഓണസദ്യയൊരുക്കുന്ന ക്ഷേത്രങ്ങള്‍ ഇവയാണ്‌

വള്ളുവനാടിന്റെ സദ്യ

നാലുകറി കൊണ്ടുള്ളതാണ് വള്ളുവനാടിന്റെ സദ്യ. നാലുകറില്‍ എരിശേരി അല്ലെങ്കില്‍ കൂട്ടുകറി, കാളന്‍, ഓലന്‍, പായസം ഇവ ഉള്‍പ്പെടുന്നു. ഇലയുടെ ഇടത്തേയറ്റത്തായി ശര്‍ക്കരവരട്ടിയും കായവറുത്തതും വിളമ്പും. അത് കഴിഞ്ഞ പപ്പടം, പപ്പടത്തിന് ശേഷം അച്ചാറുകള്‍ വിളമ്പും. അച്ചാറ്, പുളിയിഞ്ചി എന്നിവയാണത്.

അതുകഴിഞ്ഞ് കുമ്പളങ്ങ കൊണ്ടുള്ള ഓലന്‍ വിളമ്പും. ഓലന്‍ കഴിക്കുമ്പോള്‍ അതിനുമുമ്പ് കഴിച്ച എല്ലാ കറികളുടെയും സ്വാദ് നാവില്‍ നിന്ന് പോകുമെന്നാണ് പറയാറ്. ഓലന് ശേഷം കാളന്‍, കാളന് പിന്നാലെ ഉപ്പേരി വരും. പിന്നെ കൂട്ടുകറി, ഈ കൂട്ടുകറി ചേനയും കായും കൊണ്ടുള്ളതാണ്. അവിയല്‍, പച്ചടി, പായസം രസം, മോര് എന്നിവയും വള്ളുവനാടിന്റെ സദ്യയ്ക്ക് മാറ്റുകൂട്ടുന്നു.