Onam Sadhya: ഒരു തെക്കു വടക്കൻ ഓണസദ്യ; ഓണസദ്യയുടെ രുചിഭേദങ്ങൾ അറിയാം
Onam Sadhya Difference between Kerala North And South: സദ്യയാണെല്ലോ ഓണത്തിൻ്റെ പ്രധാന ആവേശം. എന്നാൽ നമ്മുടെ നാട്ടിലെ എല്ലാ സ്ഥലങ്ങളിലും ഓണാഘോഷം ഒന്നേയുള്ളങ്കിലും. സദ്യവട്ടം വെവ്വേറെയാണ്. വടക്കൻ കേരളത്തിൽ നിന്ന് വളരെയേറെ വ്യത്യസ്തമാണ് തെക്കൻ കേരളത്തിൽ. ഇതിലെ പ്രധാന വിഭവങ്ങളും മാറ്റങ്ങളും എന്തെല്ലാമാണെന്ന് നമുക്ക് നോക്കിയാലോ.

Onam Sadhya
ഓണവും ഓണസദ്യയും മലയാളികൾക്ക് ഏറെ പ്രാധാന്യമുള്ള ആഘോഷമാണ്. ഓണം അടുക്കാറാകുമ്പോൾ സദ്യവട്ടത്തിനും കോടിയെടുക്കാനുമുള്ള ഓട്ടപ്പാച്ചിലിലാണ് എല്ലാ മലയാളികളും. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമെ ഉള്ളൂ ഓണത്തിന്. സംസ്ഥാനത്തുടനീളമുള്ള ഓണവിപണികളും പൊടിപൊടിക്കുകയാണ്. സദ്യയാണെല്ലോ ഓണത്തിൻ്റെ പ്രധാന ആവേശം. എന്നാൽ നമ്മുടെ നാട്ടിലെ എല്ലാ സ്ഥലങ്ങളിലും ഓണാഘോഷം ഒന്നേയുള്ളങ്കിലും. സദ്യവട്ടം വെവ്വേറെയാണ്. വടക്കൻ കേരളത്തിൽ നിന്ന് വളരെയേറെ വ്യത്യസ്തമാണ് തെക്കൻ കേരളത്തിൽ. ഇതിലെ പ്രധാന വിഭവങ്ങളും മാറ്റങ്ങളും എന്തെല്ലാമാണെന്ന് നമുക്ക് നോക്കിയാലോ.
വടക്കൻ ജില്ലയിലെ ഓണസദ്യ
ആദ്യം വടക്കുനിന്ന് തന്നെ തുടങ്ങാം. കാരണം അത്ഭുതം തോന്നും ഒരു തരം സദ്യവട്ടമാണിവിടുത്തേത്. സദ്യയെന്ന് പറഞ്ഞാൽ അവിയലും ഓലനും കാളനും സാമ്പാറും തോരനും പച്ചടിയും കിച്ചടിയുമൊക്കെയാണല്ലോ. ആകെ മൊത്തം ഒരു വെജിറ്റേറിയൻ മയമാണ് സദ്യയിൽ. എന്നാൽ വടക്കൻ കേരളത്തിൽ അങ്ങനെയല്ല. തൂശനിലയുടെ അറ്റത്ത് ഒരല്പം മീൻ കറിയും ചിക്കനും ഒക്കെയുണ്ടാകും. ചിലയിടത്ത് ചിക്കനാണേൽ ചിലയിടത്ത് അത് മീൻ കറിയാണ്. കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും അവരെ സംബന്ധിച്ച് അതിനും പ്രാധാന്യമുണ്ട്.
പണ്ടുകാലത്തെ രീതികളനുസരിച്ച് നോക്കിയാൽ തെക്കൻ കേരളത്തിൽ അത്തം മുതൽ സദ്യയുണ്ടാവും. വടക്കോട്ട് ഉത്രാടത്തിനും തിരുവോണത്തിനും മാത്രമെ സദ്യയുണ്ടാകു. എന്നാൽ ഇന്ന് ഇതിലെല്ലാം മാറ്റമുണ്ട്. ശർക്കര വരട്ടിക്കും കായ വറുത്തതിനുമൊപ്പം ചേന, പാവയ്‌ക്ക, വഴുതന, പയർ എന്നിവ വറുത്തതും കൂടി വടക്കൻ കേരളത്തിൽ വിളമ്പാറുണ്ട്. കൂടാതെ പഴംനുറക്ക് എന്നൊരിനവും വടക്കോട്ട് നിർബന്ധമാണ്. വടക്കൻ മലബാറുകാരുടെ ഓണസദ്യയിൽ വാഴയ്‌ക്കയും കടലയും ചേർത്തൊരു കൂട്ടുകറി നിർബന്ധമാണ്.
തെക്കൻ ജില്ലയിലെ ഓണസദ്യ
വടക്കിനെ അപേക്ഷിച്ച് പൂർണമായും വെജിറ്റേറിയൻ സദ്യയാണ് തെക്കൻ ജില്ലക്കാരുടേത്. സദ്യയെന്ന് പറഞ്ഞാൽ തന്നെ അവിയലും സാമ്പാറും പരിപ്പും, തോരനും, പച്ചടി കിച്ചടി വിഭവങ്ങളും ചേരുന്ന കിടിലൻ സദ്യ. കറികൾ കൂടുതലാണ് തെക്കോട്ട്. കഴിക്കേണ്ട വിധത്തിൽ പോലും അതിൻ്റേതായ രീതിയുണ്ട്. സദ്യയെന്നാൽ രണ്ട് തരം പായസം ഉൾപ്പെടെ 13 മുതൽ 23 വിഭവങ്ങൾ വരെ ഉണ്ടാവണം. സദ്യയ്ക്ക് പ്രാധാന്യം നൽകുന്നത് കൂടുതലും തെക്കൻ ജില്ലകളിലാണെന്ന് പൊതുവെ ഒരു പ്രചാരമുണ്ട്.
അതിൽ ഏറ്റവും കെങ്കേമമായ സദ്യ തലസ്ഥാനത്തേത്ത് ആണ്. തിരുവന്തപുരത്തെ സദ്യ കഴിക്കാൻ അങ്ങ് വടക്കൻ ജില്ലകളിൽ നിന്ന് പോലും ആളുകൾ എത്താറുണ്ട്. എന്തിനേറെ പറയുന്നു വിളമ്പുന്ന രീതിയൊന്ന് മാറിയാൽ കഴിക്കുന്ന ആളുടെ മുഖവും മാറും. വാഴയ്ക്ക ഉപ്പേരി, ശർക്കരവരട്ടി എന്നിവ വാഴയിലയുടെ ഇടതുഭാഗത്തായിട്ട് വിളമ്പി, ഉപ്പ്, നാരങ്ങ മാങ്ങ അച്ചാറുകൾ, ഇഞ്ചിക്കറി തോരൻ, ഓലൻ, അവിയൽ, കൂട്ടുകറി, കിച്ചടി, പച്ചടി എന്നിങ്ങനെ അടുത്തത് വിളമ്പും.
പഴം, പപ്പടം എന്നിവയ്ക്കുള്ള സ്ഥാനം തൂശനിലയുടെ ഇടതുഭാഗത്താണ്. പിന്നെ ചോറു വിളമ്പണം അതിന് മുകളിലേക്ക് ചൂട് പരിപ്പും നെയ്യും. ഇനി ഊണ് ആരംഭിക്കാം. ഊണിന്റെ ആദ്യഘട്ടം കഴിയുമ്പോഴേക്കും സാമ്പാർ ഇങ്ങെത്തും. അതിന് ശേഷം സദ്യയിലെ പ്രധാനി എത്തും, പായസം. കുറഞ്ഞത് രണ്ട് കൂട്ടം പായസമെങ്കിലും ഉണ്ടാകണം. പായസം വിളമ്പുമ്പോൾ കഴിച്ചുകൊണ്ടിരുന്ന ചോറ് ഒരു വശത്തേക്ക് മാറ്റണം. പഴവും പപ്പടവും കുഴച്ച് ഇലയിൽത്തന്നെ പായസം കഴിക്കുന്നതാണ് തെക്കൻ സ്റ്റൈൽ. പായസം കുടിച്ചുകഴിഞ്ഞാൽ ആ മത്ത് ഒന്ന് മാറികിട്ടാൻ നല്ല മോരൊഴിച്ച് ഒരു പിടിയൂടി പിടിക്കാം. ശേഷം ദഹനത്തിലായി നല്ലൊരു രസവും. ഇതാണ് തെക്കൻ സ്റ്റൈൽ ഓണസദ്യ.