Solo dating tin malayali women: പെണ്ണുങ്ങളേ…. നല്ല കാഴ്ചകൾ കണ്ട്, ഒരു കാപ്പികുടിച്ച്, ഒരു സോളോ ഡേറ്റിനു പോകൂ… ന്യൂജെൻ മലയാളി മങ്ക സ്റ്റൈൽ ഇങ്ങനെ
Solo dating trend among Kerala women; ഇനി സമാധാനം തേടി .... സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഇറങ്ങിക്കോളൂ... നല്ല കാഴ്ചകൾ കാട്ടിക്കൊടുത്ത് സമാധാനത്തോടെ ഒരു കപ്പ് കാപ്പി നൽകി ആശ്വസിപ്പിച്ച്... പതിയ നടക്കാൻ കാലുകൾക്ക് നിർദ്ദേശം നൽകി ഒരു സോളോ ഡേറ്റിനു പോകൂ.. പ്രായമുൾപ്പെടെ പിന്നോട്ടു വലിക്കുന്നതെന്തും അൽപനേരം മനസ്സിന്റെ പടിയ്ക്കു പുറത്തു നിൽക്കട്ടെ.

solo date
വിദ്യാർത്ഥിനിയായ കാഞ്ചന കൃഷ്ണൻ, യൂട്യൂബ് വീഡിയോകളിലൂടെയാണ് സോളോ ഡേറ്റ് എന്ന വാക്ക് ആദ്യം കേൾക്കുന്നത്. “നിയന്ത്രണങ്ങളിൽ വളർന്നുവന്ന ഞങ്ങൾക്ക് ഇതൊരു സ്വാതന്ത്ര്യമാണ്,” എന്ന് കാഞ്ചന പറയുന്നു. പുരുഷന്മാർ പുറത്തു പോയ് ചിൽ ചെയ്യുന്നതിനെ സാധാരണമായി കാണുമ്പോൾ, സ്ത്രീകൾക്ക് ഇത് ഒരു അത്ഭുതമാണ്, അവർ വളർന്നുവന്ന സാഹചര്യങ്ങളുടെ വ്യത്യാസംകൊണ്ടാണ് ഇങ്ങനെ ഒരു ചിന്ത. സോളോ ഡേറ്റ് മാനസികമായും വൈകാരികമായും സ്വതന്ത്രയാക്കുന്നു, എന്നാണ് കാഞ്ചന പറയുന്നത്.
42 വയസ്സുള്ള ആർട്ടിസ്റ്റും വീട്ടമ്മയുമായ അർഷ ഇതിനെ ഒരു ‘ഇടവേള’യായാണ് കാണുന്നത്. കുട്ടികളുടെ കാര്യങ്ങൾ, വീട്ടുചുമതലകൾ, ആർട്ട് ക്ലാസുകൾ എന്നിവ നൽകുന്ന സമ്മർദ്ദം കുറയ്ക്കാൻ, ഒരു മണിക്കൂർ പുറത്തേക്കിറങ്ങുന്നു, ഒറ്റയ്ക്ക് കഴിക്കുന്ന ഒരു കപ്പ് കാപ്പി തന്നെ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് അർഷയുടെ കണ്ടെത്തൽ.
ഇതുപോലെ ഓരോ മലയാളി മങ്കമാരും ഒറ്റയ്ക്ക് പുറത്തേക്ക് ഇറങ്ങി തുടങ്ങിക്കഴിഞ്ഞു. പേടിയില്ലാതെ…. ഒറ്റയ്ക്കാണോ, കൂട്ടുവേണോ… എന്ന ചോദ്യം കേട്ടാലും ശ്രദ്ധിക്കാതെ മുന്നോട്ടു വരുന്ന സ്ത്രീകൾ അവരുടെ ഒറ്റയ്ക്കുള്ള യാത്രകളെ വിളിക്കുന്ന പേരാണ് സോളോ ഡേറ്റ്. വലിയ സംഭവമായി കാണുകയോ പുഛിക്കുകയോ ചെയ്യേണ്ട. ഇത് പലർക്കും സമാധാനത്തിന്റെ ശ്രോതസാണ്. സ്വാതന്ത്ര്യ പ്രഖ്യാപനമാണ്.
Also Read: ബാലി യാത്രയാണോ നിങ്ങളുടെ മനസ്സിൽ? 5 ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്യാം
പ്രായഭേദമന്യേ സ്ത്രീകൾ തനിച്ചുള്ള യാത്രകളും പുറത്തുപോക്കുകളും ഒരു ശീലമാക്കി മാറ്റുന്നു. തിരക്കില്ലാത്ത നടത്തങ്ങൾ, ആർട്ട് ഗാലറി സന്ദർശനം, രാത്രി വൈകിയുള്ള അത്താഴം, മണിക്കൂറുകളോളം നീളുന്ന ബുക്ക്സ്റ്റോളിലേയും ലൈബ്രറികളിലേയോ കറക്കം—ഒരുകാലത്ത് സമൂഹം സംശയത്തോടെ കണ്ടിരുന്ന ഈ കാര്യങ്ങൾ ഇന്ന് വ്യക്തിപരമായ ശാക്തീകരണത്തിന്റെയും സ്വയം കണ്ടെത്തലിന്റെയും മാർഗമായി മാറുകയാണ്. ലോകമെമ്പാടും, പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ, ഇത് സാധാരണ സംഭവമാണ്. എന്നാൽ കേരളത്തിലെ സ്ത്രീകൾക്ക് ഇത് വെറുമൊരു ട്രെൻഡിനപ്പുറം ഒരു സാംസ്കാരിക മാറ്റമാണ്. ഓരോ സോളോ ഡേറ്റിനു ശേഷവും കൂടുതൽ സന്തോഷവും ഊർജ്ജസ്വലതയും അനുഭവപ്പെടുന്നതായി പലരും പറയുന്നു. തിരക്കുകൂട്ടാൻ ആളില്ലാതെ മണിക്കൂറുകളോളം ചെലവഴിക്കുന്നതിലൂടെ ലഭിക്കുന്ന സ്വസ്ഥത പലരുടെയും പ്രിയപ്പെട്ട അനുഭവമാണ്.
ഏകാന്തതയല്ല സ്വാതന്ത്ര്യം
വിദഗ്ധരുടെ അഭിപ്രായത്തിൽ, ആഗോളവൽക്കരണത്തിന്റെയും സാങ്കേതികവിദ്യയുടെയും വളർച്ച, ആളുകളെ കൂടുതൽ സ്വയംപര്യാപ്തരാക്കിയിട്ടുണ്ട്. ഒറ്റയ്ക്കിരിക്കുന്നത് ഏകാന്തത എന്നതിൽ നിന്ന് മാറി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമായി മാറുന്ന ഈ പുതിയ കാഴ്ചപ്പാടാണ് സോളോ ഡേറ്റിംഗിന് പിന്നിൽ. മറ്റൊരാളുടെ സാന്നിധ്യമില്ലാതെ തന്നെ പൂർണ്ണ വ്യക്തികളായി സ്വയം കാണാൻ സ്ത്രീകൾ പഠിക്കുന്നു എന്നതിന്റെ സൂചനയാണിത്. ഇനി സമാധാനം തേടി …. സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ഇറങ്ങിക്കോളൂ… നല്ല കാഴ്ചകൾ കാട്ടിക്കൊടുത്ത് സമാധാനത്തോടെ ഒരു കപ്പ് കാപ്പി നൽകി ആശ്വസിപ്പിച്ച്… പതിയ നടക്കാൻ കാലുകൾക്ക് നിർദ്ദേശം നൽകി ഒരു സോളോ ഡേറ്റിനു പോകൂ.. പ്രായമുൾപ്പെടെ പിന്നോട്ടു വലിക്കുന്നതെന്തും അൽപനേരം മനസ്സിന്റെ പടിയ്ക്കു പുറത്തു നിൽക്കട്ടെ.