Thiruvonam 2025: തിരുവോണത്തിനു ആറൻമുളയിൽ പട്ടിണിയിരിക്കുന്ന ചിലരുണ്ട്… ആ ആചാരം ഇങ്ങനെ
Thiruvonam special rituals 2025: ഈ ആചാരം ഇപ്പോഴും പിന്തുടരുന്നത്, പൂർവ്വികരുടെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമായാണ് ഈ കുടുംബങ്ങൾ വിശ്വസിക്കുന്നത്.
ആറന്മുള: ഓണം എന്നു പറയുമ്പോഴെ പായസം പപ്പടം പഴം സദ്യ എന്ന് ജപിക്കുന്നവരാണ് പലരും. അതില്ലാതെ പട്ടിണി ഇരുന്ന് ഓണം ആചരിക്കുക എന്നത് സങ്കൽപിക്കാൻ കഴിയുമോ… എന്നാൽ അത്തരം ഒരു ആചാരം പിന്തുടരുന്ന കുറച്ചുപേരുമുണ്ട് കേരളത്തിൽ. വള്ളസദ്യയുടെ നാടായ ആറൻമുളയിൽ, ചില കുടുംബങ്ങൾ നൂറ്റാണ്ടുകളായി തിരുവോണനാളിൽ ഉണ്ണാവ്രതം അനുഷ്ഠിച്ചുവരുന്നുണ്ട്.
ആറൻമുളയിലെ നാല് ഇല്ലക്കാരായ തെക്കേടത്ത്, പുത്തേഴത്ത്, ചെറുകര, മംഗലപ്പിള്ളി എന്നീ കുടുംബങ്ങളിലെ കാരണവന്മാരാണ് ഈ ഉണ്ണാവ്രതം അനുഷ്ഠിക്കുന്നത്. ഒരു പ്രായശ്ചിത്തമായാണ് ഇവർ ഇതിനെ കാണുന്നത്. ഇതിന് പിന്നിൽ ഒരു കഥയുണ്ട്:
ഒരുകാലത്ത് അന്നദാനപ്രഭുവായ ആറൻമുളയപ്പൻ്റെ നാട്ടിൽ ആരും പട്ടിണി കിടക്കരുത് എന്നൊരു തീരുമാനമുണ്ടായിരുന്നു. അതിനായി നെല്ല് വിതരണം ചെയ്തിരുന്നു. എന്നാൽ, ഊരാണ്മ അവകാശമുള്ള 9 കുടുംബങ്ങൾ നെല്ല് വിതരണം ചെയ്യുന്നതിനിടയിൽ, നെല്ലു വാങ്ങാൻ വന്ന ഒരു സ്ത്രീയെ ശ്രദ്ധിക്കാൻ ആരും ഉണ്ടായില്ല. പിറ്റേദിവസം, ഈ സ്ത്രീ പടിപ്പുരയ്ക്ക് പുറത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഈ സംഭവത്തെ തുടർന്ന് പല ദുർനിമിത്തങ്ങളും ഉണ്ടായപ്പോൾ, പ്രശ്നപരിഹാരത്തിനായി ജ്യോതിഷ നിർദ്ദേശപ്രകാരം ഈ കുടുംബങ്ങളിലെ കാരണവന്മാർ ഉണ്ണാവ്രതം അനുഷ്ഠിക്കാൻ തുടങ്ങി.
ഇന്നും ആ സംഭവത്തിൻ്റെ ഓർമ്മ നിലനിർത്താൻ, കണ്ണങ്ങാട്ട് മഠത്തിന് സമീപം തലയിൽ മുറം ചൂടിയ സ്ത്രീയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ ആചാരം ഇപ്പോഴും പിന്തുടരുന്നത്, പൂർവ്വികരുടെ പാപങ്ങൾക്കുള്ള പ്രായശ്ചിത്തമായാണ് ഈ കുടുംബങ്ങൾ വിശ്വസിക്കുന്നത്.