Valaparai E Pass: കൈയ്യുംവീശി പോകല്ലേ! ഇ-പാസില്ലാതെ വാൽപ്പാറയിലേക്ക് പോകണ്ട; യാത്രക്കാർ അറിയാൻ
Valaparai E Pass System: കോയമ്പത്തൂർ ജില്ലാ അതിർത്തിയായ ഷോളയാർ അണക്കെട്ടിന്റെ ഇടതുകരയുള്ള ചെക്‌പോസ്റ്റിലും ആളിയാർ ചെക്‌പോസ്റ്റിലും രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇ-പാസ് കൂടാതെ പ്ലാസ്റ്റിക്ക് സാധനങ്ങളുമായും ഇനി വാൽപ്പാറയിലേക്ക് പ്രവേശിക്കാൻ സാധിക്കില്ല.
സഞ്ചാരികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഡെസ്റ്റിനേഷനുകളിലൊന്നാണ് വാൽപ്പാറ (Valparai). തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ് വാൽപ്പാറ എന്ന മനോഹകമായ സ്ഥലം സ്ഥിതി ചെയ്യുന്നത്. പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ടുള്ള വാൽപ്പാറയിലേയ്ക്കുള്ള യാത്രയാണ് സഞ്ചാരികളെ ഏറ്റവുമധികം ആകർഷിക്കുന്നത്. അതിരപ്പിള്ളി വാഴച്ചാൽ വഴി മലക്കപ്പാറയിലെത്തിയാൽ പിന്നെ അതിർത്തി പ്രദേശമാണ് ശേഷം വാൽപ്പാറയും. വഴയിലുടനീളം കാഴ്ച്ചകളുടെ വിസ്മയമാണ് സഞ്ചാരികളെ അവിടേക്ക് വിളിച്ചുവരുത്തുന്നത്.
എന്നാൽ ഇനി വാൽപ്പാറയിലേക്ക് ഈസിയായി പോയി വരാൻ സാധിക്കില്ല. വാൽപ്പാറയിലേക്ക് പോകാമെന്ന് പ്ലാൻ ചെയ്യുന്നവർ ഇ പാസ് എടുക്കാൻ മറക്കരുത്. നവംബർ ഒന്ന് മുതൽ ഇ പാസില്ലാതെ ഇനി കോയമ്പത്തൂരിലെ ഈ വിനോദസഞ്ചാര മേഖലയിലേക്ക് യാത്രക്കാർക്ക് പ്രവേശനമില്ല. മുമ്പ് നീരഗിരി കൊടൈകനാൽ എന്നീ വിനോദ സഞ്ചാര മേഖലകളിൽ ഇ പാസ് നിർബന്ധമാക്കിയിരുന്നു. ഇതിന് സമാനമായ രീതിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് വാൽപ്പാറയിലും ഇ പാസ് നിർബന്ധമാക്കിയിരിക്കുന്നത്.
ALSO READ: ഒഴിവ് ദിവസം ആസ്വദിക്കാം…; ബംഗളൂരുവിലെ ഈ സ്ഥലങ്ങൾ കാണാതെ പോകല്ലേ
നിങ്ങൾ വാൽപ്പാറയിലേക്ക് പോകുകയാണെങ്കിൽ, ഇ പാസിനായി www.tnepass.tn.gov.in/home എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. അതല്ലെങ്കിൽ കോയമ്പത്തൂർ ജില്ലാ അതിർത്തിയായ ഷോളയാർ അണക്കെട്ടിന്റെ ഇടതുകരയുള്ള ചെക്‌പോസ്റ്റിലും ആളിയാർ ചെക്‌പോസ്റ്റിലും രജിസ്റ്റർ ചെയ്യുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇ-പാസ് കൂടാതെ പ്ലാസ്റ്റിക്ക് സാധനങ്ങളുമായും ഇനി വാൽപ്പാറയിലേക്ക് പ്രവേശിക്കാൻ സാധിക്കില്ല. വാൽപ്പാറയിലേക്ക് കൊണ്ടുപോകുന്ന ഇത്തരം വസ്തുക്കൾ അധികൃതർ പിടിച്ചെടുക്കും. പരിശോധന നടത്തുന്നതിന് റവന്യു, തദ്ദേശഭരണ സ്ഥാപനങ്ങൾ, പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നീലഗിരിയിലും കൊടൈക്കനാലിലും വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചതിന് പിന്നാലെയാണ് ഇ പാസ് നിർബന്ധമാക്കിയത്. എന്നാൽ അതിന് പിന്നാലെ സഞ്ചാരികൾ വാൽപാറയിലേക്ക് ഒഴികിയെത്താൻ തുടങ്ങി. തിരക്ക് രൂക്ഷമായതോടെ നഗരത്തിൽ പലപ്പോഴും ഗതാഗതക്കുരുക്ക് പോലും അനുഭവപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് നടപടി. കൂടാതെ അതീവ ജാഗ്രത വേണ്ട പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാൽപ്പാറയുടെ പരിസ്ഥിതി സംരക്ഷണം മുൻനിർത്തി കൂടിയാണ് ഇ-പാസ് ഏർപ്പെടുത്തിയിരിക്കുന്നത്.