Eravikulam National Park: മൂന്നാറിലെ ഈ സ്ഥലം അടുത്ത മാസം മുതൽ അടച്ചിടും, ശ്രദ്ധിക്കേണ്ടത് ഇതൊക്കെ
Eravikulam National Park Closure Date: മൂന്നാറിലെ രാജമലയിൽ കാണപ്പെടുന്ന നീലഗിരി താറിന്റെ പ്രജനനകാലം ആരംഭിക്കുകയാണ്. ഇരവികുളം ദേശീയോദ്യാനത്തിലെ അപൂർവ ഇനങ്ങളായ നീലഗിരി താറിന്റെ പ്രധാന ആവാസ കേന്ദ്രമാണിവിടം. ഇതിനോടകം ഇവയുടെ മൂന്ന് കുഞ്ഞുങ്ങളെ പ്രദേശത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു.
ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയം മൂന്നാറിൽ വിനോദ സഞ്ചാരികളെകൊണ്ട് നിറഞ്ഞിരിക്കും. തണുത്ത കാലാവസ്ഥ തന്നെയാണ് ഇതിന് പ്രധാന കാരണം. മൂന്നാറിലെ തണുപ്പാസ്വദിക്കാൻ ദിവസേന ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. കഴിഞ്ഞ ഡിസംബർ പാതിയോടെ മൂന്നാറിലെ താപനില പൂജ്യം ഡിഗ്രിയിലേക്ക് എത്തിയത് ആളുകൾ കൂടുതൽ എത്തിച്ചേരാൻ കാരണമായിരുന്നു. എന്നാൽ ഫെബ്രുവരിയിൽ മൂന്നാറിലേക്ക് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഇതാണ്.
മൂന്നാറിലെ രാജമലയിൽ കാണപ്പെടുന്ന നീലഗിരി താറിന്റെ പ്രജനനകാലം ആരംഭിക്കുകയാണ്. ഇരവികുളം ദേശീയോദ്യാനത്തിലെ അപൂർവ ഇനങ്ങളായ നീലഗിരി താറിന്റെ പ്രധാന ആവാസ കേന്ദ്രമാണിവിടം. ഇതിനോടകം ഇവയുടെ മൂന്ന് കുഞ്ഞുങ്ങളെ പ്രദേശത്ത് നിന്ന് കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ നേരത്തെയാണ് സീസൺ എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി 14 മുതലാണ് രാജമലയിൽ നീലഗിരി താറിൻ്റെ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
ALSO READ: വയനാടിനെ ആവേശത്തിലാഴ്ത്തി ‘പൂപ്പൊലി’; സ്ഥലം, സമയം, എങ്ങനെ എത്തിപ്പെടാം
നീലഗിരി താറിന്റെ പ്രജനനകാലം ആരംഭിച്ചതിനാൽ ഇരവികുളം ദേശീയോദ്യാനം വരുന്ന ദിവസങ്ങളിൽ അടച്ചിടുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ്റെ അനുമതി ലഭിച്ചാലുടൻ ഫെബ്രുവരി ഒന്ന് മുതൽ മാർച്ച് 31 വരെ ദേശീയോദ്യാനം അടച്ചിടും. ഇവയുടെ പ്രജനനകാലത്ത് പ്രമുഖ വിനോദസഞ്ചാര മേഖലയായ രാജമലയിൽ വിനോദസഞ്ചാരികളുടെ പ്രവേശനം പൂർണമായും നിരോധിക്കും. കഴിഞ്ഞ വർഷം ഏപ്രിലിൽ നടത്തിയ സർവേയിൽ 827 നീലഗിരി താറിനെയാണ് ഈ മേഖലയിൽ കണ്ടെത്തിയത്. അവയിൽ 144 എണ്ണം പുതുതായി ജനിച്ച് വീണവയായിരുന്നു.
അതുകൊണ്ട് തന്നെ മൂന്നാറിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾ ഈ മേഖല ഒഴിവാക്കേണ്ടതാണ്. മറ്റ് മേഖലകളിലേക്ക് സന്ദർശനത്തിന് വിലക്കില്ല. മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി ഡാം, ആനമുടി, ടോപ് സ്റ്റേഷൻ, കൊളുക്കുമല തുടങ്ങിയ സ്പോട്ടുകൾ നിങ്ങൾക്ക് ആസ്വദിക്കാവുന്നതാണ്. കോടമഞ്ഞും കുളിർക്കാറ്റും തേയിലത്തോട്ടങ്ങളുമെല്ലാമായി സഞ്ചാരികളെ വരവേൽക്കാൻ കാത്തിരിക്കുകയാണ് ഈ തണുപ്പുകാലത്ത് മൂന്നാർ.