AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KSRTC Diwali Trip: ഈ ദീപാവലിക്ക് ​ഗവി-പൊന്മുടി റൂട്ട് പിടിച്ചാലോ; കിടിലൻ പാക്കേജുമായി ആനവണ്ടി

KSRTC Diwali Packages: വിനോദ സഞ്ചാര മേഖലയിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കുന്ന ഓരോ യാത്രകളും ജനപ്രീതി നേടികൊണ്ടിരിക്കുകയാണ്. അവധിക്കാലം ആഘോഷിക്കാൻ കാത്തിരിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്.

KSRTC Diwali Trip: ഈ ദീപാവലിക്ക് ​ഗവി-പൊന്മുടി റൂട്ട് പിടിച്ചാലോ; കിടിലൻ പാക്കേജുമായി ആനവണ്ടി
KSRTCImage Credit source: Facebook (KB Ganesh Kumar)
neethu-vijayan
Neethu Vijayan | Published: 05 Oct 2025 21:56 PM

ഇക്കൊല്ലത്തെ ദീപാവലി അവധിക്കാലം കെഎസ്ആർടിസിക്കൊപ്പം അടിച്ചുപൊളിക്കാം. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ദീപാവലി പ്രമാണിച്ചുള്ള ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ ആറ് 11, 14, 19, 24 തീയതികളിലാണ് ആകർഷകമായ യാത്ര ഒരുക്കിയിരിക്കുന്നത്. വിനോദ സഞ്ചാര മേഖലയിൽ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കുന്ന ഓരോ യാത്രകളും ജനപ്രീതി നേടികൊണ്ടിരിക്കുകയാണ്. അവധിക്കാലം ആഘോഷിക്കാൻ കാത്തിരിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്.

കെഎസ്ആർടിസിയുടെ പാക്കേജ് ഇങ്ങനെ

ഈ മാസം അഞ്ച്, 11, 19 തീയതികളിൽ മീൻമുട്ടി-പൊന്മുടി യാത്രയോടെയാണ് കെഎസ്ആർടിസിയുടെ ദീപാവലി സ്പെഷ്യൽ പാക്കേജ് ആരംഭിക്കുന്നത്. പൊന്മുടി യാത്രയിൽ മീൻമുട്ടി വെള്ളച്ചാട്ടം, കല്ലാർ എന്നിവ ഉൾപ്പെടും. ഈ യാത്രയ്ക്ക് 650 രൂപയാണ് ഈടാക്കുക. അഞ്ച്, 18 തീയതികളിൽ ഇല്ലിക്കൽകല്ല്-ഇലവീഴാപ്പൂഞ്ചിറ യാത്രയും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. 660 രൂപയാണ് നിരക്ക്.

Also Read: സഞ്ചാരികളെ കേട്ടിട്ടുണ്ടോ… സ്ലീപ്പ് ടൂറിസം; ഇതാണ് ഇപ്പോഴത്തെ ട്രെൻഡ്

ആറ്, 14, 24 തീയതികളിൽ 1,750 രൂപയുടെ ഗവി-അടവി പരുന്തുംപാറ യാത്രയും ഏറെ ആകർഷകമായ ഒന്നാണ്. ഏഴിന് പൗർണമിക്കാവ് യാത്രയിൽ ആഴിമല, ചെങ്കൽ, കുഴിപ്പള്ളം എന്നിവ ഉൾപ്പെടുന്ന യാത്രയാണ് ക്രമീകരിച്ചിരിക്കുന്നത്. 3480 രൂപയ്ക്ക് മൂകാംബിക തീർഥാടനയാത്ര ഒൻപതിന് ആരംഭിക്കും.

കൊല്ലൂരിനു പുറമേ വടക്കുംനാഥക്ഷേത്രം, ഉത്രാളിക്കാവ്, ഉടുപ്പി ശ്രീകൃഷ്ണസ്വാമിക്ഷേത്രം, അനന്തപുരം തടാക ക്ഷേത്രം, സിദ്ധിവിനായകക്ഷേത്രം, പറശ്ശിനിക്കടവ് മുത്തപ്പൻ എന്നീ ക്ഷേത്രങ്ങളും ഇക്കൂട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 11, 19, 26 തീയതികളിൽ മൂന്നാർ യാത്ര, 11-നും 20-നും വാഗമൺ-പരുന്തുംപാറ യാത്രയും ഇക്കൊല്ലത്തെ ദീപാവലി സ്പെഷ്യൽ പാക്കേജിൽ ഉൾപ്പെടുന്നു.

അറബിക്കടൽ ചുറ്റിക്കറങ്ങാൻ കാത്തിരിക്കുന്നവർക്കും പ്രത്യേക പാക്കേജുണ്ട്. 16, 26 തീയതികളിലാണ് കപ്പൽ യാത്ര ഒരുക്കിയിരിക്കുന്നത്. അവധിദിവസങ്ങളിൽ 3,840 രൂപയും പ്രവൃത്തിദിവസങ്ങളിൽ 3,540 രൂപയുമാണ് ഈ യാത്രയ്ക്ക് ഈടാക്കുന്നത്. പൂവാർ ഐലൻഡ്‌സ്, ബോട്ടിങ് ഉൾപ്പെടെയുള്ള ആദ്യയാത്രയ്ക്ക് 1,110 രൂപയാണ് നിരക്ക്. 24ന് വൈകിട്ട് ആറിന് ആരംഭിക്കുന്ന മലക്കപ്പാറ യാത്ര 25-ന് രാത്രി തിരികെയെത്തുന്ന രീതിക്കാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഫോൺ- 9747969768, 9995554409 എന്നീ നമ്പറുകളിൽ വിളിക്കാം.