Solo Travel: ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരാണോ… അതും വിദേശത്തേക്ക്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Solo Travellers Essential Safety Rules: നിങ്ങൾ യാത്ര പോകുമ്പോൾ എപ്പോഴും വിശ്വസ്തരായ ഒരാളുമായി ബന്ധം നിലനിർത്തുക. നിങ്ങൾ എവിടെയാണ്, എവിടെയെത്തി തുടങ്ങി യാത്രയുടെ ഓരോ വിവരങ്ങളും അവരുമായി പങ്കുവയ്ക്കുക. പ്രത്യേകിച്ച്, താമസവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, വിമാനങ്ങൾ തുടങ്ങിയവയെല്ലാം പ്രധാനമാണ്. അടിയന്തര സാഹചര്യത്തിൽ ഇത് വളരെയധികം ഉപകാരപ്പെടും.

ഇടയ്ക്ക് എപ്പോഴെങ്കിലും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കാറുണ്ടോ? ഒറ്റയ്ക്കുള്ള യാത്ര നല്ലതാണ്, അത് ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനും ഓർമ്മപ്പെടുത്താനും നിങ്ങളെ സഹായിക്കും. എന്നാൽ അതിൻ്റെ അപകട സാധ്യതകളും അറിഞ്ഞിരിക്കേണ്ടതാണ്. ഭാഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ മുതൽ സംസ്കാരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. ചില അന്യ രാജ്യങ്ങളിലേക്ക് നാം ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ ഒരുപാട് കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം അതിലൂടെ തട്ടിപ്പുകൾ ഒഴിവാക്കാൻ നമുക്ക് കഴിയും.
നിങ്ങൾ യാത്ര പോകുമ്പോൾ എപ്പോഴും വിശ്വസ്തരായ ഒരാളുമായി ബന്ധം നിലനിർത്തുക. നിങ്ങൾ എവിടെയാണ്, എവിടെയെത്തി തുടങ്ങി യാത്രയുടെ ഓരോ വിവരങ്ങളും അവരുമായി പങ്കുവയ്ക്കുക. പ്രത്യേകിച്ച്, താമസവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ, വിമാനങ്ങൾ തുടങ്ങിയവയെല്ലാം പ്രധാനമാണ്. അടിയന്തര സാഹചര്യത്തിൽ ഇത് വളരെയധികം ഉപകാരപ്പെടും.
അടുത്തതായി, നിങ്ങൾ പോകുന്ന സ്ഥലത്തെ പ്രാദേശിക ആചാരങ്ങളെയും സംസ്കാരത്തെയും കുറിച്ച് നിങ്ങൾ നന്നായി അറിഞ്ഞിരിക്കണം. പ്രാദേശിക നിയമങ്ങൾ മനസ്സിലാക്കിയിരിക്കുന്നതിലൂടെ, അപകടത്തിലാക്കുന്ന ചില ചെറിയ തെറ്റുകൾ പോലും ഒഴിവാക്കാൻ സഹായിക്കും. സ്ഥലങ്ങൾക്കനുസരിച്ച് ഇടപഴകാൻ പഠിക്കണം. പ്രത്യേകിച്ച് ഭാഷയുടെ കാര്യത്തിൽ. കൂടാതെ, ലോക്കൽ പോലീസ്, നിങ്ങളുടെ രാജ്യത്തെ എംബസി, ആരോഗ്യ സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിയന്തരമായി ബന്ധപ്പെടേണ്ട നമ്പരുകളും കൈയ്യിൽ കരുതുക.
താമസിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലം ഏതാണെങ്കിലും അവയുടെ വ്യക്തമായ വിവരങ്ങൾ മനസ്സിലാക്കുക. ശുചിത്വം, സുരക്ഷിതത്വം എന്നിവ പ്രധാനമാണ്. ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർ ഹോസ്റ്റലുകളോ ഗസ്റ്റ് ഹൗസുകളോ തിരഞ്ഞെടുക്കാം. കാരണം അവിടെ നിങ്ങൾ ഒറ്റയ്ക്ക് ആയിരിക്കില്ല. അതിനാൽ സുരക്ഷിതമായി നീങ്ങാം.
ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ, നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് അപരിചിതമായ സാഹചര്യങ്ങളിൽ അമിതമായ മദ്യപിക്കുകയോ അപരിചിതരായ ആളുകളെ വിശ്വസിക്കുകയോ അരുത്. വിലകൂടിയ വസ്തുകളോ പണമോ നിങ്ങളുടെ പക്കലുണ്ടെങ്കിൽ ഒരു കാരണവശാലും അത് പുറത്ത് കാണിക്കരുത്. ഗതാഗതം സുരക്ഷിതമാണെന്ന് ഉറപ്പാക്കുക. കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കുന്ന ടാക്സികൾ തിരഞ്ഞെടുക്കുക.