FASTag Annual Pass: ഹൈവേ യാത്രയ്ക്ക് 3000 മുടക്കാൻ തയ്യാറാണോ!: എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം
New FASTag Annual Pass: വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് പുതിയ പാസ് ലഭിക്കുക. വാർഷിക പാസ് തിരഞ്ഞെടുക്കുന്നവർക്ക് ഒരു വർഷത്തേക്ക് അല്ലെങ്കിൽ നിങ്ങൾ നടത്തുന്ന 200 യാത്രകൾ വരെ പരിധിയില്ലാത്ത ടോൾ-ഫ്രീയായി യാത്ര ചെയ്യാവുന്നതാണ്. ഇവയിൽ ഏതാണോ ആദ്യം വരുന്നത് അതിന് അനുസരിച്ച് ഉപയോഗിക്കാം.

യാത്രക്കാർക്ക് ഏറെ സന്തോഷമുള്ള വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഹൈവേ ഗതാഗതം സുഗമമാക്കുന്നതിനും ഹൈവേയിലൂടെയുള്ള യാത്ര മെച്ചപ്പെടുത്തുന്നതിനുമായി, കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ഈ പ്രഖ്യാപനം നടത്തിയത്. യാത്രികർക്കായി 3000 രൂപയുടെ ഫാസ്റ്റ് ടാഗ് വാർഷിക പാസ് എന്ന വമ്പൻ പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത്. ഈ വർഷം ഓഗസ്റ്റ് 15 മുതലാണ് ഈ പാസ് പ്രാബല്യത്തിൽ വരുന്നത്.
വാണിജ്യേതര സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് പുതിയ പാസ് ലഭിക്കുക. വാർഷിക പാസ് തിരഞ്ഞെടുക്കുന്നവർക്ക് ഒരു വർഷത്തേക്ക് അല്ലെങ്കിൽ നിങ്ങൾ നടത്തുന്ന 200 യാത്രകൾ വരെ പരിധിയില്ലാത്ത ടോൾ-ഫ്രീയായി യാത്ര ചെയ്യാവുന്നതാണ്. ഇവയിൽ ഏതാണോ ആദ്യം വരുന്നത് അതിന് അനുസരിച്ച് ഉപയോഗിക്കാം. 60 കിലോമീറ്റർ പരിധിയിലുള്ള ടോൾ പ്ലാസകളെക്കുറിച്ചുള്ള ആശങ്കകൾക്ക് ഏറെ പരിഹാരമാണിത്.
ഈ പാസ് പുതുക്കുന്നതിനും ആക്ടിവേറ്റ് ചെയ്യുന്നതിനുമുള്ള ലിങ്ക് ഉടൻ തന്നെ രാജ്മാർഗ് എന്ന യാത്ര ആപ്പിലും നാഷണൽ ഹൈവേസ് അസോസിയേഷൻ ഓഫ് ഇന്ത്യ, റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലും ലഭ്യമായി തുടങ്ങുന്നതാണ്. രാജ്യത്തുടനീളമുള്ള 1,200-ലധികം ടോൾ പ്ലാസകളെ പുതിയ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ ടോൾ പ്ലാസകൾ ഉൾപ്പെടുന്നുണ്ട്.
ദേശീയപാത യാത്ര കൂടുതൽ സുഗമവും യാത്രക്കാർക്ക് ലാഭകരവുമാക്കാൻ കഴിയുന്ന ഒരു പുതിയ ടോൾ നയത്തിൽ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 3,000 രൂപയ്ക്ക് ഒറ്റത്തവണ ഫാസ്റ്റ് ടാഗ് റീചാർജ് ചെയ്താൽ സ്വകാര്യ വാഹനങ്ങൾക്ക് ദേശീയ പാതകളിലൂടെയും സംസ്ഥാന എക്‌സ്പ്രസ് വേകളിലൂടെയും ഒരു വർഷത്തേക്ക് അധിക ടോൾ നിരക്കുകളില്ലാതെ സഞ്ചരിക്കാൻ കഴിയുമെന്നതാണ് പുറത്തുവന്ന റിപ്പോർട്ടുകളിലെ വിവരം.