Monsoon travel: മഴക്കാലമായി… യാത്രകൾ ഒട്ടും കുറയ്ക്കേണ്ട; പോകാൻ പറ്റിയ സ്ഥലങ്ങൾ ഇതാ
Monsoon Destinations In Kerala: ജീവിതം യാന്ത്രികമായി പോകാതിരിക്കാൻ വല്ലപ്പോഴും ഒരു യാത്രയൊക്കെ നടത്തുന്നത് നല്ലതാണ്. മഴക്കാലമാണെന്ന് കരുതി യാത്ര കുറയ്ക്കണ്ട. മഴ പ്രേമികളും യാത്രാ പ്രേമികൾക്കും പറ്റിയ സമയമാണിത്. നമ്മുടെ കേരളത്തിലുമുണ്ട് മഴക്കാലത്ത് പോകാൻ പറ്റിയ നല്ല കുറച്ച് സ്ഥലങ്ങൾ.
വെയിലായാലും മഴയായാലും മഞ്ഞായാലും യാത്രകൾക്ക് എന്നും ഒരു പ്രത്യേക സൗന്ദര്യമാണ്. ഓരോ കാലാവസ്ഥയിലും സ്ഥലങ്ങളുടെ ഭംഗിക്കും വ്യത്യാസം വരുന്നു. ജീവിതം യാന്ത്രികമായി പോകാതിരിക്കാൻ വല്ലപ്പോഴും ഒരു യാത്രയൊക്കെ നടത്തുന്നത് നല്ലതാണ്. മഴക്കാലമാണെന്ന് കരുതി യാത്ര കുറയ്ക്കണ്ട. നമ്മുടെ കേരളത്തിലുമുണ്ട് മഴക്കാലത്ത് പോകാൻ പറ്റിയ നല്ല കുറച്ച് സ്ഥലങ്ങൾ.
മൺസൂൺ വരാനിരിക്കുകയാണ്. മഴ പ്രേമികളും യാത്രാ പ്രേമികൾക്കും പറ്റിയ സമയമാണിത്. അത്തരത്തിൽ ഈ മൺസൂൺ കാലത്ത് കേരളത്തിൽ സന്ദർശിക്കാൻ പറ്റുന്ന ഇടങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.
പാലരുവി വെള്ളച്ചാട്ടം
കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന മനോഹരമായൊരു വെള്ളച്ചാട്ടമാണ് പാലരുവി. പാറകൾക്കിടയിലൂടെ 300 അടി താഴ്‌ചയിലേക്ക് പാൽ പോലെ വന്നുപതിക്കുന്ന വെള്ളച്ചാട്ടം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്. മഴക്കാലമായാൽ ഈ സ്ഥലത്തിന് ഭംഗി അല്പം കൂടുതലാണ്. അവിടെ നിങ്ങൾക്ക് കുളിക്കാനുള്ള സൗകര്യവുമുണ്ട്. കുത്തിയൊലിച്ചെത്തുന്ന പുഴയും പാറക്കെട്ടുകളുമായതിനാൽ സഞ്ചാരികൾ ഏറെ ശ്രദ്ധിക്കണം. പ്രത്യേകിച്ച് മഴക്കാലത്ത്.
കുട്ടനാട്
കേരളത്തിൻറെ നെല്ലറ എന്നറിയപ്പെടുന്ന നാടാണ് ആലപ്പുഴയിലെ കുട്ടനാട്. ഈ പേര് കേൾക്കുമ്പോൾ ആദ്യം മനസിലോടിയെത്തുന്നത് കായൽക്കരയിലൂടെയുള്ള ഹൗസ് ബോട്ട് യാത്രയാണ്. 500 ചതുരശ്ര കിലോമീറ്ററോളം പ്രദേശം സമുദ്ര നിരപ്പിനെക്കാൾ താഴെ സ്ഥിതിചെയ്യുന്നു. മഴക്കാലത്ത് സന്ദർശിക്കാൻ അനുയോജ്യമായ സ്ഥലങ്ങളിൽ ഒന്നാണ് കുട്ടനാടെന്നതിൽ സംശയം വേണ്ട. മഴയും കായലിൻ്റെ സൗന്ദര്യവും ഒരുപോലെ ആസ്വദിച്ച് ഹൗസ് ബോട്ടിലൂടെ ചുറ്റിക്കറങ്ങാന ഒരു പ്രത്യേക രസമാണ്.
വയനാട്
കേരളത്തിലെ ഏറ്റവും പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന സ്ഥലമാണ് വയനാട്. മൺസൂൺ കാലത്ത് പോകാൻ പറ്റിയ ഇടം. എന്നാൽ ശ്രദ്ധ ഒരല്പം പോലും കുറയ്ക്കരുത്. അധികൃതരുടെ നിർദ്ദേശവും കാലാവസ്ഥയും നോക്കിവേണം യാത്ര. മഴക്കാല ഫോട്ടോഷൂട്ടിനും കോടമഞ്ഞ് ആസ്വദിക്കാനും വയനാട് അടിപൊളിയാണ്. കൂടാതെ മഴയുടെ ഭംഗി ഇത്രയധികം ആസ്വദിക്കാൻ പറ്റുന്ന മറ്റൊരു സ്ഥലം കേരളത്തിൽ വേറെയില്ലെന്ന് തന്നെ പറയാം. സൂചിപ്പാറ വെള്ളച്ചാട്ടം, ചെമ്പ്ര കൊടുമുടി, പൂക്കോട് തടാകം, ബാണാസുര സാഗർ അണക്കെട്ട്, നീലിമല വ്യൂപോയിന്റ് ഇവയെല്ലാം മഴക്കാല സ്ഥലങ്ങളാണ്.
കോവളം
കടൽ കാറ്റുകൊണ്ട് ഒരു സായാഹ്നമാണ് ആഗ്രഹിക്കുന്നതെങ്കിൽ തിരുവനന്തപുരം ജില്ലയിലെ കോവളം നിങ്ങൾ തള്ളികളയരുത്. മലയാളികൾക്ക് മാത്രമല്ല, വിദേശികൾക്ക് പോലും പ്രിയപ്പെട്ട ഒരേയൊരു ഇടം. ജലകായിക വിനോദങ്ങൾക്കും ആയുർവേദ ചികിത്സകൾക്കും പേരുകേട്ട കോവളം മഴക്കാലത്ത് ഏറെ രസകരമാണ്. നീലനിറത്തിലുള്ള കടലിന് മുകളിൽ ഇരുണ്ട് കൂടുന്ന കാർമേഘങ്ങൾ കാണാൻ ഒരു പ്രത്യേക ഭംഗിയാണ്.