Vagamon Glass Bridge: വാഗമണ്ണിലേക്കാണോ നിങ്ങളുടെ ട്രിപ്പ്… ഗ്ലാസ് ബ്രിഡ്ജ് അടയ്ക്കുന്നു; കാരണം
Vagamon Glass Bridge Closed: മോശം കാലാവസ്ഥയെത്തുടർന്നും നേരത്തെ ഏറെ നാൾ ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ടിരുന്നു. ഗ്ലാസ് ബ്രിഡ്ജ് കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ എതിർപ്പ് ശക്തമായതോടെ ഒടുവിൽ തുറന്ന് നൽകുകയായിരുന്നു. നാളെ (നവംബർ 19) മുതൽ 30വരെ ഗ്ലാസ് ബ്രിഡ്ജ് അടച്ചിടാനാണ് തീരുമാനം.
വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് അടയ്ക്കുന്നു. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 30വരെ ഗ്ലാസ് ബ്രിഡ്ജ് അടച്ചിടുന്നതായി അധികൃതർ അറിയിച്ചു. ഇടുക്കി ഡിടിപിസിയുടെ നിയന്ത്രണത്തിലാണ് വാഗമൺ അഡ്വഞ്ചർ പാർക്കിൽ ഗ്ലാസ് ബ്രിഡ്‌ജ് പ്രവർത്തിച്ചു വരുന്നത്. നാളെ (നവംബർ 19) മുതൽ 30വരെ ഗ്ലാസ് ബ്രിഡ്ജ് അടച്ചിടാനാണ് തീരുമാനം.
വരാനിരിക്കുന്ന അവധിക്കാലം മുൻനിർത്തി അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്ന് നൽകുകയാണ് അധികൃതരുടെ ലക്ഷ്യം. ക്രിസ്മസ് – ന്യൂ ഇയർ അവധി ദിവസങ്ങളും ആഘോഷങ്ങളും എത്തുന്നതോടെ വാഗമണ്ണിലേക്കുള്ള തിരക്ക് ഇരട്ടിയാകും. നാനാ ഭാഗത്ത് നിന്ന് എത്തുന്ന സഞ്ചാരികൾക്കായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം ഗ്ലാസ് ബ്രിഡ്ജ് തുറന്നുകൊടുക്കുന്നതായിരിക്കും.
മോശം കാലാവസ്ഥയെത്തുടർന്നും നേരത്തെ ഏറെ നാൾ ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ടിരുന്നു. ഗ്ലാസ് ബ്രിഡ്ജ് കാണാനെത്തുന്ന വിനോദസഞ്ചാരികളുടെ എതിർപ്പ് ശക്തമായതോടെ ഒടുവിൽ തുറന്ന് നൽകുകയായിരുന്നു. ദിവസവും ആയിരക്കണക്കിനാളുകൾ എത്തുന്ന വാഗമണ്ണിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്ന അഡ്വഞ്ചർ പാർക്ക്.
ALSO READ: ശബരിമല തീർത്ഥാടനം; കെഎസ്ആർടിസി പൂർണ സജ്ജം, ബുക്ക് ചെയ്യേണ്ടത്
ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രത്യേകത
രാജ്യത്തെ തന്നെ ഏറ്റവും നീളമേറിയ കാൻറി ലിവർ ഗ്ലാസ് ബ്രിഡ്ജ് എന്ന നിലയിലും പ്രശസ്തമാണ് വാഗമണിലെ ഗ്ലാസ് ബ്രിഡ്‌ജ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3600 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജർമനിയിൽ നിന്ന് ഇറക്കുമതി ചെയ്ത 120 അടി നീളത്തിലുള്ള ഗ്ലാസിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഈ പാലത്തിന് മൂന്ന് കോടി രൂപയാണ് നിർമാണച്ചെലവ്. 35 ടൺ സ്റ്റീലാണ് ഗ്ലാസ് ബ്രിഡ്ജിൻ്റെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
ഒരേസമയം 15 പേർക്കാണ് ഇതിൽ കയറാൻ സാധിക്കുക. ഇതിൽ കയറിയാൽ ഇഡുക്കി ജില്ലയിലെ മുണ്ടക്കയം, കൂട്ടിക്കൽ, കൊക്കയാർ മേഖലകളുടെ രസകരമായ കാഴ്ച്ചകൾ ആസ്വദിക്കാനാകും. കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയിൽ ഗ്ലാസ് ബ്രിഡ്ജിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല. രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെയാണ് പ്രവേശന സമയം. ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ് നിരക്ക്.