Visakhapatnam Glass Bridge : വാഗമണ്ണിൻ്റെ റെക്കോർഡ് പഴങ്കഥയായി; രാജ്യത്തെ ഏറ്റവും നീളം കൂടിയ ചില്ലുപാലം ഇനി വിശാഖപട്ടണത്ത്
Visakhapatnam Glass Bridge Length : കൈലാസഗിരി ഹിൽടോപ്പ് പാർക്കിന് മുകളിലായിട്ടാണ് 55 മീറ്റർ നീളമുള്ള വിശാഖപട്ടണത്തെ ചില്ലുപാലം സ്ഥിതി ചെയ്യുന്നത്. വാഗമണിലെ ഗ്ലാസ് ബ്രിഡ്ജിനുള്ളത് 40 മീറ്റർ നീളമാണ്.
വിശാഖപട്ടണം : ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും നീളം കൂടിയ ചില്ലുപാലം കേരളത്തിലെ വാഗമണ്ണിനു സ്വന്തമാണ്. ഇപ്പോഴിതാ വാഗമണ്ണിൽ നിർമിച്ച കാന്റിലിവർ മാതൃകയിലുള്ള ഗ്ലാസ് പാലം വിശാഖപട്ടണത്തും എത്തിയിരിക്കുകയാണ്. നഗരത്തിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച പാലം പൊതുജനങ്ങൾക്കായി വ്യാഴാഴ്ച തുറന്നു കൊടുത്തു.
വിശാഖപട്ടണം മെട്രോപൊളിറ്റൻ റീജിയൺ ഡെവലപ്‌മെന്റ് അതോറിറ്റി (വിആർഡിഎ) 7 കോടി രൂപ ചിലവഴിച്ചാണ് ഇത് നിർമ്മിച്ചത്. 55 മീറ്റർ നീളമുള്ള ഈ ചില്ലുപാലം, കൈലാസഗിരി ഹിൽടോപ്പ് പാർക്കിന് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. 40 മീറ്റർ നീളമാണ് വാഗമണിലെ ഗ്ലാസ് ബ്രിഡ്ജിനുള്ളത്. മുകളിലെത്തുന്ന സഞ്ചാരികൾക്ക് ബംഗാൾ ഉൾക്കടലിന്റെ തീരപ്രദേശത്തിന്റെയും വിശാഖ നഗരത്തിന്റെയും ചുറ്റുമുള്ള കുന്നുകളുടെയും മനോഹരമായ കാഴ്ചകളാണ് ഈ ചില്ലുപാലം സമ്മാനിക്കുക.
പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) രീതിയിൽ ഒരു സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഹുദ്‌ഹുദ് പോലുള്ള ചുഴലിക്കാറ്റുകളെ അതിജീവിക്കാൻ സാധിക്കുന്ന തരത്തിൽ, മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിലുള്ള കാറ്റിനെ നേരിടാൻ ശേഷിയുള്ള തരത്തിലാണ് പാലം രൂപകൽപ്പന ചെയ്തിട്ടുള്ളത്.
ALSO READ : Visa-Free Destinations: ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്ര പോകാം ഈ രാജ്യങ്ങളിലേക്ക്; കൂടുതലറിയാം
സുരക്ഷയെ മുൻനിർത്തി ചുറ്റിക കൊണ്ട് അടിച്ചാൽ പോലും പൊട്ടാത്ത തരത്തിൽ കട്ടിയുള്ള ഗ്ലാസ് കൊണ്ടാണ് ഈ ചില്ലുപാലം നിർമ്മിച്ചിരിക്കുന്നത്. ഒരേസമയം 100 പേരെ ഉൾക്കൊള്ളാനുള്ള ശേഷി പാലത്തിനുണ്ടെങ്കിലും സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒരു സമയം 40 പേരെ മാത്രമേ പാലത്തിൽ അനുവദിക്കൂ. ഏകദേശം 7 മാസം എടുത്താണ് ഈ പാലം പൂർത്തിയാക്കിയിരിക്കുന്നത്.
ആകർഷകമായ കാഴ്ചകൾ ഒരുക്കുന്നതിനൊപ്പം ഘടനാപരമായ സുരക്ഷ നൽകുകയും ചെയ്യുന്ന തരത്തിലാണ് പാലത്തിന്റെ കാന്റിലിവർ ഡിസൈൻ രൂപകല്പന ചെയ്തിരിക്കുന്നത്. ഇതിലൂടെ നടക്കുന്ന സഞ്ചാരികൾക്ക് അവർ താഴേക്ക് വീഴുന്നതു പോലെ തോന്നുന്ന തരത്തിൽ ഒരു അനുഭവം നൽകുന്നു. അതേസമയം 2023ലാണ് വാഗമണ്ണിലെ ചില്ലുപാലം സഞ്ചാരികൾക്കായി തുറന്നു കൊടുത്തത്. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആയിരുന്നു ഉദ്ഘാടനം ചെയ്തത്. സമുദ്രനിരപ്പിൽ നിന്നും 3600 അടി ഉയരമാണ് ഇതിനുള്ളത്. 120 അടി നീളത്തിൽ ജർമനിയിൽനിന്ന് ഇറക്കുമതി ചെയ്ത ഗ്ലാസിൽ നിർമിച്ച പാലത്തിന്റെ ചിലവ് മൂന്ന് കോടിയാണ്.