Munnar Travel Guide: മൂന്നാറിൽ നീലക്കുറിഞ്ഞി കാണാൻ എവിടെ പോകണം?; വഴി തെറ്റല്ലേ, റൂട്ടുകൾ ഇതാണ്
Neelakurinji Munnar Travel Guide: കാലാവസ്ഥ അനുകൂലമായതിനാൽ നീലക്കുറിഞ്ഞി സീസൺ വിനോദ സഞ്ചാരികൾക്ക് അനുഗ്രഹമായിരിക്കുകയാണ്. എന്നാൽ മൂന്നാർ ടൗണിലേക്ക് മാത്രം ഈ മനോഹര കാഴ്ച കാണാൻ പോയിട്ട് കാര്യമില്ല. കാരണം എല്ലാ സ്ഥലങ്ങളിലും നിലവിൽ നീലക്കുറിഞ്ഞി പൂത്തു തുടങ്ങിയിട്ടില്ല. നീലക്കുറിഞ്ഞി പൂവിട്ട പ്രധാന കേന്ദ്രങ്ങളും അങ്ങോട്ടേക്ക് എത്താനുള്ള വഴിത്താരകളും നമുക്ക് നോക്കാം.
മലനിരകളെ നീലപ്പട്ടുടുപ്പിച്ച് മൂന്നാറിലും പരിസര പ്രദേശങ്ങളിലും നീലക്കുറിഞ്ഞികൾ പൂത്തുലഞ്ഞിരിക്കുകയാണ്. കുറിഞ്ഞിവസന്തം കാണാൻ സഞ്ചാരികളുടെ വൻതിരക്കാണ് ഇടുക്കിയിലെ മലനിരകളിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. കാലാവസ്ഥ അനുകൂലമായതിനാൽ നീലക്കുറിഞ്ഞി സീസൺ വിനോദ സഞ്ചാരികൾക്ക് അനുഗ്രഹമായിരിക്കുകയാണ്. എന്നാൽ മൂന്നാർ ടൗണിലേക്ക് മാത്രം ഈ മനോഹര കാഴ്ച കാണാൻ പോയിട്ട് കാര്യമില്ല. കാരണം എല്ലാ സ്ഥലങ്ങളിലും നിലവിൽ നീലക്കുറിഞ്ഞി പൂത്തു തുടങ്ങിയിട്ടില്ല. നീലക്കുറിഞ്ഞി പൂവിട്ട പ്രധാന കേന്ദ്രങ്ങളും അങ്ങോട്ടേക്ക് എത്താനുള്ള വഴിത്താരകളും നമുക്ക് നോക്കാം.
മൂന്നാറിലെ ചൊക്രമുടിയിലും മാട്ടുപ്പെട്ടി കൊരണ്ടക്കാട് കുന്നുകളിലുമാണ് 12 വർഷത്തെ കാത്തിരിപ്പിന് ശേഷം അപൂർവ്വയിനം നീലക്കുറിഞ്ഞികൾ പൂത്തുലഞ്ഞിരിക്കുന്നത്. മലനിരകൾ നീലകലർന്ന പർപ്പിൾ നിറമണിഞ്ഞതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് പ്രകൃതിസ്‌നേഹികളും സഞ്ചാരികളുമാണ് ഈ ദൃശ്യവിരുന്ന് കാണാൻ ഹൈറേഞ്ചിലേക്ക് ഒഴുകിയെത്തുന്നത്. ഗ്യാപ് റോഡിന് സമീപം സ്ഥിതിചെയ്യുന്ന ചൊക്രമുടി കുന്നുകളിലാണ് ഇത്തവണ ആദ്യമായി കുറിഞ്ഞി പൂത്ത് തുടങ്ങിയത്.
ALSO READ: ഫ്ലൈറ്റ് ഇറങ്ങി നേരെ ബസ്സിലേക്ക്; ബെംഗളൂരു വിമാനത്താവളം – കോഴിക്കോട് ഫ്ലൈ ബസ് സമയവും റൂട്ടും
മാട്ടുപ്പെട്ടി കൊരണ്ടക്കാട് പ്രദേശത്തെ സ്വകാര്യ പ്ലാന്റേഷൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഏക്കറുകളോളം വരുന്ന കുന്നിൻ പ്രദേശങ്ങളിലാണ് ഇപ്പോൾ കുറിഞ്ഞികൾ പൂത്തുലഞ്ഞുനിൽക്കുന്നത്. കൊരണ്ടക്കാട് ഹൈറേഞ്ച് സ്‌കൂളിന് സമീപത്തുനിന്ന് ആരംഭിക്കുന്ന 2 കിലോമീറ്റർ നീളുന്ന മനോഹരമായ ട്രെക്കിംഗിലൂടെ സന്ദർശകർക്ക് ഈ മനോഹരമായ വസന്തത്തിലേക്ക് എത്തിച്ചേരാം. ഈ പ്രദേശം സ്വകാര്യ തോട്ടം മേഖലയിലായതിനാൽ പ്രവേശിക്കുന്നതിനായി പ്ലാന്റേഷൻ കമ്പനിയുടെ മുൻകൂട്ടിയുള്ള അനുമതി നിർബന്ധമാണ്.
മൂന്നാർ പട്ടണം, നല്ലതണ്ണി, ഇക്ക നഗർ എന്നിവിടങ്ങളിലും പൂക്കൾ വിരിഞ്ഞുതുടങ്ങിയതായി അധികൃതർ പറയുന്നു. കാലാവസ്ഥ അനുകൂലമായി തുടരുകയാണെങ്കിൽ, വരും ആഴ്ചകളിൽ ഈ പ്രദേശങ്ങളിലേക്ക് പൂക്കൾ കൂടുതൽ വ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിനോദസഞ്ചാരികൾ അറിയാൻ
മൂന്നാറിലെ നീലക്കുറിഞ്ഞി വന്യജീവി സങ്കേതം തുറന്നതോടെ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കാണികൾക്കായി പ്രത്യേകം തയ്യാറാക്കിയ വ്യൂ പോയിന്റുകൾ തുറന്ന് വെറും 7 ദിവസത്തിനുള്ളിൽ എണ്ണായിരത്തോളം സഞ്ചാരികളാണ് ഈ കുറിഞ്ഞിവസന്തം നേരിൽ കാണാനെത്തിയത്. ഇതിലൂടെ വനംവകുപ്പിന് 7 ലക്ഷത്തിലധികം രൂപയുടെ വരുമാനവും ലഭിച്ചു. സെപ്റ്റംബർ 30 വരെ നീലക്കുറിഞ്ഞിപ്പൂക്കൾ മലനിരകളിൽ തുടരുമെന്നാണ് ടൂറിസം ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. പശ്ചിമഘട്ടത്തിന്റെ ഈ അപൂർവ്വ ദൃശ്യവിരുന്ന് ആസ്വദിക്കാൻ യാത്രാപ്രേമികൾക്ക് വരും ദിവസങ്ങളിലും അവസരമുണ്ടാകും.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ വണ്ണിൽ പെട്ട സസ്യമാണ് നീലക്കുറിഞ്ഞി. പൂക്കളും ചെടികളും പറിക്കുന്നതും നശിപ്പിക്കുന്നതും 25,000 രൂപ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ചെടികൾ നശിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് ദേവികുളം റേഞ്ചർ ഇഡി അരുൺകുമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
English Summary:
The hills of Munnar have draped themselves in a mesmerising shade of bluish purple as the rare Neelakurinji flowers begin to blanket the landscapes of Chokramudi and the Mattupetty Korandakkad hills.