Thiruvananthapuram: തിരുവനന്തപുരം എങ്ങനെ ‘നിത്യഹരിത നഗരമായി’?; മഹാത്മാഗാന്ധി നൽകിയ ആ വിശേഷണത്തിന് പിന്നിലെ കഥ ഇതാ
Thiruvananthapuram Evergreen City: കോൺക്രീറ്റ് കെട്ടിടങ്ങൾ കുമിഞ്ഞു കൂടുന്ന മിക്ക നഗരങ്ങളിൽ നിന്നും വൃത്യസ്തമായി പ്രകൃതിയെ ചേർത്തുപിടിക്കുന്ന ഈ നഗരം ശ്വസിക്കാൻ ശുദ്ധവായുവും ശാന്തമായ ജീവിതസാഹചര്യവും പ്രദാനം ചെയ്യുന്നു. അടിസ്ഥാന സൗകര്യങ്ങൾ, മികച്ച ആരോഗ്യ മേഖല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തിരുവനന്തപുരത്തെ താമസിക്കാൻ ഏറ്റവും മികച്ച നഗരമാക്കി മാറ്റുന്നു.

Thiruvananthapuram
ഇന്ത്യയിലെ ‘നിത്യഹരിത നഗരം’ (Evergreen City of India) എന്ന ഖ്യാതിയോടെ തലയുയർത്തി നിൽക്കുന്ന നഗരമാണ് കേരളത്തിന്റെ ഹൃദയഭാഗമായ തിരുവനന്തപുരം. പ്രകൃതി സൗന്ദര്യം, ശാന്തമായ അന്തരീക്ഷം, സുസ്ഥിരമായ വികസനം എന്നിവയാൽ സമ്പന്നമായ ഈ നഗരം പണ്ടുമുതൽക്കെ ഏവരുടെയും മനം കവരുന്നയിടമാണ്. പശ്ചിമഘട്ടത്തിന്റെ പച്ചപ്പിനും അറബിക്കടലിന്റെ നീലിമയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം, പ്രകൃതിയും ആധുനികതയും എങ്ങനെ കൈകോർക്കുന്നു എന്നതിന് മികച്ച ഉദാഹരണമാണ്.
വൃക്ഷങ്ങൾ നിറഞ്ഞ പാതകളും തീരദേശത്തെ കുളിർമയും ഈ നഗരത്തിന് ഒരു പ്രത്യേക മനോഹാരിത നൽകുന്നു. പണ്ടൊരിക്കെ ഗാന്ധിജിയാണ് ഈ നഗരത്തെ ‘നിത്യഹരിത നഗരം’ എന്ന് വിശേഷിപ്പിച്ചത്. ഇവിടുത്തെ മലനിരകളുടെയും താഴ്വരകളുടെയും പച്ചപ്പ് കണ്ടിട്ടാണ് അന്ന് അദ്ദേഹം ആ വിശേഷണം നൽകിയത്. കോൺക്രീറ്റ് കെട്ടിടങ്ങൾ കുമിഞ്ഞു കൂടുന്ന മിക്ക നഗരങ്ങളിൽ നിന്നും വൃത്യസ്തമായി പ്രകൃതിയെ ചേർത്തുപിടിക്കുന്ന ഈ നഗരം ശ്വസിക്കാൻ ശുദ്ധവായുവും ശാന്തമായ ജീവിതസാഹചര്യവും പ്രദാനം ചെയ്യുന്നു.
അടിസ്ഥാന സൗകര്യങ്ങൾ, മികച്ച ആരോഗ്യ മേഖല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തിരുവനന്തപുരത്തെ താമസിക്കാൻ ഏറ്റവും മികച്ച നഗരമാക്കി മാറ്റുന്നു. തലസ്ഥാന നഗരം എന്നതിലുപരി, ലോകപ്രശസ്തമായ പത്മനാഭസ്വാമി ക്ഷേത്രം മുതൽ നീലക്കടൽ തിരതല്ലുന്ന കോവളം തീരം വരെ, ഈ നഗരം ഓരോ സഞ്ചാരിക്കും സമ്മാനിക്കുന്നത് വിസ്മയകരമായ കാഴ്ചകളാണ്.
ALSO READ: കടൽ കടന്നെത്തിയ വിജ്ഞാനം, വിളക്കത്തിരുന്ന പഠനം; പൊന്നാനി എങ്ങനെ മലബാറിൻ്റെ മക്കയായി?
ചരിത്രവും വിശ്വാസവും ഒത്തുചേരുന്ന ഇടങ്ങൾ
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം: ലോകത്തിലെ ഏറ്റവും സമ്പന്നമായ ഈ ക്ഷേത്രം അതിന്റെ ശില്പഭംഗി കൊണ്ടും വിശ്വാസം കൊണ്ടും ഏവരെയും ആകർഷിക്കുന്നു. അനന്തപത്മനാഭൻ്റെ ദർശനം തേടി നിരവധി ആളുകളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.
കുതിരമാളിക (പുത്തൻമാളിക): പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഈ കൊട്ടാരം തിരുവിതാംകൂർ രാജഭരണത്തിന്റെ പ്രതാപം വിളിച്ചോതുന്നതാണ്. 19-ാം നൂറ്റാണ്ടിൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതി തിരുനാൾ ബാലരാമവർമ്മയാണ് ഈ മനോഹരമായ കൊട്ടാരം നിർമ്മിച്ചത്.
കോവളം ബീച്ച്: വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായ കോവളത്തെ ലൈറ്റ് ഹൗസ് ബീച്ച് സൂര്യാസ്തമയം കാണാൻ ഏറ്റവും അനുയോജ്യമായ ഇടമാണ്.
പൊന്മുടി: നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയെ സ്നേഹിക്കാൻ പറ്റിയ അതിമനോഹരമായ സ്ഥലമാണ് പൊൻമുടി. മഞ്ഞു മൂടിയ കുന്നുകളും തേയിലത്തോട്ടങ്ങളും ആസ്വദിക്കാൻ പൊന്മുടിയിലേക്ക് യാത്ര പോകാവുന്നതാണ്.
വർക്കല പാപനാശം ബീച്ച്: കടലിനോട് ചേർന്ന് നിൽക്കുന്ന വലിയ ക്ലിഫുകളാണ് വർക്കലയുടെ പ്രത്യേകത. ദിവസേന കടലിൻ്റെ വിസ്മയ കാഴ്ച്ചകൾ തേടി നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.
മ്യൂസിയവും മൃഗശാലയും: ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്നതും മനോഹരവുമായ മൃഗശാലകളിൽ ഒന്നാണ് തിരുവനന്തപുരത്തേത്. ഇതിനോട് ചേർന്നുള്ള നേപ്പിയർ മ്യൂസിയം വാസ്തുവിദ്യയുടെ വിസ്മയമാണ്.
മാജിക് പ്ലാനറ്റ്: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഏഷ്യയിലെ ആദ്യത്തെ മാജിക് അക്കാദമിയാണ് തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്നത്.
മറ്റ് കാഴ്ചകൾ: വെള്ളായണി കായൽ, ആക്കുളം ടൂറിസ്റ്റ് വില്ലേജ്, ശംഖുമുഖം ബീച്ച് എന്നിവയും സന്ദർശകരുടെ പ്രിയപ്പെട്ട ഇടമായി മാറിക്കഴിഞ്ഞു.