Year Ender 2025: വിദേശ സഞ്ചാരികളുടെ ഹൃദയം കവർന്ന ഇന്ത്യയിലെ സ്ഥലങ്ങളും നിമിഷങ്ങളും
Viral Foreigners Travel Video In 2025: വൈവിധ്യമാർന്ന സംസ്കാരങ്ങളും ഭക്ഷണവും ഭൂപ്രകൃതിയുമെല്ലാം സഞ്ചാരികളെ മാടിവിളിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. വിദേശ സഞ്ചാരികളെ സംബന്ധിച്ച് ഇന്ത്യയിലൂടെയുള്ള യാത്രയിൽ പല വെല്ലുവിളികളും നേരിടേണ്ടി വരാറുണ്ട്. അത്തരത്തിൽ ഇക്കൊല്ലം വിദേശ സഞ്ചാരികളുടെ പോസ്റ്റിലൂടെ വൈറലായ ചില സ്ഥലങ്ങൾ പരിചയപ്പെടാം.
ഇന്ത്യയിലേക്ക് വർഷംന്തോറും നിരവധി വിദേശ വിനോദ സഞ്ചാരികളാണ് ഒഴികിയെത്തുന്നത്. 2025 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴും, ഈ എണ്ണത്തിൽ യാതൊരു കുറവും സംഭവിച്ചിട്ടില്ല. വൈവിധ്യമാർന്ന സംസ്കാരങ്ങളും ഭക്ഷണവും ഭൂപ്രകൃതിയുമെല്ലാം സഞ്ചാരികളെ മാടിവിളിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. വിദേശ സഞ്ചാരികളെ സംബന്ധിച്ച് ഇന്ത്യയിലൂടെയുള്ള യാത്രയിൽ പല വെല്ലുവിളികളും നേരിടേണ്ടി വരാറുണ്ട്. അത്തരത്തിൽ ഇക്കൊല്ലം വിദേശ സഞ്ചാരികളുടെ പോസ്റ്റിലൂടെ വൈറലായ ചില സ്ഥലങ്ങൾ പരിചയപ്പെടാം.
ഇവിടുത്തെ ഭക്ഷണം, ആളുകൾ, താമസം, യാത്ര തുടങ്ങി പല കാര്യങ്ങളിലെയും വ്യത്യസ്തത അനുഭവിച്ചറിയാനാണ് വിദേശ സഞ്ചാരികൾ ഇവിടേക്ക് എത്തുന്നത്. ചില സ്ഥലങ്ങളാകട്ടെ വിദേശികളുടെ മനസ് കവർന്ന സ്ഥലങ്ങളും ധാരാളമാണ്. അവരുടെ അനുഭവങ്ങൾ മറ്റ് സഞ്ചാരികൾക്കിടയിലും ഇന്ത്യൻ വിനോദ സഞ്ചാര മേഖലയിൽ വലിയ മതിപ്പാണ് ഉളവാക്കിയത്.
ഓസ്‌ട്രേലിയൻ വ്‌ളോഗറിൻ്റെ യാത്ര
അതിഥികളെ തുറന്ന മനസ്സോടെ സ്വീകരിക്കുന്നവരാണ് ഇന്ത്യക്കാർ. ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയെക്കുറിച്ച് തുറന്നുപറഞ്ഞ ഓസ്‌ട്രേലിയൻ വ്‌ളോഗറിൻ്റെ വീഡിയോ വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. ഇന്ത്യയിൽ നിന്ന് മറക്കാനാകാത്ത അനുഭവങ്ങളാണ് തനിക്ക് ലഭിച്ചെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് ഡങ്കൻ മക്നോട്ട് പുറത്തുവിട്ടത്.
യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെ അപരിചിതർ പോലും ഭക്ഷണം നൽകാനും വഴി കാണിക്കാനും തയ്യാറാകുന്നത് ഇന്ത്യയുടെ സവിശേഷമായ സംസ്കാരമാണെന്നും യുവാവ് പറഞ്ഞു. മണിപ്പൂരിലെ കാഴ്ച്ചകളും പ്രകൃതി സൗന്ദര്യവും അദ്ദേഹത്തിൻ്റെ വീഡിയോയിൽ നിറഞ്ഞുനിൽക്കുകയായിരുന്നു. രാജ്യത്തിൻ്റെ സൗന്ദര്യം കൂടുതൽ ആസ്വദിക്കാൻ മറ്റ് സ്ഥലങ്ങളും നിങ്ങൾ സന്ദർശിക്കണമെന്നായിരുന്നു അദ്ദേഹം വീഡിയോയിലൂടെ പങ്കുവച്ചത്.
ALSO READ: ഗോവയ്ക്ക് പോയാലോ… അതും ട്രെയിനിൽ; സ്പെഷ്യൽ ട്രെയിൻ, കേരളത്തിൽ 18 സ്റ്റോപ്പുകൾ
ഓസ്ട്രേലിയൻ വനിതയുടെ യാത്രാ അനുഭവം
ഓടുന്ന ട്രെയിനിൽ ഭക്ഷണം ഓർഡർ ചെയ്ത് കിട്ടിയ സന്തോഷം പങ്കുവച്ചുകൊണ്ടാണ് മറ്റൊരു ഓസ്ട്രേലിയൻ വിദേശ വനിത സമൂഹ മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചത്. ഭക്ഷണത്തിന്റെ ഗുണനിലവാരവും വിതരണത്തിലെ പോരായ്മകളെയും കുറിച്ച് യാത്രക്കാർക്കിടയിൽ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ റെയിൽവേയുടെ ഡെലിവറി സൗകര്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയാണ് വീഡിയോയിലൂടെ ബെക്ക് മക്കോൾ എന്ന യുവതി. വീഡിയോ ഓട്ടേറെ പേർ പങ്കുവച്ചതോടെ വിദേശ യാത്രക്കാരിയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയ്ക്ക് വഴിവയ്ക്കുകയായിരുന്നു.
ക്രിസും ഫ്ലോയും വൈറലാക്കിയ ട്രെയിൻ യാത്ര
35-ൽ അധികം രാജ്യങ്ങൾ സന്ദർശിച്ച ശേഷം ഇന്ത്യയിലെത്തിയ ക്രിസ്, ഫ്ലോ എന്നീ വിദേശികളായ ദമ്പതികളാണ് ഇന്ത്യൻ റെയിൽവേയുടെ ഫസ്റ്റ് ക്ലാസ് ട്രെയിനിൽ യാത്ര ചെയ്ത ഏറ്റവും മനോഹരമായ അനുഭവം പങ്കുവച്ചത്. അക്ഷരാർത്ഥത്തിൽ ഇരുവരെയും ഞെട്ടിക്കുന്ന തരത്തിലായിരുന്നു ഫസ്റ്റ് ക്ലാസ് സ്ലീപ്പർ ക്യാബിനിലെ സൗകര്യങ്ങളെന്നാണ് അവർ പങ്കുവച്ച വീഡിയോയിൽ പറയുന്നത്.
ജയ്പൂർ-ആഗ്ര റൂട്ടിലാണ് എയർ കണ്ടീഷൻ ചെയ്ത ഫസ്റ്റ് ക്ലാസ് സ്ലീപ്പറിൽ നാല് മണിക്കൂറോളം ഇവർ യാത്ര ചെയ്തത്. വൃത്തിയുള്ള കിടക്കകൾ, വലിയ ഗ്ലാസ് വിൻഡോ, നിവർന്നിരിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യപ്രദമായ ഇടം, ഭക്ഷണം എന്നിവയെക്കുറിച്ച് ഇരുവരും വീഡിയോയിൽ പറയുന്നുണ്ട്. ഇന്ത്യൻ റെയിൽവേ എന്ന സങ്കൽപ്പത്തെ മാറ്റിമറിച്ചുകൊണ്ടുള്ള വീഡിയോയാണ് ഇരുവരും പങ്കുവച്ചത്. യാത്രയിലുടനീളം ഇന്ത്യയുടെ ഭംഗിയാസ്വദിക്കാൻ സാധിച്ചതായും ക്രിസും ഫ്ലോയും പറഞ്ഞു.
സ്കോട്ടിഷുകാരൻ്റെ കൊച്ചി വാട്ടർ മെട്രോ യാത്ര
ഫോർട്ട് കൊച്ചിക്കും ഹൈക്കോടതി ടെർമിനലിനും ഇടയിലുള്ള വാട്ടർ മെട്രോയെ വാനോളം പുകഴ്ത്തിയാണ് സ്കോട്ടിഷ് വ്ലോഗറായ യുവാവ് കേരളത്തിൽ നിന്ന് മടങ്ങിയത്. അമ്പരിപ്പിക്കുന്ന സൗകര്യങ്ങളാണ് വെറും 40 രൂപയ്ക്ക് കൊച്ചി വാട്ടർ മെട്രോയിൽ അദ്ദേഹത്തെ ആകർഷിച്ചത്. എസി, ഫോൺ ചാർജിംഗ് പോർട്ടുകൾ, വിശാലമായ ഇരിപ്പിടങ്ങൾ തുടങ്ങി എല്ലാം പകർത്തിയ വീഡിയോയും വ്ലോഗർ പങ്കുവച്ചിരുന്നു. കൊച്ചിയുടെ കായലിൻ്റെ കാഴ്ച്ച ആസ്വദിക്കാൻ ഇതിലും മികച്ചൊരു മാർഗം വേറെയില്ലെന്നാണ് യുവാവിൻ്റെ വിലയിരുത്തൽ.