BCCI: നോക്കൗട്ട് റൗണ്ടിന് പകരം സൂപ്പർ ലീഗ്; ആഭ്യന്തര ടൂർണമെൻ്റുകളുടെ ഘടനയിൽ മാറ്റം വരുത്തി ബിസിസിഐ
Revamped Domestic Cricket Structure: ആഭ്യന്തര ക്രിക്കറ്റ് ടൂർണമെൻ്റുകളുടെ ഘടനയിൽ മാറ്റം. നോക്കൗട്ടിന് പകരം സൂപ്പർ ലീഗ് ഘട്ടം ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.

ആഭ്യന്തര ടൂർണമെൻ്റുകളുടെ ഘടനയിൽ മാറ്റം വരുത്തി ബിസിസിഐ. ഇക്കൊല്ലം ഏപ്രിൽ 28ന് ദുലീപ് ട്രോഫി മുതലാണ് 2025/26 ആഭ്യന്തര സീസൺ ആരംഭിക്കുക. സീനിയർ വിമൻസ് വൺ ഡേ ട്രോഫിയോടെ സീസണിൺ അവസാനിക്കും. 2026 ഫെബ്രുവരി 16ഓടെ സീസൺ അവസാനിക്കും. (Image Courtesy- Pexels)

ദുലീപ് ട്രോഫി സോണൽ ടീമുകളിലേക്ക് മാറും. സോണൽ ടീമുകളാവും പരസ്പരം മത്സരിക്കുക. ആഭ്യന്തര ടി20 ലീഗായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ഘടനയിലും മാറ്റമുണ്ട്. പരമ്പരാഗത നോക്കൗട്ട് റൗണ്ടിന് പകരം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഇനി മുതൽ സൂപ്പർ ലീഗ് ആവും ഉണ്ടാവുക.

ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് യോഗ്യത നേടിയ എട്ട് ടീമുകളെ നാല് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളാക്കി തിരിക്കും. അതാത് ഗ്രൂപ്പുകളിലെ ടീമുകൾ പരസ്പരം ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പിലും ആദ്യ സ്ഥാനങ്ങളിൽ വരുന്ന ഓരോ ടീമുകൾ ഫൈനൽ കളിക്കും. വനിതാ ടി20യും ഇതേ ഘടനയിലാണ് നടക്കുക.

വിജയ് ഹസാരെ ട്രോഫി, സീനിയർ വിമൻസ് വൺ ഡേ ട്രോഫി, മെൻസ് അണ്ടർ 23 ട്രോഫി എന്നീ ടൂർണമെൻ്റുകളിൽ നാല് എലീറ്റ് ഗ്രൂപ്പുകളും ഒരു പ്ലേറ്റ് ഗ്രൂപ്പും ഉണ്ടാവും. കഴിഞ്ഞ സീസണിൽ എട്ട് ടീമുകളുള്ള മൂന്ന് ഗ്രൂപ്പും ഏഴ് ടീമുകളുള്ള രണ്ട് ഗ്രൂപ്പുകളുമാണ് ഉണ്ടായിരുന്നത്. ഇത് മാറ്റിയാണ് പുതിയ ഘടന.

റാങ്കിംഗ്, നെറ്റ് റൺ റേറ്റ് തുടങ്ങി വിവിധ കാര്യങ്ങൾ പരിഗണിച്ചാണ് ടീമുകളുടെ ഗ്രൂപ്പുകൾ തീരുമാനിക്കുക. റാങ്കിംഗ് കുറവുള്ള ടീമുകൾ പ്ലേറ്റ് ഗ്രൂപ്പിലാവും കളിക്കുക. പരിമിത ഓവർ ടൂർണമെൻ്റുകളിലൊക്കെ ഈ രീതിയാവും പരിഗണിക്കുക. ഇക്കാര്യം ബിസിസിഐ തന്നെ കഴിഞ്ഞ ദിവസം അറിയിച്ചു.