BTS RM, V: സൈനിക സേവനം പൂർത്തിയാക്കി ആർഎമ്മും വിയും, ഇനിയുള്ളത് മൂന്ന് പേർ; ചിത്രങ്ങൾ വൈറൽ
BTS's RM and V: ബിടിഎസിന്റെ അംഗങ്ങളായ ആർഎമ്മും വിയും രണ്ട് വർഷത്തെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി തിരികെയെത്തി. ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

ലോകം മുഴുവൻ ആരാധകരുള്ള സൗത്ത് കൊറിയൻ ബാൻഡാണ് ബിടിഎസ്. ഏഴ് അംഗങ്ങളടങ്ങിയ ഈ കെ- പോപ്പ് ബാൻഡ് യുവാക്കൾക്കിടയിൽ ഏറെ ശ്രദ്ധേയമാണ്. പാട്ടുകളിലൂടെയും നൃത്തങ്ങളിലൂടെയും അവർ ലോകത്തിന് മുന്നിൽ വ്യത്യസ്ത സന്ദേശങ്ങൾ പങ്ക് വയ്ക്കുന്നു.

ലോകമെമ്പാടുമുള്ള ബിടിഎസ് ആരാധകവൃന്ദമായ ആർമിക്ക് ഇന്ന് ഇരട്ടി സന്തോഷമാണ്. ബിടിഎസിന്റെ അംഗങ്ങളായ ആർഎമ്മും ( കിം നാം-ജൂൻ ) വിയും ( കിം തെയ്-ഹ്യുങ് ) രണ്ട് വർഷത്തെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി തിരികെയെത്തി.

ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ആർഎമ്മിനും വിയ്ക്കും ഒപ്പം ജിന്നും ചേർന്ന ലൈവ് വിഡിയോ ലക്ഷങ്ങളാണ് കണ്ടിരിക്കുന്നത്. കൂടാതെ ജെ- ഹോപ്പും ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്ക് വച്ചിരുന്നു.

2023 നവംബർ 22-നായിരുന്നു ബിടിഎസ് കമ്പനിയായ ബിഗ്ഹിറ്റ് മ്യൂസിക് BIGHIT മ്യൂസിക്, ആർഎമ്മും വിയും നിർബന്ധിത സൈനിക സേവനം നിർവഹിക്കുന്നതിനുള്ള എൻറൈൽമെന്റ് പ്രക്രിയ ആരംഭിച്ചതായി പ്രഖ്യാപിച്ചത്.

ഡിസംബർ 11-ന് ഇരുവരും സൈനിക സേവനം ആരംഭിച്ചു. ആർഎം ആക്ടീവ് ഡ്യൂട്ടി സൈനികനായി സേവനമനുഷ്ഠിച്ചപ്പോൾ, വി മിലിട്ടറി പോലീസ് കോർപ്സിന്റെ സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് കീഴിലാണ് സേവനമനുഷ്ഠിച്ചത്.

ജൂൺ മാസം ബിടിഎസിന്റേതാണ്. കാരണം, ജൂൺ അവസാനത്തോടെ ബിടിഎസിലെ മുഴുവൻ അംഗങ്ങളും മടങ്ങിയെത്തും. ജൂൺ 11ന്, നാളെ ബിടിഎസിലെ ഇളയ അംഗങ്ങളായ ജിമിൻ, ജംഗ്കുക്ക് എന്നിവർ തിരികെ എത്തും.

ബിടിഎസിലെ മറ്റൊരു അംഗമായ ഷുഗ ജൂൺ 21നാണ് സൈനിക സേവനം പൂർത്തിയാക്കുന്നത്. ദക്ഷിണ കൊറിയയിലെ നിയമമനുസരിച്ച് 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും നിർബന്ധമായും സൈനിക സേവനത്തിലേര്‍പ്പെട്ടിരിക്കേണ്ടതുണ്ട്.